

മാഞ്ചസ്റ്റര്‍: ടെസ്റ്റില്‍ വിജയിക്കില്ലെന്നു ഉറപ്പായതോടെ സമനില സമ്മതിച്ച് കളി തീര്‍ക്കാനുള്ള ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ ശ്രമത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ ആശ്വിന്‍. രവീന്ദ്ര ജഡേജ 89 റണ്‍സിലും വാഷിങ്ടന്‍ സുന്ദര്‍ 80 റണ്‍സിലും നില്‍ക്കെയാണ് സ്റ്റോക്‌സ് സമനിലയ്ക്കായി ശ്രമിച്ചത്. എന്നാല്‍ ക്രീസിലുള്ള ഇരു താരങ്ങളും സെഞ്ച്വറിയടിച്ച ശേഷം കളി പിരിഞ്ഞാല്‍ മതിയെന്ന ഇന്ത്യന്‍ തീരുമാനത്തെ ക്രിക്കറ്റ് ലോകം ഒന്നടങ്കം പിന്തുണച്ചു.
'ഇരട്ടത്താപ്പ് എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇന്ത്യന്‍ താരങ്ങള്‍ സെഞ്ച്വറി അടിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ കളി എത്രയും പെട്ടെന്ന് സമനിലയില്‍ അവസാനിപ്പിക്കാനാണ് ഇംഗ്ലണ്ട് നോക്കിയത്. അതിനൊന്നും നിന്നു കൊടുക്കേണ്ട ബാധ്യത ഇന്ത്യന്‍ താരങ്ങള്‍ക്കില്ല. അവര്‍ കഠിനനാധ്വാനം ചെയ്താണ് മികച്ച ഇന്നിങ്‌സ് കെട്ടിപ്പൊക്കിയത്. അര്‍ഹിച്ച സെഞ്ച്വറി അവരെന്തിനു വേണ്ടെന്നു വയ്ക്കണം. ഞാനായിരുന്നു ക്യാപ്റ്റനെങ്കില്‍ അഞ്ചാം ദിനത്തിലെ അവശേഷിച്ച 15 ഓവറും കളിക്കുമായിരുന്നു.'
നാലാം ടെസ്റ്റിന്റെ അവസാന മണിക്കൂറിലാണ് നാടകീയ സംഭവങ്ങള്‍. ജയം ഇരു പക്ഷത്തിനും കിട്ടില്ലെന്നു ഉറപ്പായപ്പോഴാണ് സ്‌റ്റോക്‌സ് സമനിലയില്‍ അവസാനിപ്പിക്കാമെന്ന നിലപാടുമായി ജഡേജയ്ക്കരികിലെത്തിയത്. എന്നാല്‍ സെഞ്ച്വറി അടിച്ച് അവസാനിപ്പിക്കാമെന്നായിരുന്നു ഇന്ത്യ നിലപാടെടുത്തത്. ഇന്ത്യ സമനിലയ്ക്ക് ആ സമയത്ത് സമ്മതിക്കാഞ്ഞത് ഇംഗ്ലണ്ട് ക്യാപ്റ്റനെ അസ്വസ്ഥനാക്കിയിരുന്നു. ബൗളര്‍മാര്‍ പന്തെറിഞ്ഞ് ക്ഷീണിച്ചതിനാല്‍ അവര്‍ക്ക് പരിക്കേല്‍ക്കണ്ട എന്നു കരുതിയാണ് നേരത്തെ കളി അവസാനിപ്പിക്കാമെന്ന നിലപാടിലെത്തിയതെന്നു സ്‌റ്റോക്‌സ് പിന്നീട് വ്യക്തമാക്കി.
കളി തുടരാന്‍ അംപയര്‍ തീരുമാനിച്ചപ്പോള്‍ അതുവരെ പന്തെറിയാതിരുന്ന ഹാരി ബ്രൂക്കിനെയാണ് സ്റ്റോക്‌സ് ബൗള്‍ ചെയ്യാന്‍ നിയോഗിച്ചത്.
'ഹാരി ബ്രൂക്കിനെതിരെ നിങ്ങള്‍ സെഞ്ച്വറിയടിക്കുമോ എന്നാണ് സ്‌റ്റോക്‌സ് ജഡേജയോടു ചോദിച്ചത്. ആരാണ് ബ്രൂക്കിനെ കൊണ്ടു തന്നെ എറിയിക്കണമെന്നു നിങ്ങളോടു പറഞ്ഞത്. ആ തീരുമാനം നിങ്ങള്‍ തന്നെയല്ലേ എടുക്കേണ്ടത്. അല്ലാതെ സ്റ്റീവ് ഹാര്‍മിസനെ, ആന്‍ഡ്രു ഫ്‌ളിന്റോഫിനെയൊക്കെ കൊണ്ട് വീണ്ടും പന്തെറിഞ്ഞാണ് സെഞ്ച്വറിയടിക്കേണ്ടത്. ബൗളിങ് മാറ്റം തീരുമാനിക്കുന്നത് നിങ്ങളാണ് ഇന്ത്യയല്ല. ഇത് ടെസ്റ്റ് മത്സരം കളിച്ചു നേടുന്ന സെഞ്ച്വറിയാണ്. അല്ലാതെ ആരും സമ്മാനം തരുന്നതല്ല. ജഡേജയും വാഷിങ്ടനും സെഞ്ച്വറി നേട്ടം അര്‍ഹിച്ചിരുന്നു. ആ ഘട്ടത്തില്‍ സമനില വളിക്കുന്നതിനോടു വിയോജിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്.'
'നിങ്ങളുടെ ബൗളര്‍മാര്‍ പന്തെറിഞ്ഞു ക്ഷീണിച്ചിരുന്നു. അതാണ് പെട്ടെന്നു നിര്‍ത്താനുള്ള ആഗ്രഹത്തിനു പിന്നിലെ ഒന്നാമത്തെ കാരണം. രണ്ടാമത് നിങ്ങള്‍ മത്സര ഫലത്തില്‍ കടുത്ത നിരാശയിലായിരുന്നു. നിങ്ങള്‍ നിരാശപ്പെട്ടു നില്‍ക്കുന്നു. അതിനാല്‍ മറ്റുള്ളവരും സന്തോഷിക്കരുത് എന്നാണ് നിങ്ങളുടെ മനോഭാവം. ക്രിക്കറ്റ് ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ് പ്രവര്‍ത്തിക്കുന്നത്'- അശ്വിന്‍ തന്റെ യുട്യൂബ് ചാനലിലൂടെ രോഷത്തോടെ പ്രതികരിച്ചു.
സംഭവത്തില്‍ ക്രിക്കറ്റ് ലോകം മുഴുവന്‍ ഇന്ത്യന്‍ തീരുമാനത്തിനൊപ്പമായിരുന്നു. മുഴുവന്‍ ഓവറും കളിക്കണമായിരുന്നു എന്ന നിലപാടാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ഗാവസ്‌കര്‍ പങ്കിട്ടത്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് ഇന്ത്യയുടേത് മികച്ച പ്രകടനമായിരുന്നുവെന്നും സമനില ടീമിനു നല്ല ആത്മവിശ്വാസം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിനും ഇന്ത്യയുടെ പോരാട്ട വീര്യത്തെ അഭിനന്ദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
