

മാഞ്ചസ്റ്റര്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം നല്‍കി ഓപ്പണര്‍മാര്‍. ഇരുവരും അര്‍ധ സെഞ്ച്വറികളുമായി കളം വാഴുന്നു. ഇരുവരേയും പുറത്താക്കാനുള്ള വഴികൾ തേടുകയാണ് ഇന്ത്യ. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 157 റണ്‍സെന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 358 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇംഗ്ലണ്ട് ബാറ്റിങ് തുടങ്ങിയത്.
സാക് ക്രൗളി ഒടുവില്‍ ഫോമിലേക്കെത്തിയതാണ് ഇംഗ്ലണ്ടിന് ആശ്വാസമായത്. താരം 79 റണ്‍സുമായി നില്‍ക്കുന്നു. സഹ ഓപ്പണര്‍ ബെന്‍ ഡക്കറ്റ് 71 റണ്‍സുമായും ക്രീസില്‍.
നേരത്തെ മൂന്ന് അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ഇന്ത്യ 358 റണ്‍സിലെത്തിയത്. ഒന്നാം ദിനം പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് രണ്ടാം ദിനം പരിക്ക് വകവയ്ക്കാതെ ക്രീസിലെത്തി അര്‍ധ സെഞ്ച്വറിയടിച്ചു. താരം 75 പന്തില്‍ 3 ഫോറും 2 സിക്‌സും സഹിതം 54 റണ്‍സെടുത്തു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍ എന്നിവരും അര്‍ധ സെഞ്ച്വറി നേടി.
സായ് ടോപ് സ്‌കോററായി താരം 61 റണ്‍സെടുത്തു. ടെസ്റ്റ് കരിയറിലെ കന്നി അര്‍ധ സെഞ്ച്വറിയാണ് തമിഴ്‌നാട് ബാറ്റര്‍ മാഞ്ചസ്റ്ററില്‍ നേടിയത്. യശസ്വി ജയ്‌സ്വാള്‍ 58 റണ്‍സും കണ്ടെത്തി. കെഎല്‍ രാഹുല്‍ 46 റണ്‍സും ശാര്‍ദുല്‍ ഠാക്കൂര്‍ 41 റണ്‍സും സ്വന്തമാക്കി. വാഷിങ്ടന്‍ സുന്ദര്‍ 27 റണ്‍സുമായി മടങ്ങി.
ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ബൗളിങില്‍ തിളങ്ങി. താരം 5 വിക്കറ്റുകള്‍ നേടി. ജോഫ്ര ആര്‍ച്ചര്‍ 3 വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ക്രിസ് വോക്‌സ്, ലിയാം ഡോവ്‌സന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ഇന്ന് സ്‌കോര്‍ 266ല്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് അഞ്ചാം വിക്കറ്റ് നഷ്ടമായി. രവീന്ദ്ര ജഡേജയാണ് പുറത്തായത്. താരം 40 പന്തില്‍ 20 റണ്‍സുമായി മടങ്ങി. ജോഫ്ര ആര്‍ച്ചറാണ് ജഡേജയെ മടക്കിയത്. പിന്നാലെ വാഷിങ്ടന്‍ സുന്ദറിനെ കൂട്ടുപിടിച്ച് ശാര്‍ദുല്‍ ഠാക്കൂര്‍ പോരാട്ടം നയിച്ചു. താരം അര്‍ധ സെഞ്ച്വറിയിലേക്ക് നീങ്ങുന്നതിനിടെ മടങ്ങി. ശാര്‍ദുല്‍ 41 റണ്‍സ് കണ്ടെത്തി. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സാണ് ശാര്‍ദുലിനെ മടക്കിയത്.
ഒന്നാം ദിനത്തില്‍ കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അതിനിടെ ഋഷഭ് പന്ത് കാലിന് പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഒന്നാം ദിനം ആദ്യ സെഷനില്‍ മികച്ച തുടക്കമിട്ട ഇന്ത്യയ്ക്ക് പിന്നീടുള്ള രണ്ട് സെഷനുകളിലും തിരിച്ചടിയേറ്റു. ഓപ്പണര്‍മാരായ രാഹുലും ജയ്‌സ്വാളും വിക്കറ്റ് നഷ്ടമില്ലാതെ ആദ്യ സെഷന്‍ പൂര്‍ത്തിയാക്കി. പിന്നാലെ 98 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ക്രിസ് വോക്‌സ് ആണ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കിയത്.
പിന്നാലെയെത്തിയ സായ് സുദര്‍ശനുമായി ചേര്‍ന്ന് ബാറ്റിങ് തുടര്‍ന്ന ജയ്‌സ്വാള്‍ ഇന്ത്യന്‍ സ്‌കോര്‍ മുന്നിലേക്ക് നീക്കി. അര്‍ധശതകം പൂര്‍ത്തിയാക്കിയയുടനെ ജയ്‌സ്വാളിനെ ലിയാം ഡോവ്‌സന്‍ മടക്കിയയച്ചു. 107 പന്തില്‍ നിന്ന് 10 ബൗണ്ടറിയടക്കം 58 റണ്‍സായിരുന്നു ജയ്സ്വാളിന്റെ സമ്പാദ്യം. പിന്നാലെയിറങ്ങിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് കാര്യമായ സംഭവനയൊന്നും നല്‍കാനായില്ല. 23 പന്തില്‍ 12 റണ്‍സുമായി നില്‍ക്കേ ഗില്ലിനെ ഇംഗ്ലണ്ട് സ്റ്റോക്സാണ് പുറത്താക്കിയത്.
നാലാം വിക്കറ്റില്‍ ഒന്നിച്ച സായ് സുദര്‍ശന്‍ - ഋഷഭ് പന്ത് സഖ്യം ഇന്ത്യന്‍ ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. അതിനിടെ ക്രിസ് വോക്സിന്റെ പന്തില്‍ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച് പന്തിന്റെ കാലിന് പരിക്കേറ്റു. കാലില്‍ നിന്ന് ചോരപൊടിയുന്നുമുണ്ടായിരുന്നു. കാല്‍ നിലത്തുകുത്താന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു പന്ത്. തുടര്‍ന്ന് സ്റ്റേഡിയത്തിലെ ബഗ്ഗി ആംബുലന്‍സ് എത്തിയാണ് പന്തിനെ പുറത്തേക്ക് കൊണ്ടുപോയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
