ഒടുവിൽ ആകാശ് ദീപിനെ വീഴ്ത്തി ഇംഗ്ലണ്ട്; മികച്ച ലീഡിനായി ഇന്ത്യ
ഓവല്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ മികച്ച ലീഡ് സ്വന്തമാക്കാനായി ഇന്ത്യ പൊരുതുന്നു. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെന്ന നിലയില്‍. ഇന്ത്യക്ക് ആകെ 166 റണ്‍സ് ലീഡ്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 85 റണ്‍സുമായും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 11 റണ്‍സുമായും ക്രീസില്‍. യശസ്വി 10 ഫോറുകളും 2 സിക്‌സും തൂക്കി.
2 വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനു പിന്നാലെ രാത്രി കാവല്‍ക്കാരന്‍ ആകാശ് ദീപും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. ആകാശിന്റെ കന്നി ടെസ്റ്റ് അര്‍ധ സെഞ്ച്വറിയാണ് ഓവലില്‍ പിറന്നത്. നിര്‍ണായക ഘട്ടത്തിലാണ് താരത്തിന്റെ അര്‍ധ സെഞ്ച്വറി. ആകാശിന്റെ മികവ് ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടലുകള്‍ അമ്പേ തെറ്റിക്കുന്നതായും മാറി.
പിന്നാലെ മൂന്നാം ദിനത്തില്‍ ഇന്ത്യയുടെ ആദ്യ വിക്കറ്റ് ഇംഗ്ലണ്ട് വീഴ്ത്തുകയും ചെയ്തു. അര്‍ധ സെഞ്ച്വറിക്കു ശേഷവും മികവ് തുടര്‍ന്ന ആകാശ് ജാമി ഓവര്‍ടന്റെ പന്തില്‍ ഗസ് അറ്റ്കിന്‍സനു പിടി നല്‍കി അപ്രതീക്ഷിതമായി മടങ്ങി. താരം 94 പന്തുകള്‍ നേരിട്ട് 66 റണ്‍സ് സ്വന്തമാക്കി. 12 ഫോറുകള്‍ സഹിതമായിരുന്നു കന്നി അര്‍ധ ശതകം. ടെസ്റ്റില്‍ ഇന്ത്യൻ നൈറ്റ് വാച്മാൻ നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറെന്ന നേട്ടവും അതിനിടെ ആകാശ് സ്വന്തമാക്കി. 84 റണ്‍സെടുത്ത അമിത് മിശ്രയാണ് ഒന്നാം സ്ഥാനത്ത്.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 224 റണ്‍സില്‍ അവസാനിപ്പിച്ച ഇംഗ്ലണ്ടിനു അതേ നാണയത്തില്‍ തന്നെ തിരിച്ചടി കിട്ടി. അവരുടെ ഒന്നാം ഇന്നിങ്‌സ് 247 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്കു സാധിച്ചു. 23 റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണ് ആതിഥേയര്‍ക്കു ലഭിച്ചത്.
രണ്ടാം ദിനത്തില്‍ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ തുടക്കത്തില്‍ നഷ്ടമായി. 28 പന്തില്‍ ഏഴു റണ്‍സുമായി കെഎല്‍ രാഹുലും 11 റണ്‍സുമായി സായ് സുദര്‍ശനുമാണ് പുറത്തായത്.
നേരത്തെ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഇന്ത്യക്കായി 4 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയത്. ശേഷിച്ച ഒരു വിക്കറ്റ് ആകാശ് ദീപ് സ്വന്തമാക്കി. മഴ മാറി കളി പുനരാരംഭിച്ചതിനു പിന്നാലെയാണ് ഇന്ത്യ ഇംഗ്ലണ്ട് ഇന്നിങ്‌സിനു തിരശ്ശീലയിട്ടത്. പരിക്കേറ്റ് പുറത്തായ ക്രിസ് വോക്‌സ് ബാറ്റ് ചെയ്യാന്‍ ഇറങ്ങാത്തതിനാല്‍ ഇന്ത്യ ഇംഗ്ലണ്ടിന്റെ 9 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഇന്ത്യക്ക് വെല്ലുവിളിയായി നിന്ന ഹാരി ബ്രൂക്കിനെ ബൗള്‍ഡാക്കി മുഹമ്മദ് സിറാജ് ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സിനു വിരാമമിടുകയായിരുന്നു. ഹാരി ബ്രൂക്ക് 53 റണ്‍സെടുത്തു. താരം 5 ഫോറും ഒരു സിക്‌സും പറത്തി.
ഒറ്റ ഓവറില്‍ രണ്ട് പേരെ മടക്കി പ്രസിദ്ധ് കൃഷ്ണ ഇംഗ്ലണ്ടിനെ ഒരുവേള ഞെട്ടിച്ചു. ജാമി സ്മിത്തിനേയും അതേ ഓവറില്‍ ജാമി ഓവര്‍ടനേയുമാണ് പ്രസിദ്ധ് മടക്കിയത്. സ്മിത്ത് 8 റണ്‍സിലും ഓവര്‍ടന്‍ റണ്ണൊന്നുമെടുക്കാതെയും മടങ്ങി. പിന്നാലെയാണ് അറ്റ്കിന്‍സനും പ്രസിദ്ധിന്റെ പേസില്‍ വീണു. അറ്റ്കിന്‍സന്‍ 11 റണ്‍സെടുത്തു.അപകടകാരിയായ ജോ റൂട്ടിനെ മുഹമ്മദ് സിറാജ് വിക്കറ്റിനു മുന്നില്‍ കുരുക്കി ഇന്ത്യക്ക് നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കി. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഒലി പോപ്പിനേയും സിറാജ് വിക്കറ്റിനു മുന്നില്‍ കുരുക്കിയിരുന്നു. പിന്നാലെയാണ് റൂട്ടിനേയും അടുത്ത വരവില്‍ ജേക്കബ് ബേതേലിനേയും താരം എല്‍ബിഡബ്ല്യു ആക്കി. പിന്നീടാണ് പ്രസിദ്ധ് കൃഷ്ണയുടെ മികവ്.
ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ട് അതിവേഗമാണ് സ്‌കോര്‍ ചെയ്തത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 224 റണ്‍സില്‍ അവസാനിപ്പിച്ച ഇംഗ്ലണ്ട് ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 16 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെന്ന നിലയിലായിരുന്നു. പിന്നാലെ കളി പുനരാരംഭിച്ചതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ തിരിച്ചടിക്കുകയായിരുന്നു.സ്‌കോര്‍ 92ല്‍ എത്തിയപ്പോഴാണ് ഇംഗ്ലണ്ടിനു ആദ്യ വിക്കറ്റ് നഷ്ടമായത്. ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ ആകാശ് ദീപ് പുറത്താക്കിയാണ് ഇന്ത്യക്ക് ആശ്വാസം നല്‍കിയത്. ഡക്കറ്റ് 38 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 43 റണ്‍സെടുത്തു.സാക് ക്രൗളി ഒരു ഭാഗത്ത് അപ്പോഴും തകര്‍ത്തടിക്കുന്നുണ്ടായിരുന്നു. താരത്തെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. സ്‌കോര്‍ 129ല്‍ എത്തിയിരുന്നു അപ്പോള്‍. ക്രൗളി 57 പന്തില്‍ 14 ഫോറുകള്‍ സഹിതം 64 റണ്‍സെടുത്തു.
നിലയുറപ്പിക്കുന്നതിനിടെ പോപ്പിനേയും റൂട്ടിനേയും സിറാജ് മടക്കിയത്. പോപ്പ് 22 റണ്‍സും റൂട്ട് 29 റണ്‍സും എടുത്തു. ബേതേല്‍ 6 റണ്‍സുമായി മടങ്ങി.
രണ്ടാം ദിനത്തില്‍ ഗസ് അറ്റ്കിന്‍സന്റെ പേസിനു മുന്നില്‍ ഇന്ത്യക്ക് പിടിച്ചു നില്‍ക്കാനായില്ല. അര്‍ധ സെഞ്ച്വറിയുമായി ഒന്നാം ദിനം ഇന്നിങ്സ് കാത്ത മലയാളി താരം കരുണ്‍ നായരും പിന്നാലെ വാഷിങ്ടന്‍ സുന്ദറുമാണ് രണ്ടാം ദിനം ആദ്യം പുറത്തായത്. പിന്നാലെ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരെ പൂജ്യത്തില്‍ പുറത്താക്കി അറ്റ്കിന്‍സന്‍ ഇന്ത്യന്‍ ഇന്നിങ്സിനു തിരശ്ശീലയിട്ടു. റണ്ണൊന്നുമെടുക്കാതെ അകാശ് ദീപ് പുറത്താകാതെ നിന്നു. തലേദിവസത്തെ സ്‌കോറിനോട് 5 റണ്‍സ് ചേര്‍ത്ത് കരുണ്‍ മടങ്ങി. താരം 109 പന്തില്‍ 57 റണ്‍സെടുത്തു. എട്ട് ഫോറുകള്‍ സഹിതമാണ് താരത്തിന്റെ ഈ പരമ്പരയിലെ ആദ്യ അര്‍ധ ശതകം. ടോംഗിന്റെ പന്തില്‍ കരുണ്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി.
വാഷിങ്ടന്‍ സുന്ദറിനെ അറ്റ്കിന്‍സന്റെ പന്തില്‍ ഓവര്‍ടന്‍ ക്യാച്ചെടുത്തു. താരം 26 റണ്‍സെടുത്തു. മുഹമ്മദ് സിറാജിനും അധികം ആയുസുണ്ടായില്ല. താരത്തേയും അറ്റ്കിന്‍സന്‍ പുറത്താക്കി. റണ്ണൊന്നുമെടുക്കാതെയാണ് സിറാജിന്റെ മടക്കം.ഇംഗ്ലണ്ടിനായി ഗസ് അറ്റ്കിന്‍സന്‍ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി. ജോഷ് ടോംഗും 3 വിക്കറ്റെടുത്തു. ക്രിസ് വോക്സ് ഒരു വിക്കറ്റും സ്വന്തമാക്കി.
England vs India, Team India: Lunch taken at The Oval. It has completely been nightwatchman Akash Deep's session, who scored a lovely 66-run knock on Day 3. His knock has helped India stay ahead of England by 166 runs.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

