പീരങ്കിപ്പടയ്ക്ക് സണ്ടർലാൻഡ് കുരുക്ക്; ചെല്‍സി രണ്ടാമത്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സമനില പിടിച്ച് രക്ഷപ്പെട്ടു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് സമനില, എവര്‍ട്ടന്‍ വിജയ വഴിയില്‍
Arsenal's Bukayo Saka's breakthrough
ആഴ്സണലിന്റെ ബുകായോ സാകയുടെ മുന്നേറ്റം, English Premier Leaguex
Updated on
2 min read

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ ജയങ്ങളുമായി മുന്നേറിയ ആഴ്‌സണലിനു സമനില കുരുക്കിട്ട് സണ്ടര്‍ലാന്‍ഡ്. തുടരെ പത്ത് ജയങ്ങളുമായി മുന്നേറിയ ആഴ്സണലിന്റെ കുതിപ്പിനാണ് സണ്ടർലാൻഡ് സമനിലപ്പൂട്ടിട്ടത്. മിന്നും ജയവുമായി ചെല്‍സി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ടോട്ടനമിനെ അവരുടെ തട്ടകത്തില്‍ കയറി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സമനിലയില്‍ തളച്ചു. തുടരെ രണ്ട് തോല്‍വിയും ഒരു സമനിലയുമായി പിന്നില്‍ പോയ എവര്‍ട്ടന്‍ ജയ വഴിയില്‍ തിരിച്ചെത്തി. വെസ്റ്റ് ഹാം 3-2നു ബേണ്‍ലിയെ വീഴ്ത്തി.

കൊണ്ടും കൊടുത്തുമുള്ള പോരാട്ടമായിരുന്നു സണ്ടര്‍ലാന്‍ഡും ആഴ്‌സണലും തമ്മില്‍. തുടര്‍ ജയങ്ങളുമായി എത്തിയ ആര്‍ട്ടേറ്റയേയും സംഘത്തേയും ആദ്യ പകുതിയില്‍ തന്നെ സണ്ടര്‍ലാന്‍ഡ് ഞെട്ടിച്ചു. സീസണില്‍ കരുത്തോടെ കോട്ടകെട്ടി നില്‍ക്കുന്ന പീരങ്കിപ്പടയുടെ പ്രതിരോധം 36ാം മിനിറ്റില്‍ തന്നെ സണ്ടര്‍ലന്‍ഡ് പൊളിച്ചു. ഡാനിയല്‍ ബല്ലാര്‍ഡിലൂടെ അവര്‍ ലീഡെടുത്തു. ഈ ലീഡിന്റെ ബലത്തിലാണ് സണ്ടര്‍ലാന്‍ഡ് ഇടവേളയ്ക്ക് പോയത്.

രണ്ടാം പകുതി തുടങ്ങി 54ാം മിനിറ്റില്‍ ബുകായോ സാക ആഴ്‌സണലിനു സമനില സമ്മാനിച്ചു. 74ാം മിനിറ്റില്‍ ലിയാന്‍ഡ്രോ ട്രൊസാര്‍ഡിലൂട ഗണ്ണേഴ്‌സ് ഇത്തവണ മുന്നിലെത്തി.

Arsenal's Bukayo Saka's breakthrough
രഞ്ജിയില്‍ സൗരാഷ്ട്രയെ 160 റണ്‍സിന് പുറത്താക്കി കേരളം, നിധീഷിന് ആറ് വിക്കറ്റ്

കളി അവര്‍ ജയിച്ചു എന്നു കരുതിയതായിരുന്നു. എന്നാല്‍ 90 മിനിറ്റുകള്‍ കഴിഞ്ഞ് കളി ഇഞ്ച്വറി സമയത്തേക്ക് കയറി. ഇഞ്ച്വറി സമയത്തിന്റെ നാലാം മിനിറ്റില്‍ ബ്രിയാന്‍ ബ്രോബി ആഴ്‌സണലിനെ കുരുക്കി സണ്ടര്‍ലാന്‍ഡിനു സമനില സമ്മാനിച്ചു.

ചെല്‍സി സ്വന്തം തട്ടകത്തില്‍ വൂള്‍വ്‌സിനെ തകര്‍ത്തു. മറുപടിയില്ലാത്ത 3 ഗോളുകള്‍ക്കാണ് ചെല്‍സി ജയിച്ചു കയറിയത്. ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ സമ്മതിക്കാതെ വൂള്‍വ്‌സ് ചെല്‍സിയെ പ്രതിരോധിച്ചു. മത്സരത്തിലെ മൂന്ന് ഗോളുകളും ചെല്‍സി രണ്ടാം പകുതിയിലാണ് വലയിലിട്ടത്. മാലോ ഗുസ്‌റ്റോ 51ാം മിനിറ്റിലാണ് പ്രതിരോധം പൊളിച്ച് പന്ത് വലയിലിട്ടത്. 65ാം മിനിറ്റില്‍ ജാവോ പെഡ്രോയിലൂടെ അവര്‍ രണ്ടാം ഗോളും പെഡ്രോ നെറ്റോയിലൂടെ 73ാം മിനിറ്റില്‍ ചെല്‍സി മൂന്നാം ഗോളും നേടിയാണ് ജയമുറപ്പിച്ചത്. ജയത്തോടെ അവര്‍ ആഴ്‌സണലിനു പിന്നില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.

Arsenal's Bukayo Saka's breakthrough
മഴ കളിച്ചു; ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ; അഭിഷേക് ശര്‍മ ടൂര്‍ണമെന്റിലെ താരം

ടോട്ടനത്തിനെതിരായ എവേ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സമനില പിടിച്ചെടുക്കുകയായിരുന്നു. മുന്നില്‍ നിന്ന ശേഷം രണ്ട് ഗോള്‍ വഴങ്ങി തോല്‍വി മുന്നില്‍ കണ്ട ശേഷമാണ് റുബന്‍ അമോറിമിന്റെ ടീം സമനില സ്വന്തമാക്കിയത്.

കളിയുടെ 32ാം മിനിറ്റില്‍ തന്നെ ബ്രയാന്‍ എംബ്യുമോയിലൂടെ മാഞ്ചസ്റ്റര്‍ ലീഡെടുത്തു. പിന്നീട് ഗോളൊന്നും ഇരു ഭാഗത്തും വന്നില്ല. ഒടുവില്‍ 84ാം മിനിറ്റില്‍ മത്യാസ് ടെല്ലിലൂടെ ടോട്ടനം സമനില പിടിച്ചു. കളി 90 മിനിറ്റ് അവസാനിച്ചു. ഇഞ്ച്വറി സമയത്തേക്ക് പ്രവേശിച്ചതിനു പിന്നാലെ ടോട്ടനം ലീഡ് സ്വന്തം പേരിലാക്കി. എന്നാല്‍ ഇഞ്ച്വറി സമയത്തിന്റെ ആറാം മിനിറ്റില്‍ മത്യാസ് ഡിലിറ്റിലൂടെ മാഞ്ചസ്റ്റര്‍ തോല്‍വി ഭാരം ഒഴിവാക്കി ആശ്വാസം കൊണ്ടു. മാഞ്ചസ്റ്റര്‍ എട്ടാം സ്ഥാനത്തേക്ക് ഇറങ്ങി. ലീഗില്‍ തുടരെ രണ്ടാം മത്സരത്തിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സമനില വഴങ്ങുന്നത്. തുടരെ മൂന്ന് ജയങ്ങള്‍ക്കു ശേഷമാണ് അവര്‍ പിന്നാക്കം പോയത്.

ഫുള്‍ഹാമിനെതിരായ പോരാട്ടം ജയിച്ചാണ് എവര്‍ട്ടന്‍ സ്വന്തം തട്ടകത്തില്‍ വിജയ വഴിയില്‍ തിരിച്ചെത്തിയത്. മറുപടിയില്ലാത്ത 3 ഗോളുകള്‍ക്കാണ് ഡേവിഡ് മോയസിന്റെ സംഘം ജയം സ്വന്തമാക്കിയത്.

Summary

English Premier League: Arsenal’s 10-game winning run came to an end on Saturday at the hands of Sunderland thanks to a 94th minute equaliser from Brian Brobbey.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com