

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സൗരാഷ്ട്രയ്‌ക്കെതിരെ കേരളം ശക്തമായ നിലയില്‍. സൗരാഷ്ട്രയുടെ ആദ്യ ഇന്നിങ്‌സ് 160 റണ്‍സിന് അവസാനിച്ചു. ആറ് വിക്കറ്റ് വീഴ്ത്തിയ എംഡി നിധീഷിന്റെ ബൗളിങ് മികവാണ് സൗരാഷ്ട്രയുടെ ബാറ്റിങ് നിരയെ തകര്‍ത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെന്ന നിലയിലാണ്.
ടോസ് നേടി സൗരാഷ്ട്രയെ ആദ്യം ബാറ്റ് ചെയ്യാനയച്ച കേരളത്തിന് ബൗളര്‍മാര്‍ ഉജ്ജ്വലമായ തുടക്കമാണ് നല്കിയത്. അക്കൗണ്ട് തുറക്കും മുന്‍പെ തന്നെ സൗരാഷ്ട്രയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഹാര്‍വിക് ദേശായിയെ പുറത്താക്കി നിധീഷ് തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ഏഴാം ഓവറില്‍ തുടരെയുള്ള പന്തുകളില്‍ ചിരാഗ് ജാനിയെയും അര്‍പ്പിത് വസവദയെയും പുറത്താക്കി നിധീഷ് വീണ്ടും പ്രഹരമേല്പിച്ചു. ചിരാഗ് അഞ്ച് റണ്‍സെടുത്തപ്പോള്‍ റണ്ണൊന്നുമെടുക്കാതെയാണ് അര്‍പ്പിത് മടങ്ങിയത്. ഇതോടെ മൂന്ന് വിക്കറ്റിന് ഏഴ് റണ്‍സെന്ന നിലയിലായ സൗരാഷ്ട്രയെ ജയ് ഗോഹിലും പ്രേരക് മങ്കാദും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത് . ഇരുവരും ചേര്‍ന്ന് 69 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
ഉച്ചഭക്ഷണത്തിന് തൊട്ടു മുന്‍പ് പ്രേരക് മങ്കാദിനെ പുറത്താക്കി നിധീഷ് വീണ്ടും കേരളത്തിന് നിര്‍ണ്ണായക വഴിത്തിരിവ് സമ്മാനിച്ചു. 13 റണ്‍സെടുത്ത പ്രേരക്, നിധീഷിന്റെ പന്തില്‍ മുഹമ്മദ് അസറുദ്ദീന്‍ ക്യാച്ചെടുത്താണ് പുറത്തായത്. അടുത്ത ഓവറില്‍ ഒരു റണ്ണെടുത്ത അന്‍ഷ് ഗോസായിയെയും അസറുദ്ദീന്റെ കൈകളിലെത്തിച്ച് നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. മറുവശത്ത് ഉറച്ച് നിന്ന ജയ് ഗോഹില്‍ തുടര്‍ന്നെത്തിയ ഗജ്ജര്‍ സമ്മാറുമായി ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ടു നീക്കി.ഇരുവരും ചേര്‍ന്ന് 41 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 84 റണ്‍സെടുത്ത ജയ് ഗോഹിലിനെ ഏദന്‍ ആപ്പിള്‍ ടോം പുറത്താക്കിയതോടെ സൗരാഷ്ട്രയുടെ ഇന്നിങ്‌സ് വീണ്ടും തകര്‍ച്ചയിലേക്ക് നീങ്ങി. 23 റണ്‍സെടുത്ത ഗജ്ജറിനെയും 11 റണ്‍സെടുത്ത ധര്‍മ്മേന്ദ്ര സിങ് ജഡേജയെയും ഒരു റണ്ണെടുത്ത ഹിതന്‍ കാംബിയെയും പുറത്താക്കി ബാബ അപരാജിത് സൗരാഷ്ട്രയുടെ ചെറുത്തുനില്പിന് അവസാനമിട്ടു. ക്യാപ്റ്റന്‍ ജയ്‌ദേവ് ഉനദ്ഘട്ടിനെ നിധീഷും പുറത്താക്കി.ആറ് വിക്കറ്റ് വീഴ്ത്തിയ നിധീഷിന് പുറമെ ബാബ അപരാജിത് മൂന്നും ഏദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് രോഹന്‍ കുന്നുമ്മലും എകെ ആകര്‍ഷും ചേര്‍ന്നാണ് ഇന്നിങ്‌സ് തുറന്നത്. ഇരുവരും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടില്‍ 61 റണ്‍സ് പിറന്നു. രോഹന്‍ കുന്നുമ്മല്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയതോടെ അതിവേഗത്തിലാണ് കേരളത്തിന്റെ ഇന്നിങ്‌സ് മുന്നോട്ടു നീങ്ങിയത്. ആദ്യ ദിവസത്തെ കളി അവസാനത്തോട് അടുക്കെ ആകര്‍ഷിന്റെയും സച്ചിന്‍ ബേബിയുടെ വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി. ആകര്‍ഷ് 18ഉം സച്ചിന്‍ ബേബി ഒരു റണ്ണും നേടിയാണ് പുറത്തായത്. ഹിതെന്‍ കാംബിയാണ് ഇരു വിക്കറ്റുകളും നേടിയത്. കളി നിര്‍ത്തുമ്പോള്‍ രോഹന്‍ 59ഉം അഹ്മദ് ഇമ്രാന്‍ രണ്ട് റണ്‍സുമായി ക്രീസിലുണ്ട്. 58 പന്തുകളില്‍ ഒന്‍പത് ഫോറും ഒരു സിക്‌സുമടക്കമാണ് രോഹന്‍ 59 റണ്‍സ് നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates