

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് കിടിലൻ പോരാട്ടങ്ങള്‍. ഒന്നാം സ്ഥാനത്ത് കുതിക്കുന്ന നിലവിലെ ചാംപ്യന്‍മാരായ ലിവര്‍പൂള്‍ മേഴ്സി സൈഡ് നാട്ടങ്കത്തിൽ ഡേവിഡ് മോയസിന്റെ തന്ത്രങ്ങളില്‍ സീസണില്‍ മികവോടെ തുടങ്ങിയ എവര്‍ട്ടനെ നേരിടും. ഒരു തകര്‍ച്ചയുടെ സീസണ്‍ കൂടി താങ്ങാനുള്ള ശേഷി ഇല്ലാതെ നില്‍ക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തം തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ കരുത്തരായ ചെല്‍സിയെ നേരിടാനിറങ്ങുന്നു. ഇന്നും തോറ്റാല്‍ പരിശീലകന്‍ റുബന്‍ അമോറിമിന്റെ കസേര തെറിക്കുമെന്ന് ഏതാണ്ടുറപ്പിക്കാം!
ലിവര്‍പൂള്‍- എവര്‍ട്ടന്‍
ചാംപ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിനെ ത്രില്ലര്‍ പോരില്‍ 3-2 എന്ന സ്‌കോറിന് തോല്‍പിച്ചാണ് ലിവര്‍പൂള്‍ ആന്‍ഫീല്‍ഡില്‍ എവര്‍ട്ടനെ നേരിടാന്‍ ഒരുങ്ങുന്നത്. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ പോരാട്ടത്തില്‍ ആദ്യ അഞ്ച് മിനിറ്റിനുള്ളില്‍ 2 ഗോളുകള്‍ക്കു മുന്നിട്ടു നിന്ന ലിവര്‍പൂള്‍ രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ വഴങ്ങി പിന്നാക്കം പോയിരുന്നു. മാച്ച് സമനിലയിലേക്കു നീങ്ങിയ ഘട്ടത്തില്‍ അവരുടെ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡെയ്ക് ആഡ് ഓണ്‍ ടൈമില്‍ അതിമനോഹരമായ ഹെഡ്ഡറിലൂടെ മൂന്നാം ഗോളിലൂടെ മിന്നും ജയം സമ്മാനിക്കുകയായിരുന്നു.
പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തു തുടരുകയാണ് ലിവര്‍പൂള്‍. കളിച്ച നാലു കളികളും ജയിച്ചു. ചാംപ്യന്‍സ് ലീഗ് ഉള്‍പ്പെടെ കളിച്ച അഞ്ച് മത്സരങ്ങളിലും അവസാന പത്ത് മിനിറ്റിലാണ് ലിവര്‍പൂള്‍ വിജയ ഗോള്‍ അടിച്ചു ജയിച്ചത്.
ലിവര്‍പൂള്‍ ജേഴ്സിയില്‍ തന്റെ ആദ്യ മത്സരത്തിന് ഇറങ്ങിയ അലക്‌സാണ്ടര്‍ ഇസാകിന് ഗോളടിക്കാന്‍ സാധിച്ചില്ലെങ്കിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മിന്നും ഫോമില്‍ തുടരുന്ന മുഹമ്മദ് സലയെ തടയാന്‍ എവര്‍ട്ടന്‍ കുറെ പാടുപെടും.
ഗ്രാവന്‍ബെര്‍ഹ്, ഫ്‌ളോറിയന്‍ വിയറ്റ്‌സ് എന്നിവരും മധ്യ നിരയില്‍ മികച്ച ഫോമിലാണ്. ഒരുപോലെ പെനട്രേറ്റ് ചെയ്തും അറ്റാക്കിങ് തേര്‍ഡിലേക്കു വന്നും ഗോള്‍പോസ്റ്റിലേക്ക് ഷൂട്ട് ചെയ്തും ഗ്രവന്‍ബെര്‍ഹ് ഡിഫന്‍സീവ് റോളില്‍ കളം വാഴുന്നതാണ് കൂടുതലും കണ്ടിട്ടുള്ളത്. താരത്തിന്റെ വിഷനിലാണ് ലിവര്‍പൂള്‍ കളി മെനയുന്നത്. ഡിഫന്‍സില്‍ വാന്‍ഡെയ്കിനു താരം മികച്ച പിന്തുണ നല്‍കുന്നു. ഇരുവരും തമ്മില്‍ നല്ല കെമിസ്ട്രിയാണുള്ളത്.
പ്രീമിയര്‍ ലീഗിയിലെ ഏറ്റവും എക്‌സ്പീരിയന്‍സ് ഉള്ള പരിശീലകനാണ് ഡേവിഡ് മോയസ്. അദ്ദേഹത്തിന്റെ ഗെയിം സ്ട്രാറ്റജി ഡയറക്റ്റ് പ്ലേയാണ്. ബില്‍ഡപ്പ് പ്ലേയാണ് അദ്ദേഹം എവര്‍ട്ടനെ കൊണ്ടു കളിപ്പിക്കുന്നത്. കുറിയ പാസുകളുടെ അധിക കളികള്‍ ഇല്ല. മധ്യനിരയില്‍ നിന്നു പന്ത് നേരെ സ്‌ട്രൈക്കറിലേക്ക് എത്തിക്കുക. എതിര്‍ ടീം പ്രതിരോധത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കി പന്ത് വിന്‍ ചെയ്ത് സ്‌കോര്‍ ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ തന്ത്രം. എവര്‍ട്ടന്‍ മികച്ച പെര്‍ഫോമന്‍സാണ് പ്രീമിയര്‍ ലീഗില്‍ ഇതുവരെ കാഴ്ചവച്ചിരിക്കുന്നത്. ഒരു കളി ജയിച്ച അവര്‍ ഒരു മത്സരം തോറ്റു. രണ്ട് സമനിലകളും ടീമിനുണ്ട്.
ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ് എന്ന ഇംഗ്ലീഷ് ദേശീയ ടീമിന്റെ മുഖ്യ ഗോള്‍ കീപ്പറാണ് എവര്‍ട്ടന്‍ വല കാക്കുന്നത്. ഒപ്പം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നെത്തിയ ജാക്ക് ഗ്രീലിഷും ടീമിന്റെ നെടുംതൂണാണ്. ബെറ്റോയാണ് മറ്റൊരു നിര്‍ണായക താരം.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- ചെല്‍സി
ഓള്‍ഡ് ട്രഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചെല്‍സിയെ നേരിടും. മാഞ്ചസ്റ്റര്‍ നാട്ടങ്കത്തില്‍ 3-0 എന്ന സ്‌കോറിനു സിറ്റിയോട് ദയനീയമായി തോറ്റാണ് അവര്‍ മറ്റൊരു കരുത്തുറ്റ ടീമിനെതിരെ കളിക്കാനിറങ്ങുന്നത്. ഹോം ഫാന്‍സിനെ സന്തോഷിപ്പിക്കാന്‍ അവര്‍ക്കു ഈ മത്സരം ജയിച്ചേ മതിയാവു.
റുബന്‍ അമോറിമിനും ഇന്നത്തെ മത്സരം അതീവ നിര്‍ണായകമാണ്. ഇന്നത്തെ മത്സരം ജയിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഡഗൗട്ടില്‍ അധിക ദിവസം ഇരിക്കേണ്ടി വരില്ലെന്ന സ്ഥിതിയാണ്. പരിശീലക സ്ഥാനത്തു തുടരുക എന്നത് അദ്ദേഹത്തിനു വലിയ ടാസ്‌കായി മാറുമെന്നു ചുരുക്കം. ഫോര്‍മേഷനില്‍ മാറ്റം വരുത്താന്‍ മുറിവിളികൂട്ടുന്ന ഒരു കൂട്ടം പഴയ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കളിക്കാരേയും പിന്നെ ആരാധകരേയും തന്റെ ഫോര്‍മേഷന്‍ മോശമില്ലെന്നു ബോധ്യപ്പെടുത്തുകയും അദ്ദേഹത്തിനു മുന്നിലുള്ള വലിയ കടമ്പയാണ്. പോപ്പ് വിചാരിച്ചാൽ പോലും ഫോർമേഷൻ മാറ്റില്ലെന്ന ഉറച്ച നിലപാടിലാണ് അമോറിം നിൽക്കുന്നത്.
ചെല്‍സികെതിരെ 3-4-2-1 ഫോര്‍മേഷന്‍ അദ്ദേഹം ചെയ്ഞ്ച് ചെയ്യുമോ? മാത്യു ക്യുന്‍ഹ ഇന്ന് കളിക്കാന്‍ സാധ്യത ഉണ്ട്. എംബ്യുമോ ഫോമിലാണ്. സെസ്‌കോ ആദ്യ ഇലവനില്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധ്യതയില്ല. പുതിയതായി ടീമിലെത്തിയ ബെല്‍ജിയം ഗോള്‍ കീപ്പര്‍ സെനെ ലാമെന്‍സ് ഇന്ന് ടീമിനായി കളത്തിലെത്താനും സാധ്യതകളുണ്ട്.
കടുത്ത മത്സരമാകും ഇന്നത്തേത്. ചെല്‍സി ഒരു മത്സരം പോലും തോറ്റിട്ടില്ല. 2 ജയവും 2 സമനിലയുമായി അഞ്ചാം സ്ഥാനത്തു തുടരുകയാണ്. യുനൈറ്റഡ് 14ാം സ്ഥാനത്തും. ആകെ ഒരു മത്സരം മാത്രമാണ് ടീം ഇതുവരെ ജയിച്ചത്.
എന്‍സോ മരസ്‌കയുടെ ചെല്‍സി സെറ്റ് പീസിലും അറ്റാക്കിങ് തേഡിലും സക്‌സസ് റേറ്റ് കൂടുതലുള്ള സംഘമാണ്. വൈഡ് ഏരിയ വഴിയായിരിക്കും ചെല്‍സി കൂടുതല്‍ അറ്റാക്ക് ചെയ്യുക. എന്‍സോ ഫെര്‍ണാണ്ടസ്, കോള്‍ പാമര്‍, പെഡ്രോ, പിന്നെ കയ്‌സെഡോ എന്നിവര്‍ കൂടി ചേരുമ്പോള്‍ വലിയ വെല്ലുവിളിയായിരിക്കും യുനൈറ്റഡ് പ്രതിരോധത്തിന്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നു ഈ സീസണില്‍ ചെല്‍സിയിലെത്തിയ ഗെര്‍നാചോ കളിക്കാന്‍ സാധ്യതയുണ്ട്. ചാംപ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോടു പരാജയപ്പെട്ടാണ് ക്ലബ് ലോകകപ്പ് ചാംപ്യന്‍മാരായ ചെല്‍സി ഇന്ന് ഓള്‍ഡ് ട്രഫോര്‍ഡിലേക്ക് വരുന്നത്.
(മുൻ സന്തോഷ് ട്രോഫി താരവും വാട്സൻ ഫുട്ബോൾ അക്കാദമി (Wattsun Football Academy) യുടെ കോച്ചിങ് തലവനും ഇന്ത്യൻ നേവി ടീം പരിശീലകനുമാണ് ലേഖകൻ)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
