ദോഹ: കിലിയൻ എംബാപ്പെയുടെ രണ്ട് ക്ലാസിക്ക് ഗോളുകളും ഒലിവർ ജിറൂദിന്റെ റെക്കോർഡിട്ട സ്കോറിങ് മികവും ചേർത്തു വച്ച് പോളണ്ടിനെ ആധികാരികമായി തകർത്ത് നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് ലോകകപ്പ് ക്വാർട്ടറിലേക്ക് അനായാസം കടന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസിന്റെ തകർപ്പൻ ജയം. ഇംഗ്ലണ്ടാണ് അവസാന എട്ടിൽ ഫ്രാൻസിന്റെ എതിരാളികൾ.
44ാം മിനിറ്റില്‍ ഒലിവയര്‍ ജിറൂദാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. 74, 91 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ എണ്ണം പറഞ്ഞ ഗോളുകള്‍.
മത്സരം തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കേ ലഭിച്ച പെനാല്‍റ്റി വലയിലാക്കി ലെവന്‍ഡോവ്സ്‌കി പോളിഷ് പടയ്ക്ക് ആശ്വാസം നൽകി. ഉപമക്കാനൊയുടെ കൈയിൽ പന്ത് തൊട്ടതാണ് പെനാല്‍റ്റിക്ക് വഴിയൊരുക്കിയത്. ലെവന്‍ഡോവ്‌സ്‌കിയുടെ ആദ്യ കിക്ക് ലോറിസ് കൈപ്പിടിയിലാക്കിയെങ്കിലും ലോറിസ് ലൈനില്‍ നിന്ന് പുറത്ത് കാല്‍ വച്ചതിനാല്‍ റഫറി പെനാല്‍റ്റി വീണ്ടും എടുപ്പിക്കുകയായിരുന്നു. രണ്ടാം ശ്രമത്തില്‍ പന്ത് ലെവന്‍ഡോവ്‌സ്‌കി അനായാസം വലയിലെത്തിച്ചു.
ആദ്യ പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത പോളണ്ടിനെ രണ്ടാം പകുതിയില്‍ അടിമുടി ഉലച്ചാണ് ഫ്രാന്‍സിന്റെ ജയം. ഇരട്ട ഗോളുകളുമായി മത്സരത്തിലുടനീളം പോളണ്ട് പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ച എംബാപ്പെയായിരുന്നു ഇരു ടീമുകളും തമ്മിലുള്ള സുപ്രധാന അന്തരം. ഇതോടെ ആദ്യ പകുതിയില്‍ ആക്രമണത്തിലും പ്രതിരോധത്തിലും ഒപ്പം നിന്ന പോളിഷ് പടയ്ക്ക് മത്സരത്തിലെ പിടി അയഞ്ഞു.
കളിയുടെ തുടക്കം മുതൽ ഫ്രാൻസ് അക്രമിച്ചു കളിച്ചു. പതുക്കെയാണെങ്കിലും പോളണ്ട് ഒപ്പത്തിനൊപ്പം നിന്നതോടെ കളി ആവേശമായി. 38ാം മിനിറ്റില്‍ അവര്‍ക്ക് മത്സരത്തിലെ തന്നെ മികച്ച അവസരം ലഭിച്ചു. ബെരെസിന്‍സ്‌കി നല്‍കിയ പന്തില്‍ നിന്നുള്ള സിയലിന്‍സ്‌കിയുടെ ഷോട്ട് ആദ്യം ഫ്രഞ്ച് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് തട്ടിയകറ്റി. എന്നാല്‍ റീബൗണ്ട് വന്ന പന്ത് വീണ്ടും വലയിലാക്കാനുള്ള കമിന്‍സ്‌കിയുടെ ഷോട്ട് റാഫേല്‍ വരാന്‍ ഗോള്‍ ലൈനില്‍ വെച്ച് അദ്ഭുതകരമായി രക്ഷപ്പെടുത്തി.
ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ ഒലിവർ ജിറൂദ് ഫ്രാന്‍സിനെ മുന്നിലെത്തിച്ചു. ബോക്‌സിന് തൊട്ടരികെ നിന്ന് എംബാപ്പെ നല്‍കിയ പാസ് ജിറൂദ് ഇടംകാലനടിയിലൂടെ വലയിലാക്കി. ഈ സമയം ജിറൂദിനെ മാര്‍ക്ക് ചെയ്യുന്നതില്‍ പോളണ്ട് താരം വരുത്തിയ പിഴവ് മുതലെടുത്താണ് താരം പന്ത് വലയിലാക്കിയത്. ഇതോടെ ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോർഡും ജിറൂദ് സ്വന്തമാക്കി. താരത്തിന്റെ 52ാം രാജ്യാന്തര ഗോളായിരുന്നു ഇത്. 51 ഗോളുകള്‍ നേടിയ മുന്‍താരം തിയറി ഹെൻറിയെ മറികടന്നായിരുന്നു ജിറൂദിന്റെ നേട്ടം.
രണ്ടാം പകുതിയില്‍ അടിമുടി ഫ്രാൻസിന്റെ കൈയിലായിരുന്നു കാര്യങ്ങൾ. 58ാം മിനിറ്റിൽ ജിറൂദിന്റെ ഓവർ ഹെഡ്ഡ് കിക്ക് വലയിലെത്തിയെങ്കിലും അതിന് മുൻപ് പന്ത് ക്ലിയർ ചെയ്യുന്നതിനിടെ പോളിഷ് ഗോൾ കീപ്പർ ഷെസ്നി എംബാപ്പെയുമായി കൂട്ടിയിച്ച് വീണതോടെ റഫറി വിസിൽ മുഴക്കിയിരുന്നു. അതിന് പിന്നാലെയാണ് പന്ത് വലയിലെത്തിയത്. ഫ്രഞ്ചുകാർ ഗോളിനായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല.
74ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോളെത്തി. പോളണ്ട് ആക്രമണത്തിനൊടുവില്‍ ഗ്രീസ്മാന്‍ എതിര്‍ ഹാഫിലേക്ക് നീട്ടിയ പന്താണ് ഗോളിന് വഴി തുറന്നത്. പന്ത് പിടിച്ചെടുത്ത് മുന്നോട്ട് കുതിച്ച ജിറൂദ് അത് വലത് ഭാഗത്തുള്ള ഡെംബെലെയ്ക്ക് നീട്ടി. ഈ സമയം ആരും മാര്‍ക്ക് ചെയ്യാതെ ഇടത് ഭാഗത്ത് എംബാപ്പെ സ്വതന്ത്രനായിരുന്നു. ഡെംബെലെ നല്‍കിയ പാസ് പിടിച്ചെടുത്ത എംബാപ്പെ സമയമെടുത്ത് കിടിലനൊരു വലം കാലനടിയിലൂടെ ഷെസ്‌നിക്ക് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു.
ഇതോടെ പോളണ്ട് തളര്‍ന്നു. പിന്നാലെ ഇൻഞ്ച്വറി ടൈമിന്റെ ആദ്യ മിനിറ്റില്‍ എംബാപ്പെ ഫ്രാന്‍സിന് ജയമുറപ്പിച്ച് തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. മാര്‍ക്കസ് തുറാം നല്‍കിയ പാസ് കിടിലനൊരു ഷോട്ടിലൂടെ താരം വലയിലെത്തിക്കുകയായിരുന്നു.
ഈ റിപ്പോർട്ട് കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates