

മാഡ്രിഡ്: മാഞ്ചസ്റ്റർ സിറ്റി വിട്ട് പോർച്ചുഗൽ മധ്യനിര താരം ബെർണാർഡോ സിൽവ റയൽ മാഡ്രിഡിലേക്കെന്ന് റിപ്പോർട്ടുകൾ. ഫിഫ ലോകകപ്പ് പോരാട്ടത്തിലെ ആദ്യ മത്സരത്തിനായി പോർച്ചുഗൽ ദേശീയ ടീം ഒരുങ്ങുന്നതിനിടെയാണ് ടീമിലെ നിർണായക താരത്തിന്റെ ക്ലബ് മാറ്റം. സിൽവയും റയലുമായി ഇക്കാര്യത്തിൽ ധാരണയിലെത്തിയെന്നു പ്രസിദ്ധ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് എക്സിലൂടെ വെളിപ്പെടുത്തിയത്. വെറും 36 മണിക്കൂർ നടത്തിയ ചർച്ചകൾക്കൊടുവിലാണ് റയൽ അതിവേഗം തീരുമാനത്തിലെത്തിയത്.
കഴിഞ്ഞ 10 വർഷത്തിനടുത്തായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയുടെ സുപ്രധാന താരമാണ് സിൽവ. താരം ഈ സീസണോടെ ഫ്രീ ഏജന്റാണ്. സിറ്റിയിൽ കരാർ പുതുക്കാനുള്ള സാധ്യതകൾ അടഞ്ഞതോടെയാണ് താരത്തിന്റെ അതിവേഗ നീക്കം. സിൽവ പോർച്ചുഗൽ ടീമിനൊപ്പം ലോകകപ്പ് ക്യാംപിലാണ്. അതിനിടെയാണ് അദ്ദേഹത്തിന്റെ ഏജന്റ് റയലുമായി തിരക്കിട്ട് ചർച്ചകൾ നടത്തി കരാർ ഉറപ്പിച്ചത് എന്നാണ് വിവരം.
മാഞ്ചസ്റ്റർ സിറ്റിയുമായുള്ള താരത്തിന്റെ കരാർ ഈ മാസം അവസാനം അവസാനിക്കും. സിൽവയെ സ്വന്തമാക്കാൻ സ്പാനിഷ് വമ്പൻമാരും റയലിന്റെ ആഭ്യന്തര എതിരാളികളുമായ ബാഴ്സലോണയും അത്‍ലറ്റിക്കോ മാഡ്രിഡും ശ്രമം നടത്തുന്നുണ്ടായിരുന്നു. അതിനിടെയാണ് റയലിന്റെ നിർണായക നീക്കം വന്നത്.
ഇക്കഴിഞ്ഞ സീസൺ അവരെ സംബന്ധിച്ച് നിരാശയുടേതായിരുന്നു. ഒറ്റ കിരീടവും നേടാൻ സാധിക്കാതെ പോയ അപൂർവ സീസൺ കൂടിയായിരുന്നു ഇത്. അടിക്കടിയുള്ള പരിശീലകരെ മാറ്റലും താരങ്ങളുടെ പരിക്കും ഉൾപ്പെടെ തിരിച്ചടികളിലൂടെ കടന്നു പോകുന്ന അവർ വിഖ്യാത പരിശീലകൻ ഹോസെ മൗറീഞ്ഞോയെ ക്ലബ് പുനർനിർമാണത്തിനായി തിരികെ എത്തിച്ചിട്ടുണ്ട്. സാന്റിയാഗോ ബെർണബ്യുവിൽ രണ്ടാം വട്ടം പരിശീലകനായി എത്തുന്ന ഹോസെ മൗറീഞ്ഞോ സുപ്രധാനമായി ലക്ഷ്യമിട്ട താരം സിൽവയായിരുന്നു. ചാംപ്യൻസ് ലീഗും പ്രീമിയർ ലീഗുമടക്കമുള്ള കിരീട നേട്ടങ്ങൾ സിറ്റിക്ക് സമ്മാനിക്കുന്നതിൽ നിർണായക സ്ഥാനത്തു നിന്നുള്ള സിൽവയുടെ പടിയിറക്കം സ്പെയിനിൽ പുതിയ അധ്യായം തുറക്കുന്നതിനും അവസരം തുറക്കുകയാണ്.
'ബെർണാഡോ സിൽവ റയൽ മാഡ്രിഡിലേക്ക്, ഹിയർ വി ഗോ! ക്ലബുകൾ തമ്മിൽ ധാരണയാവുകയും കരാറിന് അംഗീകാരം ലഭിക്കുകയും ചെയ്തു. രണ്ട് വർഷത്തെ കരാറും ഒപ്പം ഒരു വർഷം നീട്ടാനുള്ള ഓപ്ഷനുമാണുള്ളത്. 36 മണിക്കൂർ മുമ്പ് മാഡ്രിഡ് ആരംഭിച്ച അതിവേഗ നീക്കം വിജയകരമായി അവസാനിച്ചു. മൗറീഞ്ഞോയ്ക്ക് ബെർണാഡോയെ വേണമായിരുന്നു, താരം സമ്മതം മൂളി. പുറത്തു വന്ന വിവരങ്ങൾ കരാർ യാഥാർഥ്യമായെന്നു 100 ശതമാനം ഉറപ്പിക്കാം'- ഫാബ്രിസിയോ റൊമാനോ കുറിച്ചു.
സിൽവയെ ടീമിലെത്തിക്കാൻ റയലിനൊപ്പം ലാലിഗയിലെ അവരുടെ ചിരവൈരികളായ ബാഴ്സലോണയും നഗര വൈരികളായ അത്‍ലറ്റിക്കോ മാഡ്രിഡും കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു. ആഭ്യന്തര എതിരാളികൾക്കെതിരെയുള്ള റയലിന്റെ വിജയം കൂടിയാണ് കരാർ. സിറ്റിയിൽ തുടരേണ്ടതില്ലെന്നു തീരുമാനിച്ച സിൽവ ഒരു ഫ്രീ ഏജന്റായി എത്തുന്നതിനാൽ ട്രാൻസ്ഫർ ഫീസൊന്നും നൽകാതെയാണ് റയൽ മാഡ്രിഡ് കരാർ ഉറപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്. നയാപൈസ ചെലവില്ലാതെ ഒരു ട്രാൻസ്ഫർ ഫീയും നൽകാതെ ഉന്നത നിലവാരത്തിൽ കളിച്ച, മികച്ച അനുഭവ സമ്പത്തുള്ള ഒരു താരത്തെ റയൽ സ്വന്തമാക്കുകയായിരുന്നു.
സിറ്റിക്കായി ഏതാണ്ട് 10 വർഷം കളിച്ചതിന് ശേഷമാണ് സിൽവ ക്ലബ് വിടുന്നത്. ടീമിനൊപ്പം ആറ് പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാംപ്യൻസ് ലീഗ് ട്രോഫിയും നേടാൻ അദ്ദേഹത്തിനു സാധിച്ചു. 153 ഗോൾ സംഭാവനകളും പ്രീമിയർ ലീഗിലെ ഏറ്റവും സ്വാധീനമുള്ള മിഡ്ഫീൽഡർമാരിൽ ഒരാളെന്ന ഖ്യാതിയും നേടിയാണ് ക്ലബിനൊപ്പമുള്ള യാത്ര സിൽവ അവസാനിപ്പിക്കുന്നത്.
2026 ലോകകപ്പ് കഴിഞ്ഞ ശേഷം മാത്രമേ ടീം മാറ്റം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ എന്നാണ് റിപ്പോർട്ടുകൾ. കരിയറിലെ അടുത്ത അധ്യായത്തിന് അന്തിമ രൂപം നൽകുന്നതിന് മുൻപ് പോർച്ചുഗലിന്റെ ലോകകപ്പ് പോരാട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സിൽവയുടെ തീരുമാനം. കരാർ സ്ഥിരീകരിച്ചു കഴിഞ്ഞാൽ, ബെർണബ്യുവിലെ മൗറീഞ്ഞോയുടെ ക്ലബ് പുനർ നിർമാണ പദ്ധതിയുടെ ഭാഗമായി സിൽവ മാറും.