

വാഷിങ്ടണ്‍: ലോകകപ്പില്‍ പാനമയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ക്രൊയേഷ്യ. വിജയത്തോടെ ക്രൊയേഷ്യ നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കി. 54-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ആന്റെ ബുഡിമിറാണ് ക്രൊയേഷ്യയുടെ വിജയഗോള്‍ നേടിയത്.
ആദ്യജയം ലക്ഷ്യമിട്ടാണ് പാനമയും ക്രൊയേഷ്യയും കളത്തിലിറങ്ങിയത്. ആദ്യപകുതിയില്‍ ഇടു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. ഗോളൊഴിഞ്ഞു നിന്ന ആദ്യ പകുതിക്കുശേഷം ക്രൊയേഷ്യ ആക്രമിച്ചു കളിച്ചു. രണ്ടാം പകുതിയുടെ ഒമ്പതാം മിനിറ്റിലാണ് ക്രൊയേഷ്യ കാത്തിരുന്ന ഗോള്‍ പിറന്നത്.
ജോസിപ് സ്റ്റാനിസികില്‍ നിന്നുള്ള പാസ് സ്വീകരിച്ച ബുഡിമിര്‍ ക്ലോസ് റേഞ്ചില്‍ നിന്ന് ഇടങ്കാലനടിയിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. ഗോളടിച്ചതിന് പിന്നാലെ ക്രൊയേഷ്യ മുന്നേറ്റങ്ങള്‍ തുടര്‍ന്നു. എന്നാല്‍ പാനമ ഗോളിയുടെ തകര്‍പ്പന്‍ സേവുകള്‍ ടീമിന്റെ രക്ഷക്കെത്തി.
ഗോള്‍ തിരിച്ചടിക്കാന്‍ പാനമയും പ്രത്യാക്രമണങ്ങള്‍ നടത്തി. പാനമയുടെ കൗണ്ടര്‍ അറ്റാക്കുകള്‍ ക്രൊയേഷ്യന്‍ ഗോള്‍മുഖം വിറപ്പിച്ചെങ്കിലും ഗോള്‍വല ചലിപ്പിക്കാനായില്ല. ക്രൊയേഷ്യന്‍ ഗോളി ലിവാക്കോവിച്ചിന്റെ സേവുകള്‍ നിര്‍ണായകമായി. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റ ക്രൊയേഷ്യയ്ക്ക് ആശ്വാസമാണ് പാനമയോടുള്ള ജയം.
ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ചിന്റെ 200-ാമത്തെ അന്താരാഷ്ട്ര മത്സരം കൂടിയായിരുന്നു ഇത്. രണ്ടാം തോല്‍വിയോടെ പാനമ ലോകകപ്പില്‍ നിന്ന് പുറത്തായി. ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് നാലുപോയന്റുമായി ഇംഗ്ലണ്ടും ഘാനയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ നിര്‍ണായകമാണ്. 28 ന് ഘാനയുമായിട്ടാണ് ക്രൊയേഷ്യയുടെ അടുത്ത മത്സരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates