

അറ്റ്ലാന്റ: ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീനയോട് 3-2ന് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ, കടുത്ത ആരോപണങ്ങളുമായി ഈജിപ്ത് മുഖ്യപരിശീലകന്‍ ഹോസം ഹസ്സന്‍ രംഗത്ത്. മത്സരത്തില്‍ തങ്ങള്‍ ക്രൂരമായി വഞ്ചിക്കപ്പെട്ടെന്നും, ലോക ചാംപ്യന്മാരായ അര്‍ജന്റീനയെയും സൂപ്പര്‍ താരം ലയണല്‍ മെസിയെയും ടൂര്‍ണമെന്റില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ബോധപൂര്‍വ്വം ശ്രമിച്ചതായും ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. അറ്റ്ലാന്റ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു ഘട്ടത്തില്‍ ഈജിപ്ത് 2-0 ന് മുന്നിലായിരുന്നു. എന്നാല്‍ അവസാന 13 മിനിറ്റില്‍ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് അര്‍ജന്റീന നാടകീയ വിജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തില്‍ റഫറിയുടെ പല തീരുമാനങ്ങളും തങ്ങള്‍ക്ക് കനത്ത തിരിച്ചടിയായെന്ന് ഹോസം ഹസ്സന്‍ ചൂണ്ടിക്കാട്ടി. ഈജിപ്ത് 1-0ന് മുന്നില്‍ നില്‍ക്കുമ്പോള്‍ മുസ്തഫ സിക്കോ നേടിയ ഗോള്‍, മൂവ് തുടങ്ങുന്നതിന് വളരെ മുന്‍പ് മാര്‍ട്ടീനസിനെ ഫൗള്‍ ചെയ്തു എന്ന് കാണിച്ച് വാര്‍ പരിശോധനയിലൂടെ റഫറി റദ്ദാക്കി. അര്‍ജന്റീനയുടെ വിജയഗോളിന് തൊട്ടുമുന്‍പ് ബോക്‌സിനുള്ളില്‍ വെച്ച് ഈജിപ്ഷ്യന്‍ താരം ഹംദി ഫത്തിയെ അര്‍ജന്റീനയുടെ അലക്‌സിസ് മാക് അലിസ്റ്റര്‍ ജേഴ്‌സിയില്‍ പിടിച്ച് വലിച്ചിട്ടിട്ടും റഫറിയോ വാര്‍ സംവിധാനമോ അത് പരിശോധിക്കാന്‍ പോലും തയ്യാറായില്ലെന്ന് ഹസ്സന്‍ ആരോപിച്ചു. ഇതിനെതിരെ പ്രതിഷേധിച്ച ഈജിപ്ഷ്യന്‍ ഗോള്‍കീപ്പര്‍ മുസ്തഫ ഷൊബൈറിന് മഞ്ഞക്കാര്‍ഡും സപ്പോര്‍ട്ടിങ് സ്റ്റാഫിന് ചുവപ്പുകാര്‍ഡും ലഭിച്ചിരുന്നു.
മത്സരത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ വൈകാരികമായാണ് ഹസ്സന്‍ സംസാരിച്ചത്. 'ഇതിനെ വെറുമൊരു നിര്‍ഭാഗ്യം എന്ന് പറഞ്ഞ് ലഘൂകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ അനീതിക്ക് ഇരയായി, ക്രൂരമായി വഞ്ചിക്കപ്പെട്ടു. ഒരുപക്ഷേ അവര്‍ക്ക് ലോക ചാംപ്യന്മാരെ ടൂര്‍ണമെന്റില്‍ നിലനിര്‍ത്തണമായിരിക്കാം. ലയണല്‍ മെസി കളിയില്‍ തുടരണമെന്ന് അവര്‍ ആഗ്രഹിച്ചിട്ടുണ്ടാകാം. ഫുട്‌ബോളില്‍ ചിലപ്പോള്‍ സാങ്കേതികതയ്ക്ക് അപ്പുറമുള്ള ബാഹ്യശക്തികളുടെ ഇടപെടലുകള്‍ ഉണ്ടാകാറുണ്ട്. ലോക ചാംപ്യന്മാര്‍ക്ക് എല്ലാ തലത്തില്‍ നിന്നും പിന്തുണ ലഭിച്ചു.' റഫറിയിങ്ങിലെ അനീതിയില്‍ പ്രതിഷേധിച്ച് ഈ ലോകകപ്പിലെ ബാക്കി മത്സരങ്ങള്‍ താന്‍ കാണില്ലെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.
തോറ്റെങ്കിലും ആഭ്യന്തര ലീഗിലെ കളിക്കാരെ വെച്ച് ലോക ചാംപ്യന്മാരോട് പൊരുതിയ തന്റെ ടീമിനെ കോച്ച് അഭിനന്ദിച്ചു. മെസിയുടെ പെനാല്‍റ്റി തടഞ്ഞ ഗോള്‍കീപ്പര്‍ മുസ്തഫ ഷൊബൈറിന്റെ പ്രകടനവും എടുത്തുപറയേണ്ടതാണ്. മുഹമ്മദ് സലാ, ഒമര്‍ മര്‍മൂഷ് എന്നിവരൊഴികെ ഭൂരിഭാഗം പേരും ഈജിപ്ഷ്യന്‍ ലീഗില്‍ കളിക്കുന്നവരായിട്ടും യൂറോപ്യന്‍ ക്ലബുകളില്‍ കളിക്കുന്ന ലോകോത്തര താരങ്ങളുള്ള അര്‍ജന്റീനയെ വിറപ്പിക്കാന്‍ ഈജിപ്തിന് സാധിച്ചു.
ടൂര്‍ണമെന്റിലെ മത്സരക്രമത്തെയും ഹസ്സന്‍ വിമര്‍ശിച്ചു. പ്രീ-ക്വാര്‍ട്ടര്‍ മത്സരം ഉച്ചയ്ക്ക് 12 മണിക്ക് വെച്ചതിനെതിരെയായിരുന്നു വിമര്‍ശനം. 'ഉച്ചയ്ക്ക് 12 മണിക്ക് ആരെങ്കിലും ഫുട്‌ബോള്‍ കളിക്കുമോ? ആ സമയത്ത് ആളുകള്‍ ഭക്ഷണം കഴിക്കാനോ നടക്കാനോ ആണ് പോകുക. കളിക്കാര്‍ രാവിലെ 7:30 ന് ഭക്ഷണം കഴിക്കണമെന്നാണോ ഇവര്‍ പറയുന്നത്?' ഹസ്സന്‍ ചോദിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച അര്‍ജന്റീന ഇനി സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates