

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് 2026-ന്റെ അവസാന നാല് മത്സരങ്ങള്‍ക്കായി ഉപയോഗിക്കുന്ന, പ്രത്യേക പതിപ്പിലെ ഔദ്യോഗിക മത്സരപ്പന്തായ 'ട്രിയോണ്ട ഫൈനല്‍' (Trionda Final) ഫിഫയും അഡിഡാസും ഔദ്യോഗികമായി അവതരിപ്പിച്ചു. രണ്ട് സെമിഫൈനലുകള്‍, മൂന്നാം സ്ഥാന നിര്‍ണയ മത്സരം, ഫൈനല്‍ എന്നിവയിലാണ് ഈ പുതിയ പന്ത് ഉപയോഗിക്കുക.
ലോകകപ്പിന്റെ ഔദ്യോഗിക പന്തായ 'ട്രിയോണ്ട'യുടെ അതേ അത്യാധുനിക നിര്‍മ്മാണ മികവ് നിലനിര്‍ത്തിക്കൊണ്ടാണ് ഇതിന്റെ രൂപകല്‍പ്പനയില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് അഡിഡാസ് കേവലം നിറങ്ങളില്‍ മാത്രം മാറ്റം വരുത്തുന്നതിന് പകരം, അവസാന ഘട്ട മത്സരങ്ങളുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് പൂര്‍ണമായും സവിശേഷമായ ഒരു ഡിസൈന്‍ അവതരിപ്പിക്കുന്നത്.
സ്വര്‍ണനിറം, വെള്ള, കറുപ്പ് എന്നീ നിറങ്ങളുടെ പ്രീമിയം ഡിസൈനോടെയാണ് ട്രിയോണ്ട ഫൈനല്‍ ഒരുക്കിയിരിക്കുന്നത്. ഫുട്‌ബോളിലെ ഏറ്റവും വലിയ നേട്ടത്തിലേക്കുള്ള യാത്രയെ ആസ്പദമാക്കിയാണ് ഡിസൈന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഫിഫ അറിയിച്ചു. ലോകകപ്പ് ട്രോഫിയെ പ്രതിനിധീകരിക്കുന്ന സ്വര്‍ണനിറമാണ് പന്തിന്റെ പ്രധാന ആകര്‍ഷണം. ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഔദ്യോഗിക മത്സരപ്പന്തിന് സാധാരണ നിറമാറ്റത്തിനപ്പുറം പ്രത്യേക പ്രീമിയം ഡിസൈന്‍ നല്‍കുന്നത്. ടൂര്‍ണമെന്റിന്റെ നിര്‍ണായക ഘട്ടങ്ങളുടെ പ്രൗഢി പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ട്രിയോണ്ട ഫൈനലിന് സ്വര്‍ണ ഫിനിഷ് നല്‍കിയിരിക്കുന്നത്.
2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന 16 നഗരങ്ങളെയും ഈ ഡിസൈനിലൂടെ ആദരിക്കുന്നുണ്ട്. സെമിഫൈനലുകള്‍, ലൂസേഴ്‌സ് ഫൈനല്‍, ഫൈനല്‍ എന്നിവയ്ക്ക് വേദിയാകുന്ന ഡാലസ്, അറ്റ്ലാന്റ, മയാമി, ന്യൂയോര്‍ക്ക്/ന്യൂജേഴ്‌സി എന്നീ നഗരങ്ങള്‍ പന്തിന്റെ പ്രധാന ഡിസൈന്‍ ഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ബോസ്റ്റണ്‍, ഗ്വാഡലഹാര, ഹൂസ്റ്റണ്‍, കാന്‍സസ് സിറ്റി, ലോസ് ആഞ്ചലസ്, മെക്‌സിക്കോ സിറ്റി, മോണ്ടെറേ, ഫിലഡല്‍ഫിയ, സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയ, സിയാറ്റില്‍, ടൊറന്റോ, വാങ്കൂവര്‍ എന്നീ മറ്റ് ആതിഥേയ നഗരങ്ങളെയും ത്രികോണാകൃതിയിലുള്ള ഗ്രാഫിക് ഡിസൈന്‍ ഘടകങ്ങളിലൂടെ ഉള്‍പ്പെടുത്തി, ടൂര്‍ണമെന്റിന്റെ വിജയത്തില്‍ അവരുടെ സംഭാവനയെ അംഗീകരിച്ചിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates