

ന്യൂയോർക്ക്: ആവേശം വാനോളമുയർത്തിയ 100 മത്സരങ്ങൾക്കും ഒരു മാസത്തിലേറെ നീണ്ടുനിന്ന കനത്ത പോരാട്ടങ്ങൾക്കും ഒടുവിൽ 2026 ഫിഫ ലോകകപ്പ് അതിന്റെ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനി കിരീടത്തിലേക്ക് നാല് ടീമുകൾ മാത്രം. ഫിഫ റാങ്കിങ് സമ്പ്രദായം ആരംഭിച്ച 1992ന് ശേഷം ചരിത്രത്തിലാദ്യമായി ആദ്യ നാല് റാങ്കിലുള്ള നാല് ടീമുകൾ തന്നെ- ഫ്രാൻസ്, അർജന്റീന, സ്പെയിൻ, ഇംഗ്ലണ്ട്- സെമി ഫൈനലിൽ പ്രവേശിച്ചു എന്ന പ്രത്യേകതയും ഈ ലോകകപ്പിനുണ്ട്. മാത്രമല്ല 1990ലെ ലോകകപ്പിന് ശേഷം സെമിയിലെത്തിയ നാല് ടീമുകളും മുൻ ലോക ചാംപ്യന്മാരാകുന്നതും ഇതാദ്യമായാണ്. ഇത് 4 ടീമുകളുടേയും കളിമികവും പാരമ്പര്യവും വ്യക്തമാക്കുന്നു.
ആദ്യമായി 48 ടീമുകൾ മാറ്റുരച്ച 104 മത്സരങ്ങളും 32 നോക്കൗട്ട് പോരാട്ടങ്ങളും ഉൾപ്പെട്ട ഈ വൻ ലോകകപ്പിൽ ആര് കിരീടം ചൂടുമെന്നതിനെക്കുറിച്ച് കഴിഞ്ഞ ഒരു മാസമായി വലിയ ചർച്ചകളാണ് നടക്കുന്നത്. അപ്രതീക്ഷിത ജയങ്ങളും വമ്പന്മാരുടെ വീഴ്ചയും അപ്രതീക്ഷിത മുന്നേറ്റങ്ങളും ഈ ലോകകപ്പിൽ കണ്ടെങ്കിലും അവസാന വാരത്തിലേക്ക് കടക്കുമ്പോൾ ഫിഫ റാങ്കിങിൽ മുന്നിലുള്ള കരുത്തർ തന്നെയാണ് അവശേഷിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും, തുടർന്ന് റൗണ്ട് ഓഫ് 32, റൗണ്ട് ഓഫ് 16, ക്വാർട്ടർ ഫൈനൽ എന്നിവയുമടക്കം ആറ് റൗണ്ട് പോരാട്ടങ്ങൾ അതിജീവിച്ചാണ് ഈ നാല് മുൻനിര ടീമുകൾ ലോക കിരീടത്തിന് വെറും രണ്ട് വിജയങ്ങൾ മാത്രം അകലെ എത്തി നിൽക്കുന്നത്.
പ്രവചന വിപണയിലെ മുൻതൂക്കം
നാല് വമ്പൻ ടീമുകൾ സെമിയിലെത്തിയതോടെ ആരാകും കപ്പുയർത്തുക എന്ന ചോദ്യമാണ് ആരാധകരുടെ മനസിൽ. പ്രവചനങ്ങൾ വ്യക്തിഗതമാണെങ്കിലും ബെറ്റിങ് മാർക്കറ്റ് പൊതുജനങ്ങളുടെ താത്പര്യം കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ട്. ഈ ലോകകപ്പിലെ പ്രവചന പ്ലാറ്റ്‌ഫോമുകളായ പോളിമാർക്കറ്റ്, കൽഷി എന്നിവയിലൂടെ ഏകദേശം 5.3 ബില്യൺ ഡോളറിലധികം തുകയുടെ ബെറ്റിങാണ് നടന്നിട്ടുള്ളത്. ഇതിൽ 4.2 ബില്യൺ ഡോളർ പോളിമാർക്കറ്റിലും 1.1 ബില്യൺ ഡോളർ കൽഷിയിലുമാണ് പണയം വെക്കപ്പെട്ടിട്ടുള്ളത്. ടൂർണമെന്റ് വിജയി, ഗോൾഡൻ ബൂട്ട്, ഗോൾഡൻ ബോൾ തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് പ്രവചനങ്ങൾ.
സെമി ഫൈനൽ സാധ്യതകൾ
ഫ്രാൻസ് vs സ്പെയിൻ: കൽഷിയുടെ കണക്കനുസരിച്ച് ഫ്രാൻസിനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ഫ്രാൻസ് ഫൈനലിലെത്താൻ 59% സാധ്യത പ്രവചിക്കുമ്പോൾ സ്പെയിന് 41% സാധ്യതയാണുള്ളത്. ഈ മത്സരത്തിൽ മാത്രം ഏകദേശം 9 മില്യൺ ഡോളറിലധികം ബെറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
അർജന്റീന vs ഇംഗ്ലണ്ട്: രണ്ടാമത്തെ സെമി ഫൈനൽ പോരാട്ടം വളരെ കടുത്തതായിരിക്കുമെന്നാണ് പ്രവചനം. നിലവിലെ ചാംപ്യന്മാരായ അർജന്റീനയ്ക്കെതിരെ ഇംഗ്ലണ്ടിന് നേരിയ മുൻതൂക്കമുണ്ട്. ഇംഗ്ലണ്ടിന് 54% ജയസാധ്യത കൽപ്പിക്കുമ്പോൾ അർജന്റീനയ്ക്ക് 46% സാധ്യതയാണ് നൽകുന്നത്. ഈ മത്സരത്തിൽ ഏകദേശം 2.8 മില്യൺ ഡോളർ ബെറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
പോളിമാർക്കറ്റിലെ ട്രെൻഡും ഇതിന് സമാനമാണ്. ഇവിടെയും ഫ്രാൻസ്- ഇംഗ്ലണ്ട് ഫൈനലിനാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. സ്പെയിൻ-ഫ്രാൻസ് മത്സരത്തിനായി 7.6 മില്യൺ ഡോളർ ബെറ്റ് ചെയ്തപ്പോൾ. അർജന്റീന- ഇംഗ്ലണ്ട് മത്സരത്തിന് 1 മില്യൺ ഡോളറാണ് ബെറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.
കിരീട ഫേവറിറ്റുകൾ
ആരാണ് ഇത്തവണ ലോകകപ്പ് നേടുക എന്ന ചോദ്യത്തിന് ബെറ്റിങ് വിപണി നൽകുന്ന ഉത്തരം ഫ്രാൻസ് എന്നാണ്. രണ്ട് പ്രവചന പ്ലാറ്റ്‌ഫോമുകളിലുമായി ഏകദേശം 39% ആളുകളും ദിദിയർ ദെഷാംപ്സിന്റെ ഫ്രഞ്ച് പട കിരീടം നേടുമെന്നാണ് പ്രവചിക്കുന്നത്. ഇതിന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തിനായി കടുത്ത മത്സരമാണ് നടക്കുന്നത്. 22% സാധ്യതയോടെ ഇംഗ്ലണ്ട് രണ്ടാമതും, തൊട്ടുപിന്നാലെ 21% സാധ്യതയുമായി സ്പെയിനും നിലകൊള്ളുന്നു. അർജന്റീന അവസാന സ്ഥാനത്താണ്. നിലവിൽ 18% ആണ് സാധ്യത പ്രവചിക്കുന്നത്. നിലവിലെ ചാംപ്യന്മാരും സാക്ഷാൽ ലയണൽ മെസിയുടെ സാന്നിധ്യവുമുണ്ടായിട്ടും അർജന്റീന ഏറ്റവും കുറഞ്ഞ സാധ്യത കൽപ്പിക്കപ്പെടുന്ന (18%) ടീമായി മാറിയത് പലരെയും അത്ഭുതപ്പെടുത്തുന്നു.
ഫൈനൽ ആരൊക്കെ
ഫ്രാൻസ് vs ഇംഗ്ലണ്ട്: 35% സാധ്യത
ഫ്രാൻസ് vs അർജന്റീന (2022ന്റെ ആവർത്തനം): 28% സാധ്യത
സ്പെയിൻ vs ഇംഗ്ലണ്ട്: 21% സാധ്യത
സ്പെയിൻ vs അർജന്റീന: 20% സാധ്യത
ഗോൾഡൻ ബൂട്ട്
ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് പോരാട്ടം നിലവിൽ അത്യന്തം ആവേശകരമായ നിലയിലാണ്. നിലവിൽ കിലിയൻ എംബാപ്പെയും ലയണൽ മെസിയും 8 ഗോളുകളുമായി ഒന്നാം സ്ഥാനത്ത് ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. എന്നാൽ ഹാരി കെയ്ൻ 6 ഗോളുകളുമായി ഇവർക്ക് തൊട്ടുപിന്നിലുണ്ട്.
എങ്കിലും പ്രവചന വിപണി എംബാപ്പെ ഗോൾഡൻ ബൂട്ട് നേടുമെന്നാണ് കൂടുതൽ വിശ്വസിക്കുന്നത്. പോളിമാർക്കറ്റിൽ 56%ഉം കൽഷിയിൽ 61%ഉം സാധ്യത എംബാപ്പെക്കാണ് കൽപ്പിക്കുന്നത്. മെസിക്ക് യഥാക്രമം 34%, 31% സാധ്യതകളും ഹാരി കെയ്ന് വെറും 5%, 4% സാധ്യതകളുമാണുള്ളത്. മുന്നിലുള്ള എല്ലാ താരങ്ങളും ഇപ്പോഴും ടൂർണമെന്റിൽ കളിക്കുന്നതിനാൽ ഈ പോരാട്ടം ഫൈനൽ വരെ നീളുമെന്നുറപ്പാണ്.
ഗോൾഡൻ ബോൾ (ടൂർണമെന്റിലെ മികച്ച താരം)
മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരത്തിനായി വലിയ തുകയാണ് ബെറ്റിങ് വിപണിയിൽ ഒഴുകുന്നത്. ഇതിലും എംബാപ്പെ തന്നെയാണ് മുന്നിൽ (പോളിമാർക്കറ്റിൽ 56%, കൽഷിയിൽ 61%). തൊട്ടുപിന്നിൽ മെസിയുമുണ്ട് (34% & 31%). കൂടാതെ ഇംഗ്ലീഷ് യുവതാരം ജൂഡ് ബെല്ലിംങ്ഹാമും (രണ്ട് പ്ലാറ്റ്‌ഫോമുകളിലും 18%) മികച്ച പ്രകടനത്തോടെ മത്സര രംഗത്തുണ്ട്.
മികച്ച യുവതാരം
സ്പാനിഷ് കൗമാര വിസ്മയം ലാമീൻ യമാൽ ആണ് ഈ പുരസ്കാരത്തിനായുള്ള പ്രവചനങ്ങളിൽ ബഹുദൂരം മുന്നിൽ. യമാലിന് പോളിമാർക്കറ്റിൽ 42%ഉം കൽഷിയിൽ 46%ഉം പിന്തുണ ലഭിക്കുമ്പോൾ, ഫ്രാൻസിന്റെ ദിസയർ ദുവെ, സ്പെയിനിന്റെ കുബാർസി എന്നിവരാണ് തൊട്ടുപിന്നിലുള്ളത്.
ഗോൾഡൻ ഗ്ലൗ (മികച്ച ഗോൾകീപ്പർ)
ഫ്രാൻസിന്റെ ഗോൾ കീപ്പർ മൈക്ക് മെയ്നൻ 37- 38% പിന്തുണയോടെ ഈ പുരസ്കാരത്തിനായി മുന്നിട്ടുനിൽക്കുന്നു. സ്പാനിഷ് ഗോളി ഉനായ് സിമോൺ തൊട്ടുപിന്നിലായുണ്ട്.
ഫെയർ പ്ലേ അവാർഡ്
ടൂർണമെന്റിൽ നിന്ന് ക്വാർട്ടറിൽ പുറത്തായെങ്കിലും നോർവേ തന്നെയാണ് ഈ പുരസ്കാരം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന ടീം (ഏകദേശം 90% സാധ്യത).
ശേഷിക്കുന്ന മത്സരക്രമം
സ്പെയിൻ vs ഫ്രാൻസ് (ഒന്നാം സെമി): ജൂലൈ 14ന് ടെക്സാസിലെ ആർലിങ്ടണിൽ. ഇന്ത്യൻ സമയം രാത്രി 12.30
അർജന്റീന vs ഇംഗ്ലണ്ട് (രണ്ടാം സെമി): ജൂലൈ 15ന് അറ്റ്ലാന്റയിൽ. ഇന്ത്യൻ സമയം രാത്രി 12.30
മൂന്നാം സ്ഥാനത്തിനായുള്ള മത്സരം: ജൂലൈ 19ന് മയാമിയിൽ. ഇന്ത്യൻ സമയം പുലർച്ചെ 2.30
ഫൈനൽ പോരാട്ടം: ജൂലൈ 19ന് ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയം. ഇന്ത്യൻ സമയം രാത്രി 12.30
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates