

ലിമ: കളിക്കളത്തിനകത്തും പുറത്തും ഒരുപോലെ ആരാധകരെ വിസ്മയിപ്പിക്കുന്ന നോര്‍വീജിയന്‍ സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ടിന്റെ ഫുട്‌ബോള്‍ വീര്യം ഇപ്പോള്‍ ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിലും അലയടിക്കുകയാണ്. ലോകകപ്പിലെ ഹാളണ്ടിന്റെ ഗംഭീര പ്രകടനത്തില്‍ ആകൃഷ്ടരായ പെറുവിലെ നൂറുകണക്കിന് മാതാപിതാക്കളാണ് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഈ ഫുട്‌ബോള്‍ നായകന്റെ പേര് നല്‍കിയിരിക്കുന്നത്.
പെറുവിലെ 'നാഷണല്‍ രജിസ്ട്രി ഓഫ് ഐഡന്റിഫിക്കേഷന്‍ ആന്‍ഡ് സിവില്‍ സ്റ്റാറ്റസ്' പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, രാജ്യത്തെ 468 കുഞ്ഞുങ്ങള്‍ക്ക് സര്‍നെയിം ഇപ്പോള്‍ത്തന്നെ 'ഹാളണ്ട്' എന്നാണ്. 91 കുഞ്ഞുങ്ങള്‍ക്ക് 'എര്‍ലിങ് ഹാളണ്ട്' എന്നുതന്നെ മുഴുവന്‍ പേരും നല്‍കി മാതാപിതാക്കള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കളിക്കളത്തിലെ ഗോളടി മികവും കളിക്കളത്തിന് പുറത്തെ സൗമ്യമായ പെരുമാറ്റവും കൊണ്ട് ഹാളണ്ട് നേടിയെടുത്ത ജനപ്രീതിയുടെ തെളിവാണ് അതിരുകള്‍ കടന്ന് പെറുവിലെ തൊട്ടിലുകളില്‍ വരെ മുഴങ്ങുന്ന അദ്ദേഹത്തിന്റെ പേര്.
യൂറോപ്യന്‍ വമ്പന്മാരായ നോര്‍വെയെ നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പിലേക്ക് നയിച്ച ഹാളണ്ട്, ഈ ടൂര്‍ണമെന്റില്‍ തന്റെ കന്നി അങ്കത്തില്‍ത്തന്നെ 7 ഗോളുകള്‍ അടിച്ചുകൂട്ടി അമ്പരപ്പിച്ചു. പ്രീ-ക്വാര്‍ട്ടറില്‍ കരുത്തരായ ബ്രസീലിനെതിരെ നേടിയ രണ്ട് നിര്‍ണായക ഗോളുകളിലൂടെ നോര്‍വെയെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിക്കാന്‍ ഹാളണ്ടിനായി. ഇതോടെയാണ് പെറുവിലും താരത്തിനായുള്ള ആരാധക പ്രവാഹം ഇരട്ടിച്ചത്.
'ഫുട്‌ബോള്‍ താരങ്ങളാണ് പലപ്പോഴും പെറുവിലെ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ക്ക് പേരിടാനുള്ള പ്രചോദനമാകുന്നത്, നോര്‍വെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയതോടെ കുഞ്ഞുങ്ങള്‍ക്ക് ഹാളണ്ടിന്റെ പേരിടുന്നതില്‍ വലിയ വര്‍ധനയാണ് ഉണ്ടായത്. ഇപ്പോള്‍ ഹാളണ്ട് ഒരു പെറുക്കാരന്‍ കൂടിയാണ് എന്ന് പറയേണ്ടി വരും -പെറു സിവില്‍ രജിസ്ട്രി വക്താവ് ഇവാന്‍ ടോറസ് ഒരു പ്രാദേശിക ടെലിവിഷന്‍ ചാനലില്‍ പറഞ്ഞു.
ടീം ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും, നോര്‍വീജിയന്‍ ഫുട്‌ബോളിന്റെ ഭാവിയില്‍ ഹാളണ്ട് അതീവ പ്രതീക്ഷയിലാണ്. 'നോര്‍വെയെ ലോക ഫുട്‌ബോള്‍ ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു എന്നതാണ് ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നത്. വരും വര്‍ഷങ്ങളില്‍ യൂറോ കപ്പിലും ലോകകപ്പിലുമെല്ലാം നിരന്തര സാന്നിധ്യമാകാന്‍ ഞങ്ങള്‍ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നോര്‍വെ ജഴ്‌സി അണിഞ്ഞ് വലിയ വേദികളില്‍ കളിക്കാന്‍ സാധിക്കുമെന്നത് ഞങ്ങളുടെ നാട്ടിലെ പുതിയ തലമുറയ്ക്ക് വലിയ പ്രചോദനമാകും' -25കാരനായ സ്‌ട്രൈക്കര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates