

ഈ ലോകകപ്പിൽ സവിശേഷ രീതിയിൽ ശ്രദ്ധ നേടിയ താരമാണ് നോർവേയുടെ എർലിങ് ഹാളണ്ട്. താരത്തിന്റെ പിച്ചിലെ സാന്നിധ്യവും പന്തുമായുള്ള മുന്നേറ്റവും ഗോളടിക്കാനുള്ള മികവും എല്ലാം മറ്റ് താരങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഇത്തരമൊരു കരിയറിലേക്ക് ഹാളണ്ട് വളർന്നു വന്നതിനു പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. 7 ഗോളുകളുമായി നോർവേയുടെ അത്ഭുത മുന്നേറ്റത്തിനു ചുക്കാൻ പിടിക്കുന്ന റോബർട്ട് ആയി ഹാളണ്ടിന്റെ കരിയർ രൂപപ്പെടുത്തുന്നതിൽ നോർവേ, മാഞ്ചസ്റ്റർ സിറ്റി ടീമിലെ പരിശീലക സംഘത്തിന്റ മിടുക്ക് മാത്രമല്ല ഉള്ളത്. മറ്റൊരു അത്ഭുത മനുഷ്യന്റെ സാന്നിധ്യം കൂടി ഹാളണ്ടിന്റെ കരിയറിൽ ഉണ്ട്.
പരിക്കുകളാൽ വലയുമ്പോൾ ഇംഗ്ലണ്ടിലെ അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളൊന്നും സ്വീകരിക്കാൻ നിൽക്കാതെ അതെല്ലാം ഉപേക്ഷിച്ച് ഹാളണ്ട് സ്പെയിനിലേക്കോ അല്ലെങ്കിൽ ലെബനനിലേക്കോ പറക്കും. അവിടെ ഹാളണ്ടിനെ കാത്ത് ഒരു 'മിറാക്കിൾ മാൻ' ഉണ്ട്. ഫുട്ബോൾ ലോകത്തെ ആ വലിയ രഹസ്യം ഇപ്പോൾ പുറത്തുവന്നു. ഫുട്ബോൾ ലോകത്ത് 'മിറാക്കിൾ മാൻ' എന്നും 'ദ ഫിക്സർ' എന്നും അറിയപ്പെടുന്ന ബയോമെക്കാനിക്സ് വിദഗ്ദ്ധൻ ജോൺ ഹദ്ദാദ് ആണ് ഹാളണ്ടിന്‍റെ കരുത്തിന്റേയും ഗോളടിയുടേയും മുന്നേറ്റത്തിന്റേയും ആത്മവിശ്വാസം.
പണ്ട് ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്മുണ്ടിൽ കളിക്കുന്ന കാലത്ത് വിട്ടുമാറാത്ത പേശി പരിക്കുകൾ ഹാളണ്ടിനെ അലട്ടിയിരുന്നു. ആ സമയത്താണ് ഹാളണ്ടിന്‍റെ പിതാവും മുൻ താരവുമായ ആൽഫ് ഇൻഗെ ഹാളണ്ട് വഴി ജോൺ ഹദ്ദാദിനെ എർലിങ് ഹാളണ്ട് പരിചയപ്പെടുന്നത്. പരമ്പരാഗത ഫിസിയോതെറാപ്പി ആയിരുന്നില്ല ജോൺ ഹദ്ദാദിന്റെ രീതി. മനുഷ്യ ശരീരത്തിന്‍റെ ബയോമെക്കാനിക്സിനെയും പ്രകൃതിദത്തമായ രോഗ ശാന്തിയേയും അടിസ്ഥാനമാക്കിയുള്ളതാണ് ഹദ്ദാദിന്‍റെ ചികിത്സ. സ്പെയിനിലെ മാർബെല്ലയിലും ലെബനനിലുമാണ് ഹദ്ദാദിന്റെ പ്രധാന ക്ലിനിക്കുകൾ.
ഹാളണ്ടിന്‍റെ അതിവേഗ തിരിച്ചുവരവിന് പിന്നിൽ ഹദ്ദാദിന്‍റെ ചില അത്ഭുതകരമായ തന്ത്രങ്ങളുണ്ട്. ഹാളണ്ട് ഉറങ്ങുന്നതിന് മുൻപ് ധരിക്കുന്ന പ്രത്യേക ചുവപ്പ് കണ്ണടകൾ ഡിസൈൻ ചെയ്തത് ഹദ്ദാദാണ്. സ്‌ക്രീനുകളിൽ നിന്നുള്ള നീലവെളിച്ചത്തെ തടയുന്ന ഈ കണ്ണടകൾ താരത്തിന് മികച്ച ഉറക്കവും വേഗത്തിലുള്ള കോശ വളർച്ചയും ഉറപ്പാക്കുന്നു. ഹാളണ്ടിന്‍റെ ഓട്ടത്തിന്‍റെ ശൈലി പോലും ഹദ്ദാദിന്‍റെ നിർദ്ദേശപ്രകാരം മാറ്റിയെടുത്തതാണ്. ഇത് സന്ധികളിലെയും പേശികളിലെയും അമിത സമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചു.
കൃത്രിമ മരുന്നുകളേക്കാൾ സൂര്യപ്രകാശം, കടൽ വെള്ളം, കൃത്യമായ വിശ്രമം എന്നിവയിലൂടെ ശരീരത്തിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന രീതിയാണ് അദ്ദേഹം പിന്തുടരുന്നത്. 'അദ്ദേഹം വെറുമൊരു ഫിസിയോ അല്ല എന്‍റെ ശരീരത്തെ എന്നേക്കാൾ നന്നായി മനസിലാക്കുന്ന ആളാണ്'- ജോൺ ഹദ്ദാദിനെക്കുറിച്ച് ഹാളണ്ട് ഒരിക്കൽ പറഞ്ഞു.
ലോക ഫുട്ബോളിലെ സൂപ്പർ താരത്തിലേക്ക് അതിവേഗം ഓടിക്കയറുമ്പോഴും ഹാളണ്ട് ഹദ്ദാദിന്‍റെ സേവനം തേടുന്നത് അദ്ദേഹത്തിന്‍റെ ചികിത്സാ രീതിയിലുള്ള വിശ്വാസം കൊണ്ടാണ്. പരിക്കുകളിൽ നിന്ന് റെക്കോർഡ് വേഗത്തിൽ മോചിതനായി ഹാളണ്ട് വീണ്ടും വീണ്ടും മൈതാനത്ത് വിസ്മയം തീർക്കുന്നത് ജോൺ ഹദ്ദാദിന്റെ പിൻബലത്തിൽ തന്നെ.