

ബൊഗോട്ട: ഫിഫ ലോകകപ്പിൽ നിന്നു പുറത്തായതിനു പിന്നാലെ കൊളംബിയൻ മധ്യനിര താരം ജാമിന്റൻ കാംപാസിനു വധഭീഷണി. കാംപാസിനും കുടുംബത്തിനു നേരെയാണ് വൻ തോതിൽ ഭീഷണി സന്ദേശങ്ങൾ വരുന്നത്. കാംപാസിനു നേരെയുണ്ടായ വധഭീഷണികൾ കൊളംബിയൻ ഫുട്ബോൾ ചരിത്രത്തിലെ കറുത്തൊരു ഓർമ്മയെക്കൂടിയാണ് വീണ്ടും ഉണർത്തുന്നത്.
1994ൽ അമേരിക്കയിൽ നടന്ന ഫിഫ ലോകകപ്പിൽ യുഎസിനെതിരായ മത്സരത്തിൽ അബദ്ധത്തിൽ സെൽഫ് അടിച്ചതിന്റെ പേരിൽ കൊളംബിയൻ പ്രതിരോധ താരം ആന്ദ്രെ എസ്കോബാറിനു ബലി നൽകേണ്ടി വന്നത് സ്വന്തം ജീവനാണ്. ലോകകപ്പിൽ നിന്നു പുറത്തായി ദിവസങ്ങൾക്ക് ശേഷം മെഡെലിനിൽ വച്ച് എസ്കോബാർ വെടിയേറ്റ് മരിക്കുകയായിരുന്നു. രാജ്യത്തിന്റെ ഫുട്ബോൾ ചരിത്രത്തിന്മേൽ ഇന്നും കരിനിഴൽ വീഴ്ത്തുന്ന ഒരു വലിയ ദുരന്തമാണത്. ഇപ്പോഴിതാ മറ്റൊരു കൊളംബിയൻ താരവും സമ്മാനി ഭീഷണിക്കു മുന്നിൽ.
ചൊവ്വാഴ്ച വാൻകൂവറിൽ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സ്വിറ്റ്‌സർലൻഡിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 ന് പരാജയപ്പെട്ടാണ് കൊളംബിയ പുറത്തായത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോളൊന്നും നേടാനാകാതെ സമനിലയിൽ പിരിയുകയായിരുന്നു. അർജന്റീനിയൻ ക്ലബ്ബായ റൊസാരിയോ സെൻട്രലിന്റെ താരമായ കാംപാസിന് അധിക സമയത്ത് ലഭിച്ച സുവർണാവസരം ഗോളാക്കി മാറ്റാൻ കഴിഞ്ഞിരുന്നില്ല. മത്സരം സമനിലയിൽ നിൽക്കെ താരം തൊടുത്ത ഷോട്ട് പുറത്തേക്ക് പോയതോടെ വലിയ തോതിലുള്ള വിമർശനങ്ങളാണ് കാംപാസിന് നേരിടേണ്ടി വന്നത്.
തോൽവിക്ക് പിന്നാലെ കാംപാസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അധിക്ഷേപകരമായ സന്ദേശങ്ങളും വധ ഭീഷണികളും നിറയുകയായിരുന്നു. ഇതേത്തുടർന്ന് താരം തന്റെ പോസ്റ്റുകളുടെ കമന്റ് ബോക്സ് പരിമിതപ്പെടുത്തുകയും മുൻകരുതൽ എന്ന നിലയിൽ മറ്റ് സഹതാരങ്ങൾക്കൊപ്പം കൊളംബിയയിലേക്ക് മടങ്ങാതെ ഇരിക്കുകയുമാണ്.
മത്സരത്തിലെ തോൽവിക്ക് ശേഷം നിരാശയോടെ മുഖം പൊത്തി നിൽക്കുന്ന സ്വന്തം ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് കാംപാസും ഭീഷണികളോടു പ്രതികരിച്ചു.
'ഫുട്ബോളിൽ ഇത്തരം കഠിനമായ നിമിഷങ്ങളും ഉണ്ടാകാറുണ്ട്. എന്റെ കൊളംബിയ, ദയവായി പരസ്പര ബഹുമാനം കൈവിടാതിരിക്കൂ. നമുക്ക് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകാം, അല്ലെങ്കിൽ കടുത്ത നിരാശയും സങ്കടവും തോന്നാം, എന്നാൽ ഒരു വികാരവും വെറുപ്പിനെയോ ഭയത്തോടെ ജീവിക്കുന്നതിനെയോ ന്യായീകരിക്കുന്നില്ല'- താരം കുറിച്ചു.
വധ ഭീഷണികളെ അപലപിച്ച് കൊളംബിയ ഫുട്ബോൾ ഫെഡറേഷനും രംഗത്തെത്തി. ജാമിന്റൻ കാംപസിനും അദ്ദേഹത്തിന്റെ കുടുംബത്തിനും നേരെ ഉയരുന്ന വധഭീഷണികളെ കൊളംബിയൻ ഫുട്ബോൾ ഫെഡറേഷൻ ശക്തമായി അപലപിച്ചു. ഭീഷണിക്ക് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ അധികാരികളോട് ആവശ്യപ്പെട്ട ഫെഡറേഷൻ, ഫുട്ബോൾ ഒരിക്കലും അക്രമത്തിനുള്ള വേദിയാകരുതെന്ന് ഊന്നിപ്പറഞ്ഞു. ഭീഷണിക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ അടിയന്തര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊളംബിയൻ അറ്റോർണി ജനറലിന്റെ ഓഫീസിനെ സമീപിച്ചതായും ഫെഡറേഷൻ സ്ഥിരീകരിച്ചു.
'ഒരു കായിക വേദിയിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിന്റെ പേരിൽ ഒരൊറ്റ താരമോ അവരുടെ കുടുംബാംഗങ്ങളോ ഇത്തരം ഭീഷണികൾക്കും പീഡനങ്ങൾക്കും ഇരയാകാൻ പാടില്ല. ഫുട്ബോൾ എപ്പോഴും ഒരുമയുടെയും ബഹുമാനത്തിന്റെയും പ്രതീക്ഷയുടെയും ഇടമായിരിക്കണം, അല്ലാതെ ഒരിക്കലും വെറുപ്പിന്റെയോ ഭയപ്പെടുത്തലിന്റെയോ അക്രമത്തിന്റെയോ വേദിയാകരുത്. കായിക രംഗത്തെ നിരാശ യഥാർഥ ജീവിതത്തിലെ അക്രമങ്ങളിലേക്ക് വഴിമാറരുതെന്ന് ആരാധകരോട് അഭ്യർത്ഥിക്കുന്നു'- പ്രസ്താവനയിൽ ഫെഡറേഷൻ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates