

മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിന്റെ ആവേശകരമായ ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഗോൾ നേടിയതോടെ, ലോകകപ്പ് ചരിത്രത്തിലെ ഒരു അപൂർവ നേട്ടം സ്വന്തമാക്കി മെക്സിക്കൻ സ്ട്രൈക്കർ ജൂലിയൻ ക്വിനോനെസ്. 48 ടീമുകളുമായി ചരിത്രത്തിലാദ്യമായാണ് ഇത്രയും ദൈർഘ്യമുള്ള ലോകകപ്പ് അരങ്ങേറുന്നത്. ഈ ചരിത്ര ടൂർണമെന്റിൽ ആദ്യ ഗോൾ നേടുന്ന താരമായി ക്വിനോനെസ് മാറി. കളിയുടെ 9ാം മിനിറ്റിലാണ് 29കാരനായ താരം വല ചലിപ്പിച്ച് ചരിത്രത്തിന്റെ ഭാഗമായത്.
ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ 2,721ാം ഗോളാണ് ക്വിനോനെസ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയത്. ലോകകപ്പിൽ നടന്ന 965 മത്സരങ്ങളിൽ നിന്നായി പിറക്കുന്ന 2,721ാം ഗോളായിരുന്നു ഇത്.
ലോകകപ്പ് ഉദ്ഘാടന മത്സരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ ഗോളാണിത്. ഫിലിപ്പ് ലാം (ജർമ്മനി, 2006) 6ാം മിനിറ്റ്, സെസാർ സാംപായോ (ബ്രസീൽ, 1998) 4ാം മിനിറ്റ്. ഇരുവർക്കും ശേഷം 9ാം മിനിറ്റിൽ ക്വിനോനെസിന്റെ ഗോളും മൂന്നാമതായി ഇടം പിടിച്ചു. കൊളംബിയയിൽ ജനിച്ച് മെക്സിക്കോയ്ക്കായി കളിക്കുന്ന ക്വിനോനെസ് ഉദ്ഘാടന മത്സരത്തിൽ ഗോളടിച്ച് ഇതിഹാസങ്ങളായ പെലെ, യുർഗൻ ക്ലിൻസ്മാൻ, ഫിലിപ്പ് ലാം എന്നിവരടങ്ങുന്ന പ്രമുഖരുടെ നിരയിലേക്കാണ് ഇപ്പോൾ നടന്നു കയറിയിരിക്കുന്നത്.
* 1930ൽ നടന്ന പ്രഥമ ലോകകപ്പിൽ ഫ്രാൻസിന്റെ ലൂസിയൻ ലോറന്റ് നേടിയ ഗോളാണ് ലോകകപ്പിലെ ആദ്യ ഗോൾ.
* ലോകകപ്പിലെ ആദ്യ ഗോൾ നേടുകയും, അതേ വർഷം തന്നെ സ്വന്തം ടീമിനെ ലോക കിരീടത്തിലേക്ക് നയിക്കുകയും ചെയ്ത ഒരേയൊരു താരം വെസ്റ്റ് ജർമനിയുടെ പൗൾ ബ്രൈറ്റ്നർ മാത്രമാണ്. 1974ലാണ് താരത്തിന്റെ പ്രകടനം.
* ലോകകപ്പ് ഉദ്ഘാടന മത്സരങ്ങളുടെ ചരിത്രത്തിൽ ആദ്യമായി സെൽഫി ഗോൾ നേടിയതിന്റെ മോശം റെക്കോർഡ് ബ്രസീൽ താരം മാഴ്സലോയുടെ പേരിലാണ്. 2014 ലോകകപ്പിൽ ക്രൊയേഷ്യക്കെതിരായ ടൂർണമെന്റിലെ ഉദ്ഘാടന പോരാട്ടത്തിലാണ് മാഴ്സലോണയുടെ ഓൺ ഗോൾ പിറവി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates