ആവേശപ്പോരിൽ സ്പെയിനെ പൂട്ടി; പ്രീ ക്വാർട്ടർ സാധ്യത നിലനിർത്തി ജർമനി

ലോകകപ്പ് ഫുട്ബോളിൽ ​ഗ്രൂപ്പ് ഇയിലെ വാശിയേറിയ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞ് സ്പെയിനും ജർമനിയും
മത്സരശേഷം ജര്‍മന്‍, സ്‌പെയിന്‍ താരങ്ങള്‍ പരസ്പരം കെട്ടിപ്പിടിക്കുന്ന ദൃശ്യം, image credit: fifa world cup
മത്സരശേഷം ജര്‍മന്‍, സ്‌പെയിന്‍ താരങ്ങള്‍ പരസ്പരം കെട്ടിപ്പിടിക്കുന്ന ദൃശ്യം, image credit: fifa world cup
Updated on
2 min read

ദോഹ: ലോകകപ്പ് ഫുട്ബോളിൽ ​ഗ്രൂപ്പ് ഇയിലെ വാശിയേറിയ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞ് സ്പെയിനും ജർമനിയും. അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഇതോടെ ആദ്യ മത്സരത്തിൽ ജപ്പാനോട് തോറ്റ ജർമനിക്ക് പ്രീ ക്വാർട്ടർ സാധ്യത ഉയർന്നു. അടുത്ത മത്സരത്തിൽ കോസ്റ്റാറിക്കയെ തോൽപ്പിച്ചാൽ ജർമനിക്ക് പ്രീ ക്വാർട്ടറിൽ എത്താൻ സാധിച്ചേക്കും.

സ്പെയിനു വേണ്ടി 62–ാം മിനിറ്റിൽ അൽവാരോ മൊറാട്ട ഗോൾ നേടിയപ്പോൾ, ഫൾക്രുഗ് (83) ജർമനിക്കായി വല കുലുക്കി. പകരക്കാരാണ് ഇരു ടീമിനും വേണ്ടി ​ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയോട് ഏഴു ഗോളുകൾക്കു ജയിച്ച സ്പെയിൻ നാലു പോയിന്റുമായി ഇ ഗ്രൂപ്പിൽ ഒന്നാമതാണ്. ആദ്യ മത്സരം ജപ്പാനോടു തോറ്റ ജർമനി ഒരു പോയിന്റുമായി നാലാം സ്ഥാനത്താണ്. മൂന്നാം പോരാട്ടത്തിൽ ഡിസംബർ ഒന്നിന് സ്പെയിൻ ജപ്പാനെയും ജർമനി കോസ്റ്റാറിക്കയേയും നേരിടും.

കളി തുടങ്ങി ആറാം മിനിറ്റിൽ സ്പെയിനിന്റെ ഗോളെന്നുറച്ചൊരു ഷോട്ട് ജർമൻ ഗോളി മാനുവൽ നൂയർ തട്ടിയകറ്റി. പെദ്രി, ഗാവി, മാർകോ അസെൻസിയോ എന്നിവരുടെ തകർ‌പ്പനൊരു നീക്കത്തിൽ ഒൽമോയുടെ ഷോട്ട് ജർമൻ ഗോളി രക്ഷപെടുത്തി. നൂയർ തട്ടിയ പന്ത് ബാറിൽ ഉരസിയ ശേഷമാണു പുറത്തേക്കു പോയത്. 

22–ാം മിനിറ്റിൽ സ്പെയിനു വേണ്ടി ജോർഡി ആൽബയുടെ ഷോട്ട് ജർമൻ പോസ്റ്റിൽ ഭീഷണിയാകാതെ പുറത്തുപോയി. സ്പാനിഷ് ഗോളി ഉനായ് സിമോണിന്റെ പിഴവിൽ ജർമനിക്കു മികച്ചൊരു ചാൻസ് ലഭിച്ചു. പന്തു ലഭിച്ച ഗ്‌നാർബിയുടെ ഷോട്ട് പുറത്തേക്കുപോയി.

34–ാം മിനിറ്റിൽ മികച്ചൊരു അവസരം നഷ്ടപ്പെടുത്തി സ്പാനിഷ് ഫോർവേഡ് ഫെറാൻ ടോറസ്. ഒൽമോയുടെ പാസിൽ ടോറസ് ഷോട്ടുതിർത്തെങ്കിലും റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി. ടോറസിനെ ഫൗൾ ചെയ്തതിന് ജർമനിയുടെ തിലോ കേറർക്ക് യെല്ലോ കാർഡ് ലഭിച്ചു. 39–ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിൽനിന്ന് ആന്റോണിയോ റൂഡിഗർ ജർമനിക്കായി വല കുലുക്കിയെങ്കിലും ‘വാർ’ പരിശോധനയ്ക്കു ശേഷം റഫറി ഓഫ് സൈഡ് വിളിച്ചു. പക്ഷേ സ്പാനിഷ് പ്രതിരോധത്തിലെ വിള്ളലിന്റെ മുന്നറിയിപ്പായിമാറി ജർമനിയുടെ ഈ നീക്കം. ആദ്യ പകുതി ഗോളില്ലാതെ അവസാനിച്ചു.

54–ാം മിനിറ്റിൽ ഫോർവേഡ് ഫെറാൻ ടോറസിനെ പിൻവലിച്ച് സ്പെയിൻ അൽവാരോ മൊറാട്ടയെ ഇറക്കി.62–ാം മിനിറ്റിൽ അൽവാരോ മൊറാട്ടയിലൂടെ സ്പെയിൻ മുന്നിലെത്തി. ജോർഡി ആൽബയുടെ അളന്നു മുറിച്ച ക്രോസ് ബോക്സിനുള്ളിൽനിന്ന് പോസ്റ്റിലേക്കു തട്ടിയിട്ടു പകരക്കാരനായി വന്ന മൊറാട്ട ലീഡ് പിടിച്ചു. ഗോൾ നേടിയതിനു പിന്നാലെ ടീമിൽ നിർണായക മാറ്റങ്ങളും സ്പെയിൻ കൊണ്ടുവന്നു. ഗാവിയും അസെൻസിയോയും മാറി നികോ വില്യംസും കോക്കെയും വന്നു. 

74–ാം മിനിറ്റിൽ ജർമനിയുടെ മുസിയാല സ്പാനിഷ് പ്രതിരോധത്തിലെ പിഴവു മുതലെടുത്ത് കൃത്യമായി ഷോട്ടെടുത്തെങ്കിലും ഗോളി സിമോണിന്റെ മികവുകൊണ്ടു മാത്രം രക്ഷപെട്ടുപോയി. എന്നാൽ 72–ാം മിനിറ്റിൽ തോമസ് മുള്ളർക്കു പകരമിറങ്ങിയ ഫൾക്രുഗ് ജർമനിക്കായി 83–ാം മിനിറ്റിൽ ഗോൾ നേടി. സ്കോർ 1–1. ജമാൽ മുസിയാലയുടെ അസിസ്റ്റിലായിരുന്നു ജർമൻ മുന്നേറ്റം. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com