

ധാക്ക: ബംഗ്ലാദേശ് മുൻ നായകൻ തമിം ഇഖ്ബാലിനു മത്സരത്തിനിടെ ഹൃദയാഘാതം. താരത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. ധാക്ക പ്രീമിയർ ലീഗ് പോരാട്ടത്തിനിടെയാണ് 36കാരനു നെഞ്ചുവേദന അനുഭവപ്പെട്ടത്. ടൂർണമെന്റിൽ മുഹമ്മദൻ സ്പോർട്ടിങ് ക്ലബിന്റെ നായകനാണ് തമിം. ഷിനെപുകുർ ക്രിക്കറ്റ് ക്ലബിനെതിരായ മത്സരത്തിലെ ആദ്യ ഓവറിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് തമീമിനു ഹൃദയാഘാതമുണ്ടായത്.
ഗ്രൗണ്ടിൽ വച്ച് ഉടൻ തന്നെ താരത്തിനു പ്രാഥമിക ശുശ്രൂഷ നൽകി. പിന്നാലെ ആശുപത്രിയിലേക്കു മാറ്റി. ആൻജിയോഗ്രാമിനും ആൻജിയോപ്ലാസ്റ്റിക്കും താരത്തെ വിധേയനാക്കി. ആദ്യ രക്ത പരിശോധനയിൽ പ്രശ്നമുണ്ടെന്നു കണ്ടെത്തി. ക്ഷീണം തോന്നുന്നുണ്ടെന്നും ധാക്കയിലേക്കു മടങ്ങണമെന്നും കളിക്കിടെ അദ്ദേഹം ആവശ്യപ്പെട്ടു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനകൾക്കു ശേഷം മടങ്ങാനായി ആംബുലൻസിൽ കയറിയപ്പോഴും വേദന തോന്നി. പിന്നാലെ രണ്ടാം തവണയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു പരിശോധിച്ചപ്പോഴാണ് ഹൃദയാഘാതം സ്ഥിരീകരിച്ചത്. അദ്ദേഹം നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് അധികൃതർ വ്യക്തമാക്കി.
മത്സരത്തിൽ ടോസ് ചെയ്യാനായി തമിം ഗ്രൗണ്ടിലെത്തിയിരുന്നു. പിന്നാലെ ടീം ഫീൽഡിങിനായി രംഗത്തിറങ്ങിയപ്പോൾ നായകനും ഗ്രൗണ്ടിലെത്തി. അതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെടുന്നതായി വ്യക്തമാക്കി തമിം ഗ്രൗണ്ടിൽ നിന്നു കയറിയത്.
ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. താരത്തിന്റെ നില ഗുരുതരമാണെന്നു അധികൃതരെ ഉദ്ധരിച്ചു ബംഗ്ലാദേശ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റിന്റെ വളർച്ചയിൽ നിർണായക പങ്കുള്ള താരം കൂടിയാണ് തമിം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates