ഇന്ത്യ- പാക് അതിര്‍ത്തിയില്‍ നിന്ന് ടെസ്റ്റ് ക്യാപ്റ്റനിലേക്ക്; ഒരച്ഛന്റെ ക്രിക്കറ്റ് പ്രണയത്തിന്റെ പേര് കൂടിയാണ് 'ശുഭ്മാന്‍ ഗില്‍!'

ഇന്ത്യയുടെ 37ാം ടെസ്റ്റ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്‍
From Fazilka to Leeds, journey of passionate dad and willing son
ശുഭ്മാന്‍ ഗില്‍എക്സ്
Updated on
2 min read

ച്ചടക്കം, സമര്‍പ്പണം, ദൃഢനിശ്ചയം... ആ അച്ഛന്‍ മകനു പറഞ്ഞു കൊടുത്ത ബാല പാഠമായിരുന്നു ഇത് മൂന്നും. ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നു വെറും 10 കീലോമീറ്റര്‍ മാത്രമുള്ള ഒരു ഗ്രാമത്തിലെ കര്‍ഷകമായ ലഖ്‌വീന്ദര്‍ സിങിന് തന്റെ ഇളയ മകന്‍ ശുഭ്മാന്‍ ഗില്‍ ഒരു ക്രിക്കറ്റ് താരമായി ഉയരണമെന്ന ആഗ്രഹമായിരുന്നു. ക്രിക്കറ്റിനോട് അയാൾക്ക് അടങ്ങാത്ത അഭിനിവേശമായിരുന്നു. തനിക്കു സാധിക്കാത്തത് മകനിലൂടെ സാധ്യമാക്കുമെന്ന് അദ്ദേഹം ദൃഢനിശ്ചയത്തിലായിരുന്നു. അതിനു മുന്നില്‍ വന്നുപെട്ട എല്ലാ തടസങ്ങളേയും ആ പിതാവ് ഇച്ഛാശക്തിയോടെ നേരിട്ടു.

ജൂണ്‍ 20നു ഹെഡിങ്‌ലി ക്രിക്കറ്റ് മൈതാനത്ത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനൊപ്പം ഇന്ത്യയുടെ നേവി ബ്ലൂ തൊപ്പി ധരിച്ച് ശുഭ്മാന്‍ ഗില്‍ ടോസ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ സാര്‍ഥകമാകുന്നത് സുഖ്‌വീന്ദറിന്റെ ജീവിതം കൂടിയാണ്.

മുത്തച്ഛന്‍ സര്‍ദാര്‍ ദിദാര്‍ സിങ് സമ്മാനിച്ച ഒരു ക്രിക്കറ്റ് ബാറ്റ് മാത്രമായിരുന്നു ഗില്ലിന് കുഞ്ഞായിരിക്കുമ്പോള്‍ കിട്ടിയ ഏക കളിപ്പാട്ടം. ആ കളിപ്പാട്ടം അവന്റെ അടയാളമാക്കി മാറ്റാനുള്ള ത്യാഗം സഹിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു അപ്പോള്‍ അച്ഛന്‍. തെറ്റില്ലാത്ത ജീവിത സാഹചര്യത്തില്‍ നിന്നു മകന്റെ ക്രിക്കറ്റ് ഭാവിയ്ക്കു വേണ്ടി ആ പിതാവ് കുടുംബമൊന്നിച്ച് അതിര്‍ത്തി ഗ്രാമത്തില്‍ നിന്നു കീലോമീറ്റര്‍ താണ്ടി മൊഹാലിയില്‍ താമസമാക്കി. ചെലവഴിച്ച സമയത്തിനും അധ്വാനത്തിനും പിന്നില്‍ 16 വര്‍ഷം അദ്ദേഹം വേണ്ടെന്നു വച്ച ഒരു ജീവിതത്തിന്റെ കഥ കൂടിയുണ്ട്.

2018ല്‍ അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഗില്‍ സെഞ്ച്വറി സ്വന്തമാക്കിയപ്പോള്‍ മാധ്യമങ്ങളോട് ആ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ കേട്ടാല്‍ മനസിലാകും അതിന്റെ ആഴം.

'വര്‍ഷങ്ങളായി ഞങ്ങള്‍ വിവാഹങ്ങളിൽ പങ്കെടുക്കുന്നില്ല. അക്കാരണം കൊണ്ട് എന്റെ മകന്റെ ക്രിക്കറ്റിലെ ശ്രദ്ധ നഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നില്ല'- എന്നായിരുന്നു.

2011ല്‍ തന്റെ പേസ് ബൗളിങ് ക്യാമ്പില്‍ ബൗളര്‍മാരെ നേരിടാന്‍ ബാറ്റര്‍മാരില്ലാതെ മുന്‍ ഇന്ത്യന്‍ പേസര്‍ കര്‍സന്‍ ഗാവ്രി വിഷമിച്ചതാണ് ഗില്ലിന്റെ ക്രിക്കറ്റ് ജീവിതത്തിലെ വഴിത്തിരിവ്. സമീപത്തെ ഗ്രൗണ്ടില്‍ നടന്ന അണ്ടര്‍ 14 ടീമിന്റെ മത്സരത്തില്‍ സാങ്കേതിക തികവോടെ ബാറ്റ് ചെയ്ത ഗില്ലിനെ അദ്ദേഹം അപ്രതീക്ഷിതമായി കാണുകയായിരുന്നു.

ഗ്രൗണ്ടിനു പുറത്ത് മകനെ കാത്തു നിന്ന ലഖ്‌വീന്ദറിനോടാണ് ഗില്ലിനെ കുറിച്ച് കര്‍സന്‍ ചോദിച്ചത്. തന്റെ മകനാണെന്നു അദ്ദേഹം മറുപടി പറയുന്നു. പിറ്റേന്ന് അദ്ദേഹം ഗില്ലിനെ തന്റെ ക്യാംപിലെത്തിച്ചു. സന്ദീപ് ശര്‍മ അടക്കമുള്ള അണ്ടര്‍ 19 പേസര്‍മാരെയാണ് ഗില്ലിനു നേരിടേണ്ടി വന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രമെഴുതിയ ടെസ്റ്റ് നായകന്‍മാരുടെ പട്ടികയിലേക്ക് കയറാനുള്ള ശുഭ്മാന്‍ ഗില്ലിന്റെ യാത്രയ്ക്ക് അന്നാണ് തുടക്കമായത്.

ഏറെക്കുറെ തീരുമാനിക്കപ്പെട്ട നായക സ്ഥാനമെന്നു ഒറ്റ വാക്കില്‍ ഈ വരവിനെ വിശേഷിപ്പിക്കാം. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ 37ാമത്തെ നായകന്‍. ഇന്ത്യന്‍ ടീമില്‍ ബാറ്റണ്‍ കൈമാറ്റത്തിന്റെ സമയമാണ്. ഗില്ലിന്റെ നേതൃത്വത്തില്‍ പുതു തലമുറ ടീമിനെ രംഗത്തവതരിപ്പിക്കുകയാണ് ബിസിസിഐ. അതെ, ഇന്ത്യന്‍ ടീമിലെ ടെസ്റ്റ് തലമുറ മാറുകയാണ്.

ഒന്നോ രണ്ടോ പരമ്പരയ്ക്കു വേണ്ടിയുള്ള നായകനല്ല ഇന്ത്യന്‍ ടീമിനു വേണ്ടതെന്നും ദീര്‍ഘ നാളത്തേയ്ക്കുള്ള നായകനെയാണ് അന്വേഷിച്ചതെന്നും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറയുന്നു. ഗില്ലില്‍ അവര്‍ കണ്ട പ്രത്യേകതയും അഗാര്‍ക്കര്‍ വിവരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ കളിച്ചപ്പോള്‍ സഹ താരങ്ങളില്‍ ഗില്‍ നിറച്ച സ്വാധീനം ചില്ലറയല്ലെന്നും അതിന്റെ അനുരണനങ്ങള്‍ ഡ്രസിങ് റൂമില്‍ കണ്ടെന്നും അഗാര്‍ക്കര്‍ പറയുന്നു.

25 വയസേ ഗില്ലിനുള്ളു. ഗംഭീറിന്റെ തീരുമാനവും മികച്ചതാണ്. അവര്‍ മുന്നില്‍ കാണുന്ന സമയത്തേക്ക് ടീമിനെ നയിക്കാന്‍ ഗില്ലിനു കെല്‍പ്പുമുണ്ട്. ഐപിഎല്ലില്‍ താരം മികച്ച രീതിയില്‍ തന്നെ ടീമിനെ മുന്നില്‍ നിന്നു നയിക്കുന്നു. ബാറ്റിങിലും മികവ് പുലര്‍ത്തുന്നു. കളത്തില്‍ ഏറെക്കുറെ സംയമനത്തോടെ ടീമിനെ നയിക്കാനുള്ള മികവ് താരം ഐപിഎല്ലിലൂടെ ആര്‍ജിച്ചെടുത്തിട്ടുണ്ടെന്നു പറയാം. നേരത്തെ ഇന്ത്യയുടെ ടി20 സംഘത്തെ സിംബാബ്‌വെയില്‍ ഗില്‍ നയിച്ചിട്ടുമുണ്ട്. ഇന്ത്യന്‍ ടീമിന്റെ ഏകദിന, ടി20 ടീമുകളുടെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ഗില്‍.

പരിശോധിച്ചാല്‍ അറിയാം, സമീപ കാലത്ത് ഇന്ത്യന്‍ ടീമില്‍ കളിച്ച് തന്റെ സ്ഥാനം ഭദ്രമാക്കി നിര്‍ത്തിയ മറ്റൊരു താരമില്ല. റെഡ് ബോളില്‍ ടീമിനെ നയിച്ച് പരിചയമില്ല ഗില്ലിന്. ഒരുപക്ഷേ ഗംഭീറടക്കമുള്ളവരുടെ ദീര്‍ഘ വീക്ഷണം തെറ്റാം, ശരിയായി വരാം. അതെല്ലാം കാലം തെളിയിക്കേണ്ടതാണ്. ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ കെല്‍പ്പുള്ള ഇപ്പോള്‍ കളിക്കുന്നവരില്‍ മികച്ച ചോയ്‌സ് ഗില്‍ ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

32 ടെസ്റ്റുകളില്‍ നിന്നു 1893 റണ്‍സ് ഗില്‍ സ്വന്തമാക്കിയിട്ടുണ്ട്. 5 സെഞ്ച്വറികളും 7 അര്‍ധ സെഞ്ച്വറികളും നേടി. 128 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com