ന്യൂഡൽഹി: ടി20 ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരമാണ് സഞ്ജു സാംസൺ. ടൂർണമെന്റിന്റെ തുടക്കത്തിൽ പ്ലെയിങ് ഇലവനിൽ പോലും ഇല്ലാതിരുന്ന സഞ്ജു അവസാന മൂന്ന് മത്സരത്തിൽ പുറത്തെടുത്ത വെടിക്കെട്ട് പ്രകടനമാണ് ടീമിന് കരുത്തായി മാറിയത്. ടൂർണമെന്റിലെ അഞ്ച് ഇന്നിങ്‌സുകളിൽ നിന്ന് 321 റൺസ് ആണ് താരം അടിച്ചെടുത്തത്. ടീമിന്റെ ഹെഡ് കോച്ച് ഗൗതം ഗംഭീർ നൽകിയ പിന്തുണയാണ് സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിച്ചത്.
താരത്തിന്റെ പ്രകടനത്തിൽ താൻ സന്തോഷവാനാണെന്നാണ് ഗംഭീർ പറയുന്നത്. “സഞ്ജുവിൽ ഞാൻ എല്ലായ്പ്പോഴും വിശ്വാസം വെച്ചിരുന്നു. അവനിൽ നിന്ന് ഇനിയും ടീമിന് കൂടുതൽ നേടാനുണ്ടെന്നാണ് ഞാൻ കരുതുന്നത്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ അവന് കഴിഞ്ഞിരുന്നില്ല. പക്ഷേ അത് കളിയുടെ ഭാഗമാണ്. അതിനാൽ കുറച്ച് മത്സരങ്ങളിൽ നിന്ന് അവന് വിശ്രമം നൽകി. തിരിച്ചെത്തിയാൽ അവൻ മികച്ച പ്രകടനം നടത്തുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു'' ഗംഭീർ പറഞ്ഞു.
സഞ്ജുവിന്റെ കഴിവ് ഏറെക്കാലമായി ഞാൻ കാണുന്നുണ്ട്. ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് സെഞ്ചുറികൾ നേടിയ ഒരു താരത്തിന് മോശം ഘട്ടം വരുന്നത് സ്വാഭാവികമാണ്. അവന്റെ കഴിവിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസത്തിന് കൃത്യമായ ഉത്തരം ബാറ്റിങ്ങിലൂടെ സഞ്ജു നൽകിയിട്ടുണ്ട്. ഇതോടെ അവന്റെ കരിയർ പുതിയ തലത്തിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates