

മ്യൂണിക്ക്: ദേശിയ ടീമിന് വേണ്ടിയുള്ള തന്റെ 107ാം ഗോൾ വലയിലാക്കി കളിയിൽ ക്രിസ്റ്റ്യാനോ പോർച്ചുഗലിന് ലീഡ് നേടിക്കൊടുത്തെങ്കിലും പിന്നിൽ നിന്ന് ശക്തമായി തിരിച്ചടിച്ചുള്ള ജർമനിയുടെ വരവിനെ പിടിച്ചു കെട്ടാനായില്ല. മരണ ഗ്രൂപ്പിൽ തീപാറിയപ്പോൾ പോർച്ചുഗലിനെ ആറ് ഗോൾ ത്രില്ലറിനൊടുവിൽ തകർത്ത് ജർമനി.
ക്രിസ്റ്റ്യാനോയുടെ പോർച്ചുഗലിനെ 4-2നാണ് ജർമൻ പട തോൽപ്പിച്ചത്. ആദ്യ കളിയിൽ ഫ്രാൻസിനോട് ഒരു ഗോളിനേറ്റ തോൽവിയുടെ ക്ഷീണം നിലവിലെ യൂറോ ചാമ്പ്യൻന്മാർക്കെതിരെ കളിച്ച് ജർമനി തീർത്തു. പോർച്ചുഗലിനെ ജർമനി വീഴ്ത്തുകയും ഫ്രാൻസിനെ ഹംഗറി സമനിലയിൽ തളയ്ക്കുകയും ചെയ്തതോടെ ഗ്രൂപ്പ് എഫിലെ ചാമ്പ്യന്മാരേയും പ്രീക്വാർട്ടറിലേക്ക് കടക്കുന്നവരേയും അറിയാൻ ബുധനാഴ്ചത്തെ മത്സരം വരെ കാത്തിരിക്കണം. അവിടെ ഫ്രാൻസ് പോർച്ചുഗലിനേയും ജർമനി ഹംഗറിയയേയും നേരിടും.
ആദ്യ കളിയിൽ ഫ്രാൻസിന് മുൻപിൽ തങ്ങളെ വീഴ്ത്തിയത് ഹമ്മൽസിന്റെ സെൽഫ് ഗോൾ ആയിരുന്നു എങ്കിൽ ഇവിടെ ജർമൻ പടയുടെ ലീഡ് ഉയർത്തി പോർച്ചുഗലിന്റെ രണ്ട് ഓൺ ഗോൾ. റൂബൻ ഡയസ്, റാഫേൽ ഗുറെയ്റോ എന്നിവരുടെ സെൽഫ് ഗോളുകളാണ് പോർച്ചുഗലിന് വലിയ തിരിച്ചടി നൽകിയത്. കളിയുടെ 15ാം മിനിറ്റിൽ തന്നെ ക്രിസ്റ്റ്യാനോ ഗോൾവല കുലുക്കിയിരുന്നു. ജർമനിയുടെ കോർണറിൽ നിന്നും കൗണ്ടർ അറ്റാക്കിലേക്ക് നീണ്ട പോർച്ചുഗൽ മുന്നേറ്റമാണ് ആദ്യ ഗോളിന് വഴിവെച്ചത്. ഡിയാഗോ ജോട്ടയുടെ പാസിൽ നിന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ.
എന്നാൽ ജർമൻ ആക്രമണത്തിന് മുൻപിൽ ആടിയുലഞ്ഞ പോർച്ചുഗലിൽ നിന്ന് നാല് മിനിറ്റിന് ഇടയിൽ രണ്ട് സെൽഫ് ഗോളുകൾ എത്തിയതോടെ ക്രിസ്റ്റ്യാനോയും കൂട്ടരും സമ്മർദത്തിലായി. കിമ്മിച്ച് നീട്ടിയ ക്രോസിൽ ക്ലിയറൻസിനായി കാൽവെച്ച റൂബൻ ഡയസിന് പിഴയ്ക്കുകയായിരുന്നു. കിമ്മിച്ചിന്റെ ക്രോസിൽ ഗുറെയ്റോ കാൽ വെച്ചതോടെയാണ് രണ്ടാമത്തെ സെൽഫ് ഗോൾ വീണത്.
രണ്ടാം പകുതി ആരംഭിച്ചപ്പോൾ തന്നെ ജർമനിയുടെ മൂന്നാം ഗോൾ എത്തി. മുള്ളറിന്റെ പാസിൽ നിന്ന് ക്രോസ് ഹാവെർട്സ് ആണ് ഇവിടെ ഗോൾവല ചലിപ്പിച്ചത്. 60ാം മിനിറ്റിൽ ജോഷ്വാ കിമ്മിച്ചിന്റെ ഗോൾ വലയിലെത്തിച്ച് ഗോസെൻസ് ജർമനിയുടെ ലീഡ് നാലിലേക്ക് ഉയർത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates