​'ഗുകേഷ് ലോക ചാംപ്യനൊക്കെ തന്നെ, പക്ഷേ കാള്‍സന്റെ അത്ര പോര'

ഗുകേഷിനേക്കാള്‍ മികച്ച താരം മാഗ്നസ് കാള്‍സന്‍ തന്നെയെന്ന് ഗാരി കാസ്പറോവ്
Gukesh in different position as world champ because Magnus Carlsen is there: Kasparov
ഗുകേഷും കാൾസനുംഎക്സ്
Updated on
1 min read

നിലവിലെ ലോക ചെസ് ചാംപ്യന്‍ ഡി ഗുകേഷിനേക്കാള്‍ മികവുള്ള താരം മുന്‍ ലോക ചാംപ്യന്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സന്‍ തന്നെയാണെന്നു ഇതിഹാസ റഷ്യന്‍ താരം ഗാരി കാസ്പറോവ്. ഏറ്റവും പ്രായം കുറഞ്ഞ ലോക ചാംപ്യന്‍ എന്ന തന്റെ റെക്കോര്‍ഡ് ഇന്ത്യന്‍ താരം ഡി ഗുകേഷ് മറികടന്നെങ്കിലും അന്നത്തെ തന്റെ സാഹചര്യമല്ല ഗുകേഷിനെന്നും കാസ്പറോവ് പറയുന്നു. സാങ്കേതികമായി ഗുകേഷ് ലോക ചാംപ്യനാണെങ്കിലും ഏത് അളവുകോല്‍ വച്ചാലും ഇപ്പോഴും കാള്‍സന്‍ തന്നെയാണ് മികച്ച താരമെന്നു കാസ്പറോവ് ഒരു യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം നിലവിലെ ലോക ചാംപ്യനായിരുന്ന ഡിങ് ലിറനെ വീഴ്ത്തിയാണ് 17ാം വയസില്‍ ഗുകേഷ് ലോക ചെസ് ചാംപ്യന്‍ പട്ടം സ്വന്തമാക്കിയത്. 1985ല്‍ തന്റെ 22ാം വയസിലാണ് കാസ്പറോവ് അന്നത്തെ കരുത്തനും സ്വന്തം നാട്ടുകാരനുമായ അനറ്റോലി കാര്‍പോവിനെ വീഴ്ത്തി ഏറ്റവും പ്രായം കുറഞ്ഞ ലോക ചാംപ്യനായത്.

'ഗുകേഷിന്റെ നേട്ടം അത്ഭുതപ്പെടുത്തുന്നതു തന്നെയാണ്. എന്നാല്‍ ഞാന്‍ അന്നത്തെ ഏറ്റവും ശക്തനായ എതിരാളിയെയാണ് വീഴ്ത്തിയത്. രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. ഗുകേഷ് ഡിങ് ലിറനെയാണ് പരാജയപ്പെടുത്തിയത്. ഔദ്യോഗികമായി ഗുകേഷ് ചാംപ്യനാണ്. സംശയമില്ല. എന്നാല്‍ എല്ലാ അളവുകോലുകളിലും മികച്ചവനെന്നു വ്യാപകമായി കണക്കാക്കുന്ന മാഗ്നസ് കാള്‍സനെന്ന മികച്ച താരം ഇവിടെയുണ്ട് എന്ന് ആലോചിക്കണം.'

'ഗുകേഷിനു ചെറിയ പ്രായമാണ്. അദ്ദേഹത്തിനു മെച്ചപ്പെടാന്‍ ഇനിയും ധാരാളം സമയമുണ്ട്. മാഗ്നസിനെതിരെ മികച്ച രീതിയില്‍ കളിച്ച താരമാണ് ഡിങ്. എന്നാല്‍ കോവിഡിനു ശേഷം അദ്ദേഹത്തിന്റെ രീതിയില്‍ മാറ്റം വന്നു. എങ്കിലും ഇപ്പോഴും സ്ഥിരതയുള്ള താരമാണ്. മികച്ച പ്രതിരോധ ശേഷിയുമുണ്ട്.'

'ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ എന്നത് വ്യത്യസ്ത അനുഭവമാണ്. അവിടെ എന്തും സംഭവിക്കാം. നീണ്ട മത്സരമാണ് അരങ്ങേറുന്നത്. ഫൈനലില്‍ ഡിങിനേക്കാള്‍ മുന്നില്‍ ഗുകേഷായിരുന്നു പലപ്പോഴും. ഡിങ് വീരോചിതമായി പോരാടി. പക്ഷേ അല്‍പ്പം മികച്ചു നിന്നത് ഗുകേഷായിരുന്നു എന്നു മാത്രം. ന്യായീകരിക്കാവുന്ന മത്സര ഫലമാണ് ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ വന്നത്- കാസ്പറോവ് വ്യക്തമാക്കി.'

ഗുകേഷ് അടക്കം മികച്ച താരങ്ങള്‍ ഇന്ത്യയിലുണ്ടെന്നു കാസ്പറോവ് പറയുന്നു. തന്റെ സമകാലീനായി കളിച്ച 5 തവണ ലോക ചാംപ്യനായ ഇതിഹാസ താരം വിശ്വനാഥ് ആനന്ദിനേയും കാസ്പറോവ് എടുത്തു പറയുന്നുണ്ട്. 'വിഷിയുടെ (വിശ്വനാഥന്‍ ആനന്ദ്) കുട്ടികള്‍' എന്നാണ് ഇന്ത്യയിലെ ചെസ് താരങ്ങളെ കാസ്പറോവ് വിശേഷിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com