

ഗ്വാളിയോര്‍: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടി20 പരമ്പര തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കെ ഗ്വാളിയോറില്‍ നിരോധനാജ്ഞ. ആദ്യ പോരാട്ടം നടക്കുന്നത് ഗ്വാളിയോറിലാണ്. മത്സര ദിവസം ഹിന്ദു മഹാസഭ ഗ്വാളിയോര്‍ ബന്ദിനു ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
പരമ്പരയിലെ ആദ്യ പോരാട്ടം ഈ മാസം ആറിന് ഞായറാഴ്ചയാണ് അരങ്ങേറുന്നത്. ഏഴാം തീയതി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിഷേധങ്ങള്‍, പ്രകോപനമുണ്ടാക്കുന്ന മുദ്രാവാക്യം വിളികള്‍, സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ എന്നിവയെല്ലാം നിരോധിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ബംഗ്ലാദേശില്‍ അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങളും ഭരണ മാറ്റവുമാണ് ഹിന്ദു മഹാസഭയുടെ ബന്ദിലേക്ക് നയിച്ചിരിക്കുന്നത്. ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദു മതക്കാര്‍ വ്യാപകമായി ആക്രമിക്കപ്പെട്ടതായി ആരോപിച്ചാണ് ബംഗ്ലാദേശുമായുള്ള മത്സര ദിവസം പ്രതിഷേധം നടത്താന്‍ വലതു പക്ഷ സംഘടനകള്‍ തീരുമാനിച്ചത്.
മത്സരം റദ്ദാക്കണമെന്നു നേരത്തെ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിഷേധങ്ങളും അരങ്ങേറി. ഇതിന്റെ പശ്ചാത്തലത്തിലാണ് താരങ്ങളടക്കമുള്ളവരുടെ സുരക്ഷ മുന്‍നിര്‍ത്തി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates