

മൊഹാലി: ഐപിഎല്ലിന്റെ ചരിത്രത്തില്‍ വിവാദമായ സംഭവമായിരുന്നു പ്രഥമ സീസണില്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ് മലയാളി താരവും ഇന്ത്യന്‍ പേസറുമായിരുന്ന എസ് ശ്രീശാന്തിന്റെ മുഖത്തടിച്ചത്. 17 വര്‍ഷങ്ങള്‍ക്കിപ്പുറവും അന്നത്തെ സംഭവം തന്റെ ഉള്ളില്‍ തീര്‍ത്ത മുറിവ് വളരെ വലിയതാണെന്നു താന്‍ ഇടക്കിടെ തിരിച്ചറിയുന്നുണ്ടെന്നു പറയുകയാണ് ഹര്‍ഭജന്‍.
ആ സംഭവം ശ്രീശാന്തിന്റെ മകളില്‍ ഉണ്ടാക്കിയ ആഘാതവും താന്‍ ഈയടുത്ത് അനുഭവിച്ചതായും ഹര്‍ഭജന്‍ പറയുന്നു. ഒരു ചടങ്ങില്‍ വച്ച് ശ്രീശാന്തിനെ മകളോടു സൗഹൃദം പങ്കിടാന്‍ ശ്രമിച്ചപ്പോള്‍ ആ കുഞ്ഞു തന്റെ മുഖത്തു നോക്കി പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ വല്ലാതെ കരച്ചില്‍ വന്നെന്നും ഹര്‍ഭജന്‍.
'എന്റെ ജീവിതത്തില്‍ ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം ശ്രീശാന്തുമായുള്ള ആ സംഭവമാണ്. അന്ന് സംഭവിച്ചത് തെറ്റായിരുന്നു. ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ഞാന്‍ ചെയ്തത്. ഒരു 200 തവണയെങ്കിലും ക്ഷമ പറഞ്ഞിട്ടുണ്ട്.'
'വര്‍ഷങ്ങള്‍ക്കു ശേഷവും അതുമായി ബന്ധപ്പെട്ട ചില വൈകാരിക അനുഭവങ്ങള്‍ എനിക്കുണ്ടായി. അതെന്നെ വല്ലാതെ വേദനപ്പിക്കുന്നതായിരുന്നു. ശ്രീശാന്തിന്റെ മകളെ ഒരിക്കല്‍ ഞാന്‍ കണ്ടുമുട്ടി. അവളോടു ഞാന്‍ വളരെ സ്‌നേഹത്തോടെ സംസാരിക്കാന്‍ ആരംഭിച്ചപ്പോള്‍ അവള്‍ എന്റെ മുഖത്തു നോക്കി, നിങ്ങള്‍ എന്റെ അച്ഛനെ അടിച്ച ആളാണ് അതിനാല്‍ സംസാരിക്കാന്‍ താത്പര്യമില്ലെന്നു പറഞ്ഞു. അതുകേട്ടപ്പോള്‍ ഞാന്‍ ആകെ തകര്‍ന്നു പോയി. എനിക്ക് കരച്ചില്‍ വരുന്നുണ്ടായിരുന്നു.'
'ആ കുഞ്ഞിന്റെ മനസില്‍ ഞാന്‍ അവശേഷിപ്പിച്ച ധാരണ എന്താണെന്നു സ്വയം ചോദിച്ചു. അവള്‍ ഏറ്റവും മോശം ആളായിട്ടായിരിക്കും എന്നെ കാണുന്നത് അല്ലേ? അവളുടെ അച്ഛനെ തല്ലിയ ആളായാണ് ആ കുഞ്ഞ് എന്നെ കാണുന്നത്. എനിക്കു വിഷമം തോന്നി. എനിക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തതില്‍ ഒരിക്കല്‍ കൂടി അദ്ദേഹത്തിന്റെ മകളോടു ഞാന്‍ ക്ഷമ ചോദിക്കുന്നു'- ഹര്‍ഭജന്‍ വ്യക്തമാക്കി.
2008-ല്‍ മൊഹാലിയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും (പഞ്ചാബ് കിങ്‌സ്) മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഐപിഎല്‍ പോരാട്ടത്തിലെ പത്താം മത്സരത്തിനു പിന്നാലെയാണ് ഏറെ വിവാദം സൃഷ്ടിച്ച സംഭവങ്ങള്‍. അന്ന് മത്സര ശേഷം ഹര്‍ഭജന്‍ ശ്രീശാന്തിന്റെ മഖത്തടിക്കുകയും ശ്രീശാന്ത് പൊട്ടിക്കരഞ്ഞതുമെല്ലാം വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. സംഭവത്തിനു പിന്നാലെ ഹര്‍ഭജന് ആ സീസണില്‍ ഐപിഎല്‍ വിലക്കും ലഭിച്ചിരുന്നു.
പിന്നീട് ഇരു താരങ്ങളും ഇന്ത്യക്കായി ഒരുമിച്ച് വീണ്ടും കളത്തിലെത്തി. അന്നത്തെ സംഭവത്തിനു ശേഷം ഇരു താരങ്ങളും വലിയ സുഹൃത്തുക്കളുമായി. നിലവില്‍ ലെജന്റ്‌സ് ലീഗിലടക്കം ഒരുമിച്ച് കളിക്കാറുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
