

ദുബൈ: ഏഷ്യാ കപ്പ് ഫൈനലിൽ ബദ്ധവൈരികളായ പാകിസ്ഥാനെതിരായ പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യക്ക് ആശങ്കയായി നിർണായക താരങ്ങളുടെ പരിക്ക്. ഓപ്പണർ അഭിഷേക് ശർമ, ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ എന്നിവർക്കാണ് പരിക്ക്. ശ്രീലങ്കക്കെതിരായ അവസാന സൂപ്പർ ഓവർ പോരാട്ടത്തിനിടെയാണ് ഇരുവർക്കും പരിക്കേറ്റത്. സുപ്രധാന പോരാട്ടം തൊട്ടു മുന്നിൽ നിൽക്കെയാണ് നിർണായക താരങ്ങളുടെ പരിക്ക് ടീം ക്യാംപിൽ ആശങ്ക സൃഷ്ടിച്ചത്.
മത്സര ശേഷം ബൗളിങ് പരിശീലകൻ മോണി മോർക്കൽ ഇരുവരേടേയും പരിക്കു സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ പങ്കിട്ടിരുന്നു. അഭിഷേകിനു കുഴപ്പമില്ലെന്നാണ് മോർക്കൽ പറയുന്നത്. ഹർദികിന്റെ കാര്യത്തിൽ ഒന്നും പറയാറായിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ഇന്ന് നടക്കുന്ന പരിശോധനയ്ക്കു ശേഷമേ വിലയിരുത്തു എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം വന്ന ശേഷമേ ഫൈനൽ മത്സരത്തിനുള്ള ടീമിൽ ഹർദികിനെ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കു എന്നും മോർക്കൽ പറഞ്ഞു.
ശ്രീലങ്കക്കെതിരായ പോരാട്ടത്തിൽ ഹർദിക് ഒരോവർ മാത്രമാണ് പന്തെറിഞ്ഞത്. ആദ്യ ഓവർ എറിഞ്ഞ താരം ഒരു വിക്കറ്റ് വീഴ്ത്തി ഇന്ത്യയ്ക്കു മികച്ച തുടക്കമാണ് നൽകിയത്. പിന്നാലെ ഹർദികിനു പേശിവലിവ് അനുഭവപ്പെടുകയായിരുന്നു. പിന്നാലെ താരം ഡ്രസിങ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് ഒരോവറും താരം പന്തെറിഞ്ഞില്ല.
ഇന്ത്യയുടെ ബാറ്റിങിന്റെ ഒൻപതാം ഓവറിലാണ് അഭിഷേകിനും പേശിവലിവ് അനുഭവപ്പെട്ടത്. റണ്ണിനായുള്ള ഓട്ടത്തിനിടെ താരം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. വലതു കാലിനാണ് പേശിവലിവ് അനുഭവപ്പെട്ടത്. താരം വേദനകൊണ്ടു ഇടയ്ക്കിടെ കാലിൽ പിടിക്കുന്നതും കാണാമായിരുന്നു. പിന്നാലെ അദ്ദേഹം ഔട്ടായി മടങ്ങി. ഇന്ത്യ ബൗൾ ചെയ്യാനിറങ്ങിയപ്പോൾ അഭിഷേക് ഫീൽഡിങിനായി ഗ്രൗണ്ടിൽ വന്നതുമില്ല. ഇതോടെയാണ് ഇരുവരുടേയും പരിക്കു സംബന്ധിച്ച അഭ്യൂഹങ്ങൾ പരന്നത്.
ഫൈനലിനു മുൻപ് പരിശീലനത്തിനായി താരങ്ങൾ ഇറങ്ങേണ്ടതില്ലെന്നാണ് ടീമിന്റെ തീരുമാനം. മതിയായ വിശ്രമം ഉറപ്പാക്കാനാണ് തീരുമാനമെന്നു മോർക്കൽ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates