

നവി മുംബൈ: ലോകകപ്പ് കിരീടം സ്വന്തമാക്കിയതിനു പിന്നാലെ പരിശീലകൻ അമോൽ മജുംദാറിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. മത്സര ശേഷം ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ടിൽ ആഘോഷിക്കുന്നതിനിടെയാണ് ഹർമൻ പരിശീലകന്റെ കാൽ തൊട്ടു വണങ്ങിയത്. ക്യാപ്റ്റനെ ഇതിൽ നിന്നു തടയാൻ അമോൽ മജുംദാർ ശ്രമിക്കുന്നതും കാണാം. പിന്നീട് ഇരുവരും കെട്ടിപ്പിടിച്ചാണ് വിജയം ആഘോഷിച്ചത്.
പ്രാഥമിക ഘട്ടത്തിൽ മൂന്ന് മത്സരങ്ങൾ തോറ്റ് ഇന്ത്യ അടുത്ത ഘട്ടത്തിലേക്ക് കടക്കുമോ എന്നു തോന്നിപ്പിച്ച ഘട്ടത്തിൽ നിന്നു ടീമിനെ കിരീട ജയത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കാണ് അമോൽ മജുംദാറിന്റെ തന്ത്രങ്ങൾക്ക്. ആഭ്യന്തര ക്രിക്കറ്റിൽ ദീർഘനാൾ കളിച്ച അമോൽ മജുംദാറിനു ഒരിക്കൽ പോലും ഇന്ത്യൻ സീനിയർ ടീമിൽ ഇടം കിട്ടിയില്ല. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നിർഭാഗ്യവാൻമാരുടെ കൂട്ടത്തിലാണ് അമോൽ ഇടംപിടിച്ചത്. എന്നാൽ ചരിത്രത്തിലാദ്യമായി ഇന്ത്യൻ വനിതാ ടീം ലോകകപ്പ് കിരീടം നേടുമ്പോൾ അതിന്റെ അമരത്ത് അമോൽ കസേര വലിച്ചിട്ടിരുന്നു എന്നത് ചരിത്രത്തിന്റെ കാവ്യനീതിയായി മാറി. കിരീട നേട്ടം അദ്ദേഹത്തെ സംബന്ധിച്ചു അത്രയും വൈകാരികവുമായി.
ആഭ്യന്തര ക്രിക്കറ്റിൽ ദീർഘനാൾ മുംബൈ ടീമിന്റെ ക്യാപ്റ്റനായിരുന്നു. പണ്ട് ശാരദാശ്രമം സ്കൂളിനായി സച്ചിൻ ടെണ്ടുൽക്കറും വിനോദ് കാംബ്ലിയും ചേർന്നു റെക്കോർഡ് കൂട്ടുകെട്ട് തീർക്കുമ്പോൾ ഗ്ലൗസും പാഡും കെട്ടി ഡ്രസിങ് റൂമിൽ ഇരുന്ന മൂന്നാമനും അമോൽ മജുംദാറായിരുന്നു. മുംബൈ ടീമിനെ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനുമായിരുന്നു അദ്ദേഹം.
പിന്നീട് ആന്ധ്രപ്രദേശ്, അസം ടീമുകൾക്കായും ആഭ്യന്തര ക്രിക്കറ്റ് കളിച്ചു. ഇന്ത്യൻ എ ടീമിലും അവസരം കിട്ടി. എന്നാൽ സീനിയർ ടീമിലേക്ക് ഒരിക്കൽ പോലും വിളിയെത്തിയില്ല. 2023 മുതൽ അമോൽ ഇന്ത്യൻ വനിതാ ടീം പരിശീലകനാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 171 മത്സരങ്ങളിൽ നിന്നു 30 സെഞ്ച്വറികൾ ഉൾപ്പെടെ 11,167 റൺസ് നേടി. ലിസ്റ്റ് എ ക്രിക്കറ്റിൽ 3286 റൺസും സ്വന്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates