

ധാക്ക: ടി20 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്നു മാറ്റണമെന്ന ആവശ്യം വീണ്ടുമുന്നയിച്ച് ഐസിസിയെ രണ്ടാം വട്ടവും സമീപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നേരത്തെ തള്ളിയിരുന്നു. പിന്നാലെയാണ് അവര്‍ വീണ്ടും ആവശ്യമുന്നയിച്ച് രണ്ടാമത്തെ കത്തയച്ചത്.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് ടീമിന്റെ മത്സരങ്ങള്‍ ഇന്ത്യയിലെ വേദികളില്‍ നിന്നു ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതംഗീകരിക്കാന്‍ ഐസിസി തയ്യാറായില്ല. വേദി മാറ്റം സാധ്യമല്ലെന്നു വിര്‍ച്വലായി ചേര്‍ന്ന യോഗത്തില്‍ ഐസിസി ബംഗ്ലാ ബോര്‍ഡിനെ അറിയിച്ചിരുന്നു. പിന്നാലെയാണ് അവര്‍ വീണ്ടും ആവശ്യം ആവര്‍ത്തിച്ചത്.
സുരക്ഷാ ആശങ്കകള്‍ കൂടുതലായി വിവരിച്ചുള്ളതാണ് രണ്ടാമത്തെ കത്ത്. ഈ കത്തിലും തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്തണമെന്ന ആവശ്യവും ആവര്‍ത്തിച്ചിട്ടുണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കണമെന്നു ഐസിസി ആവശ്യപ്പെട്ടിരുന്നുവെന്നും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയാണ് രണ്ടാമത്തെ കത്ത് അയച്ചതെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് അധികൃതര്‍ വ്യക്തമാക്കി.
ടി 20 ലോകകപ്പ് മത്സരങ്ങള്‍ കളിക്കാന്‍ ബംഗ്ലാദേശിന്റെ പുരുഷ ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് പോകേണ്ടിവരുമെന്നും അല്ലെങ്കില്‍ പോയിന്റുകള്‍ നഷ്ടപ്പെടുമെന്നും ഐസിസി ബിസിബിയെ നേരത്തെ അറിയിച്ചിരുന്നു. 2026ലെ ടി20 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിസിബി ഞായറാഴ്ചയാണ് ഐസിസിക്ക് ആദ്യ കത്തു നല്‍കിയത്.
ടി20 ലോകകപ്പില്‍ ഫെബ്രുവരി 7 ന് വെസ്റ്റിന്‍ഡീനെതിരെയാണ് ബംഗ്ലാദേശിന്റെ ആദ്യമത്സരം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ചാണ് കളി. ഫെബ്രുവരി 9 ന് ഇറ്റലിയെയും, തുടര്‍ന്ന് ഇംഗ്ലണ്ടിനെയും ബംഗ്ലാദേശ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നേരിടും. അതിനുശേഷം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നേപ്പാളിനെതിരെയും ബംഗ്ലാദേശിന് മത്സരമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഈ മത്സരങ്ങളെല്ലാം ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ബിസിബി ആവശ്യപ്പെട്ടത്.
ഐപിഎല്ലില്‍ നിന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമംഗമായ ബംഗ്ലാദേശ് താരം മുസഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതോടെയാണ്, ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായത്. ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നിരവധി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തു വന്നിരുന്നു. സംഘപരിവാര്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്‍ ടീമില്‍ നിന്നു ഒഴിവാക്കാന്‍ ബിസിസിഐ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് ആവശ്യപ്പെടുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates