

വിശാഖപട്ടണം: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 117 റണ്‍സിന് പുറത്ത്. ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ വേണ്ടത് 118 റണ്‍സ് മാത്രം. ടോസ് നേടി ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിന് വിടുകയായിരുന്നു. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്ത്യന്‍ ബാറ്റര്‍മാരെ വെള്ളം കുടിപ്പിച്ചപ്പോള്‍ ചെറുത്തു നിന്നത് വിരാട് കോഹ്‌ലിയും അക്ഷര്‍ പട്ടേലും മാത്രം. അക്ഷര്‍ അവസാന ഘട്ടത്തില്‍ നടത്തിയ കടന്നാക്രമണമാണ് സ്‌കോര്‍ ഈ നിലയിലെങ്കിലും എത്തിച്ചത്.
71 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് ആറ് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നീട് രവീന്ദ്ര ജഡേജ (16)യും അക്ഷര്‍ പട്ടേലും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് സ്‌കോര്‍ 100 കടത്തിയത്. അവസാന ഘട്ടത്തില്‍ തുടരെ രണ്ട് സിക്‌സുകള്‍ പറത്തി അക്ഷര്‍ സ്‌കോര്‍ 117ല്‍ എത്തിച്ചു. അക്ഷര്‍ 29 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 29 റണ്‍സുമായി പുറത്താകാതെ നിന്നു.
അപ്പുറത്ത് തുണയ്ക്കാന്‍ ഒരാള്‍ കൂടിയുണ്ടായിരുന്നെങ്കില്‍ അക്ഷറിന് ഇനിയും ബാറ്റ് ചെയ്ത് ഇന്ത്യക്ക് കുറച്ചു കൂടി റണ്‍സ് സംഭവാന ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അവസാന ബാറ്റര്‍ മുഹമ്മദ് സിറാജിനെ തന്റെ എട്ടാം ഓവറിന്റെ അവസാന പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി സ്റ്റാര്‍ക്ക് ഇന്ത്യന്‍ ഇന്നിങ്‌സിന് തിരശ്ശീല ഇട്ടു. 26 ഓവറില്‍ ഇന്ത്യയുടെ ബാറ്റിങ് അവസാനിച്ചു.
നേരത്തെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മാരക പേസാണ് ഇന്ത്യയുടെ മുന്‍നിരയെ തകര്‍ത്തത്. 31 റണ്‍സെടുത്ത വിരാട് കോഹ്ലി മാത്രം അല്‍പ്പം പിടിച്ചു നിന്നതൊഴിച്ചാല്‍ ഇന്ത്യന്‍ മുന്‍നിരയുടെ ചെറുത്തു നില്‍പ്പ് ദയനീയമായി. കോഹ്ലി ഇന്ത്യയെ കരകയറ്റുമെന്ന് തോന്നിച്ച ഘട്ടത്തില്‍ നതാന്‍ എല്ലിസിനെ കൊണ്ടുവന്ന സ്മിത്തിന്റെ തന്ത്രം രണ്ടാം പന്തില്‍ തന്നെ ഫലം കണ്ടു. കോഹ്ലിയെ എല്ലിസ് വിക്കറ്റിന് മുന്നില്‍ കുരുക്കി പുറത്താക്കി.
തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും സൂര്യകുമാര്‍ യാദവ് ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ഒന്നാം ഏകദിനത്തിന് സമാനമായി സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് സൂര്യകുമാര്‍ ഇത്തവണയും മടങ്ങിയത്. ശുഭ്മാന്‍ ഗില്‍ രണ്ട് പന്തില്‍ പൂജ്യവുമായി മടങ്ങി.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ (13), കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ ക്ഷമയോടെ ക്രീസില്‍ നിന്ന് വിജയത്തിലേക്ക് നയിച്ച കെഎല്‍ രാഹുല്‍ (9), ഹര്‍ദിക് പാണ്ഡ്യ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സീന്‍ അബ്ബോട്ട് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ നതാന്‍ എല്ലിസും പോക്കറ്റിലാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates