

മൊഹാലി: ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കി ഇന്ത്യ പുതിയ ചരിത്രമെഴുതി. തുടരെ മൂന്നാം തവണയും കിരീടം സ്വന്തമാക്കിയ ഇന്ത്യ ഫൈനലില്‍ ജപ്പാനെ 4-1നു വീഴ്ത്തി. ഇന്ത്യയുടെ ആറാം ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി കിരീടമാണിത്. ഇതാദ്യമായാണ് ഒരു ടീം തുടരെ മൂന്ന് തവണ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കിയ ടീമും ഇന്ത്യ തന്നെ.
2011ലെ പ്രഥമ പോരാട്ടം ജയിച്ചത് ഇന്ത്യയാണ്. പിന്നീട് 2016, 18 വര്‍ഷങ്ങളിലും കിരീടം. 2023, 2024, 2026 വര്‍ഷങ്ങളില്‍ വീണ്ടും തുടരെ കിരീട നേട്ടം.
ഫൈനലില്‍ ഒരു ഗോള്‍ വഴങ്ങിയ ശേഷമാണ് ഇന്ത്യ 4 ഗോളുകള്‍ തിരിച്ചടിച്ച് മത്സരം പിടിച്ചെടുത്തത്. ഷിലാനന്ദ് ലക്‌റ, ദില്‍പ്രീത് സിങ്, ജുഗ്‌രാജ് സിങ്, വിവേക് സാഗര്‍ പ്രസാദ് എന്നിവരാണ് ഇന്ത്യക്ക് നിര്‍ണായക ഗോളുകള്‍ സമ്മാനിച്ചത്.
കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി ജപ്പാന്‍ ഇന്ത്യയെ ഞെട്ടിച്ചാണ് തുടങ്ങിയത്. കളിയില്‍ ആധിപത്യം പുലര്‍ത്തിയുടെ ജപ്പാന്‍ പ്രതിരോധം കടുപ്പിച്ചത് ഇന്ത്യക്ക് തിരിച്ചടിയായി.
ഒടുവില്‍ 42ാം മിനിറ്റിലാണ് ഇന്ത്യ സമനില പിടിക്കുന്നത്. ആദിത്യ നല്‍കിയ റിവേഴ്‌സ് ഫ്‌ളിക്ക് പാസില്‍ നിന്നു ഷിലാനന്ദ് ഒരു ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ടീമിനു സമനില സമ്മാനിച്ചു.
അവസാന ക്വാര്‍ട്ടറിലേക്ക് മത്സരം കടന്നതോടെ ഇന്ത്യ ആക്രമണം കടുപ്പിച്ചു. ഹര്‍ദിക് സിങ് തുടങ്ങി വച്ച ആക്രമണം ഏറ്റെടുത്ത് ദില്‍പ്രീത് ബ്രില്ല്യന്റായി ഫിനിഷ് ചെയ്ത് ഇന്ത്യയെ മുന്നിലെത്തിച്ചു.
അവസാന ഘട്ടത്തില്‍ ഇന്ത്യ ഇരട്ട ഗോളുകള്‍ തുടരെ നേടിയാണ് കിരീടം ഉറപ്പിച്ചത്. 53ാം മിനിറ്റില്‍ വിവേക് പ്രസാദും സുഖ്ജീത് സിങും നടത്തിയ മുന്നേറ്റത്തിനൊടുവില്‍ പന്ത് ജുഗ്‌രാജിലേക്ക്. താരത്തിന്റെ ഡ്രാഗ് ഫ്‌ളിക്ക് ഗോളായി മാറി.
തൊട്ടുപിന്നാലെ ഇന്ത്യയുടെ നാലാം ഗോളും വന്നു. 54ാം മിനിറ്റില്‍ ഷിലാനന്ദ് തന്റെ രണ്ടാം ഗോളിന് അരികിലെത്തി. എന്നാല്‍ താരത്തിന്റെ ശ്രമം ജപ്പാന്‍ ഗോള്‍കീപ്പര്‍ തടുത്തു. പന്ത് പക്ഷേ റീബൗണ്ടായി വന്നു. ഞൊടിയിടയില്‍ തന്നെ വിവേക് സാഗര്‍ പ്രസാദ് ഹാഫ് വോളിയിലൂടെ പന്ത് ഗോളിലേക്ക് പറത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates