

ലണ്ടന്‍: ഒടുവില്‍ ജസ്പ്രിത് ബുംറയുടെ നിഴലില്‍ നിന്നു മുഹമ്മദ് സിറാജ് പുറത്തേക്കു വന്നു. നാലാം ദിനത്തില്‍ ഹാരി ബ്രൂക്കിനെ നിര്‍ണായക ഘട്ടത്തില്‍ പുറത്താക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തിയതിനു പഴി പല ഭാഗത്തു നിന്നു തനിക്കു നേരെ ഉരുന്നതിനിടെയാണ് അഞ്ചാം ദിനത്തില്‍ സിറാജ് പന്തെറിയാനെത്തിയത്. ജയത്തിലേക്കും പരമ്പര നേട്ടത്തിലേക്കും ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത് വെറും 35 റണ്‍സ് മാത്രം. കൈയില്‍ 4 വിക്കറ്റുകളും ധാരാളം മണിക്കൂറുകളും ഉള്ള സമയത്തായിരുന്നു താരം പന്തെടുത്തത്.
മുഹമ്മദ് സിറാജ് കടുത്ത ദൈവ വിശ്വാസിയാണ്. ദൈവം തനിക്കായി മറ്റൊന്നാണ് കരുതി വച്ചിരിക്കുന്നതെന്നു അയാള്‍ ആത്മാര്‍ഥമായി വിശ്വസിച്ചു. അതനുസരിച്ചാണ് അഞ്ചാം ദിനം പന്തെടുത്തത്. ഒരോ തവണ ഓവര്‍ എറിയാനെത്തിയപ്പോഴും മുഹമ്മദ് സിറാജ് അത്ഭുതച്ചെപ്പ് തുറന്നു. ഒരു ക്യാച്ച്, ഒരു എല്‍ബി, ഒരു ക്ലീന്‍ ബൗള്‍ഡ്. അവിശ്വസനീയ വിജയത്തിലേക്ക് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി സിറാജ് തന്റെ മൂല്യം തെളിയിച്ചപ്പോള്‍ വിമര്‍ശിച്ചവര്‍ക്ക് മിണ്ടാട്ടം മുട്ടി.
ബുംറയില്ലെങ്കിലും ഇന്ത്യക്ക് വിദേശത്ത് ടെസ്റ്റ് ജയിക്കാമെന്ന് മുഹമ്മദ് സിറാജ് ഇംഗ്ലീഷ് മണ്ണില്‍ അടിവരയിട്ടിരിക്കുന്നു. ബുംറയില്ലെങ്കില്‍ ഇന്ത്യന്‍ ബൗളിങിനെ ആര് നയിക്കുമെന്ന ചോദ്യങ്ങളൊന്നും ക്രിക്കറ്റ് പണ്ഡിതരേ ഇനി ഉയര്‍ത്തരുതെന്ന താക്കീതുണ്ട് സിറാജിന്റെ മികവിന്. വിദേശത്ത് ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളര്‍ എന്ന റെക്കോര്‍ഡിലും ബുംറയ്‌ക്കൊപ്പം സിറാജ് തന്റെ പേരും എഴുതിയിട്ടുണ്ട്. ഇരുവര്‍ക്കും 23 വിക്കറ്റുകള്‍.
പരമ്പരയില്‍ അഞ്ച് ടെസ്റ്റുകളും കളിച്ച ഏക ഇന്ത്യന്‍ പേസറും സിറാജാണ്. വിക്കറ്റെടുക്കാത്ത ബൗളറെന്ന പഴി ധാരാളം കേട്ടിട്ടുണ്ട് സിറാജ്. എന്നാല്‍ ഈ പരമ്പര അങ്ങനെയായിരുന്നില്ല. സിറാജിന്റെ ഭാഷ കടമെടുത്താല്‍ ദൈവത്തിനു മറ്റു പദ്ധതികള്‍ ഉണ്ടായിരുന്നു.
മത്സര ശേഷം ക്യാപ്റ്റന്‍ ഗില്ലിനോടു ചോദിച്ചത് ബുംറയെ പോലെ ഇപ്പോള്‍ സിറാജിനേയും വിശ്വസിക്കുന്നുണ്ടോ എന്നായിരുന്നു. ഇപ്പോള്‍ മാത്രമല്ല ടീമിന് എല്ലായ്‌പ്പോഴും സിറാജില്‍ വിശ്വാസമുണ്ടെന്നായിരുന്നു നായകന്റെ മറുപടി. ഈ മത്സരം ടീം തോറ്റാലും ആ വിശ്വാസത്തിനു മാറ്റമുണ്ടാകില്ല. അദ്ദേഹം വര്‍ഷങ്ങളായി നേടിയെടുത്ത അനുഭവ സമ്പത്തും മികവുമൊന്നും ഒറ്റയടിക്ക് നിര്‍വചിക്കാനും സാധിക്കില്ല. കഴിഞ്ഞ 4, 5 വര്‍ഷമായി അദ്ദേഹം അത്രമാത്രം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഗില്‍ സിറാജിനെ പിന്തുണച്ച് വ്യക്തമാക്കി.
കളിയോടുള്ള താരത്തിന്റെ സമീപനം സമാനതകളില്ലാത്തതാണ്. ആത്മാര്‍പ്പണത്തിന്റെ കൂടെ വിജയമാണ് ഓവലില്‍ കണ്ടത്.
തോറ്റിരുന്നെങ്കില്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിരാശയായി ഈ ദിവസം അടയാളപ്പെടുമായിരുന്നു. അബദ്ധങ്ങള്‍ ഗ്രൗണ്ടില്‍ സംഭവിക്കുമ്പോള്‍ ഞാന്‍ ഉള്ളാലെ സങ്കടപ്പെടാറുണ്ട്. കുട്ടിക്കാലം മുതല്‍ക്കേ ഞാന്‍ നിരന്തരമായി പരിശ്രമിക്കുന്നുണ്ട്. ക്രിക്കറ്റിനായി എല്ലാം നല്‍കുന്നു. പിഴവ് സംഭവിക്കുമ്പോള്‍ അതുള്‍ക്കൊള്ളാന്‍ ഏറെ നേരം എടുക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല- സിറാജ് തന്റെ കളിയെ വിലയിരുത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
