

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-1നു സമനില പിടിച്ചിരുന്നു. മൂന്നാം ടെസ്റ്റ് 10 മുതല്‍ 14 വരെ ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സിലാണ് അരങ്ങേറുന്നത്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചിരുന്നു. അതിന്റെ ആത്മവിശ്വാസത്തിലാണ് ടീം. ഇംഗ്ലണ്ടിനെതിരെ ഈ മൈതാനത്ത് കളിച്ച അവസാന മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ രണ്ടിലും ജയം ഇന്ത്യക്കായിരുന്നു.
രണ്ടാം ടെസ്റ്റ് നടന്ന എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ ചരിത്രത്തിലാദ്യമായാണ് ടെസ്റ്റ് മത്സരം വിജയിക്കുന്നത്. 9ാം പോരാട്ടത്തിലാണ് കന്നി ജയം ആ മൈതാനത്ത് ഇന്ത്യ സ്വന്തമാക്കിയത്. എട്ടില്‍ ഏഴ് കളികളും ഇന്ത്യ തോറ്റപ്പോള്‍ ഒരു പോരാട്ടം സമനിലയില്‍ പിരിയുകയായിരുന്നു. കാത്തുകാത്തിരുന്ന് 58 വര്‍ഷങ്ങള്‍ പിന്നിട്ടാണ് ടീം 9ാം മത്സരത്തിൽ ആദ്യ വിജയം പിടിച്ചത്.
ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ടെസ്റ്റില്‍ ഏറ്റുമുട്ടിയത് 19 തവണ. ഇന്ത്യ മൂന്ന് മത്സരങ്ങള്‍ ഇംഗ്ലണ്ടിനെതിരെ ഇവിടെ വിജയിച്ചു. പക്ഷേ 12 കളികള്‍ തോറ്റു. 4 പോരാട്ടങ്ങള്‍ സമനിലയില്‍ അവസാനിച്ചു.
1932ലാണ് ഇന്ത്യ, ക്രിക്കറ്റിനു ജന്മം കൊണ്ട പിച്ചില്‍ ആദ്യമായി ടെസ്റ്റ് കളിക്കാന്‍ ഇറങ്ങിയത്. 1982ലാണ് ഇന്ത്യ ലോര്‍ഡ്‌സില്‍ ആദ്യ ടെസ്റ്റ് പോരാട്ടം വിജയിച്ചത്. ജയത്തിനായി കാത്തിരുന്നത് 52 വര്‍ഷങ്ങള്‍. രണ്ടാം ജയത്തിനായി കാത്തിരുന്നത് 28 വര്‍ഷങ്ങള്‍. 2014ലാണ് രണ്ടാം ജയം. മൂന്നാം ജയത്തിലേക്ക് കാത്തിരുന്നത് 7 വര്‍ഷം. 2021ലാണ് അവസാനമായി ഈ മണ്ണില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് കളിച്ചത്. അതില്‍ വിജയവും ഇന്ത്യക്കായിരുന്നു.
1986
1986ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമാണ് ലോര്‍ഡ്‌സ് മൈതാനത്ത് ആദ്യമായി വിജയം സ്വന്തമാക്കിയ സംഘം. 5 വിക്കറ്റിനാണ് പോരാട്ടം ജയിച്ചു കയറിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 294 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 341 റണ്‍സടിച്ചു. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 180 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യ വിജയ ലക്ഷ്യമായ 133 റണ്‍സ് 5 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി ചരിത്രമെഴുതി. 136 റണ്‍സെടുത്താണ് ഇന്ത്യ ജയിച്ചു കയറിയത്.
2014
എംഎസ് ധോനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ടാം ജയം സ്വന്താക്കിയത്. 2014ലായിരുന്നു പോരാട്ടം. ഒന്നാം ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ശേഷമായിരുന്നു ജയം. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 295 റണ്‍സില്‍ പുറത്തായി. ഇംഗ്ലണ്ട് 319 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 342 റണ്‍സാണ് കണ്ടെത്തിയത്. ഇംഗ്ലണ്ടിനു മുന്നില്‍ 319 റണ്‍സാണ് ഇന്ത്യ ലക്ഷ്യം വച്ചത്. ഇംഗ്ലണ്ടിനെ 223 റണ്‍സില്‍ ഓള്‍ ഔട്ടാക്കി ഇന്ത്യ 28 വര്‍ഷങ്ങള്‍ക്കു ശേഷം 95 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം പിടിച്ചെടുത്തു.
2021
വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലാണ് ഈ മണ്ണില്‍ ആതിഥേയര്‍ക്കെതിരെ ഇന്ത്യ അവസാനം ജയിച്ചത്. ഈ മത്സരത്തിലും ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയാണ് ഉജ്ജ്വല വിജയം പിടിച്ചത്. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 364 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സുമാണ് കണ്ടെത്തിയത്. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 391 റണ്‍സെടുത്തു. ഇംഗ്ലണ്ടിനു ജയിക്കാന്‍ രണ്ടാം ഇന്നിങ്‌സില്‍ വേണ്ടിയിരുന്നത് 272 റണ്‍സ് മാത്രമായിരുന്നു. എന്നാല്‍ വെറും 120 റണ്‍സില്‍ അവര്‍ ഓള്‍ ഔട്ടായി. ഇന്ത്യയുടെ ജയം 151 റണ്‍സിന്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
