

കൊളംബോ: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നു പാകിസ്ഥാന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഗ്രൂപ്പിലെ ശേഷിക്കുന്ന മത്സര ഫലങ്ങള്‍ അവര്‍ക്ക് നിര്‍ണായകമാണ്. ഇന്ത്യ, നെതര്‍ലന്‍ഡ്‌സ്, നമീബിയ, യുഎസ്എ ടീമുകളാണ് ഗ്രൂപ്പ് എയില്‍ പാകിസ്ഥാനൊപ്പമുള്ളത്. ഈ മൂന്ന് ടീമുകള്‍ക്കെതിരെ ജയിച്ചാല്‍ മാത്രമേ അവര്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ സാധിക്കു.
പാകിസ്ഥാന്‍ ഗ്രൗണ്ടില്‍ എത്താതിരിക്കുകയും ഇന്ത്യ ഗ്രൗണ്ടില്‍ ടോസിനായി എത്തുകയും ചെയ്താല്‍ ഇന്ത്യക്ക് കളിക്കാതെ 2 പോയിന്റ് കിട്ടും. പാകിസ്ഥാനാകട്ടെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ അതി നിര്‍ണായകവുമാകും. ഈ മൂന്ന് കളികളും അവര്‍ വ്യക്തമായ മാര്‍ജിനില്‍ ജയിക്കണം. മത്സരം ബഹിഷ്‌കരിച്ചാല്‍ മാച്ച് റഫറിക്ക് പാകിസ്ഥാന്‍ 20 ഓവര്‍ കളിച്ച് റണ്‍സൊന്നുമെടുത്തില്ലെന്നു കാണിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാം. അങ്ങനെ വന്നാല്‍ അവര്‍ക്ക് നെറ്റ് റണ്‍റേറ്റ് ഗണ്യമായി തന്നെ നഷ്ടമാകും. അതോടെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും വലിയ വിജയം തന്നെ സ്വന്തമാക്കേണ്ട സ്ഥിതിയുമുണ്ട്.
ഇന്ത്യയെ മാറ്റി നിര്‍ത്തിയാല്‍ പാകിസ്ഥാന് ഗ്രൂപ്പില്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്ന കണക്കുകൂട്ടലാണ് പാക് നായകന്‍ സല്‍മാന്‍ അലി ആഘ കഴിഞ്ഞ ദിവസം പങ്കിട്ടത്. ഇന്ത്യക്കെതിരെ മാത്രമല്ല വേറെ മൂന്ന് എതിരാളികള്‍ കൂടെയുണ്ടല്ലോ എന്നാണ് അദ്ദേഹം ചോദിച്ചത്.
എന്നാല്‍ യുഎസ്എ 2024ലെ ടി20 ലോകകപ്പില്‍ പാകിസ്ഥാനെ പുറത്താക്കിയ ടീമാണ്. സൂപ്പര്‍ ഓവര്‍ പോരിലാണ് ലോകകപ്പിലെ പാകിസ്ഥാന്റെ ഞെട്ടിക്കുന്ന തോല്‍വി. നെതര്‍ലന്‍ഡ്‌സിനും വമ്പന്‍മാരെ അട്ടിമറിച്ചതിന്റെ ചരിത്രമുണ്ട്. 2022ല്‍ അവര്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയിട്ടുണ്ട്. നമീബിയയും തങ്ങളുടേതായ ദിവസം അട്ടിമറിക്ക് കെല്‍പ്പുള്ളവര്‍ തന്നെ.
ഈ മൂന്ന് കളികളും ജയിച്ച് നെറ്റ് റണ്‍റേറ്റും സെയ്ഫ് ആയാലാണ് കാര്യങ്ങള്‍ പാകിസ്ഥാനു അനുകൂലമാകുക. ഇനി മഴ പെയ്ത് ഒരു മത്സരം കളിക്കാതെ പോയാല്‍ അവരുടെ പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിക്കും. നിലവില്‍ പാകിസ്ഥാന്‍ കളികുന്ന ശ്രീലങ്കയിലെ വേദികളില്‍ മഴ ഭീഷണി നിലനില്‍ക്കുന്നുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates