

അല്‍ അമിറാത്ത് (ഒമാന്‍): അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ചിരവൈരികളായ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 46.3 ഓവറില്‍ 208 റണ്‍സിന് ഓള്‍ഔട്ടായി. അര്‍ജുന്‍ രാജ്പുതിന്റെ സെഞ്ച്വറിയാണ് (85 പന്തില്‍ 107) ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. അവസാന ഓവറുകളില്‍ കാവ്യ പട്ടേല്‍ നടത്തിയ ചെറുത്തുനില്‍പ്പും ഇന്ത്യയ്ക്ക് നിര്‍ണായകമായി. പാകിസ്ഥാനു വേണ്ടി അലി റാസയും റിസ്വാനുല്ലയും മൂന്നു വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.
മത്സരത്തിന്റെ തുടക്കം മുതല്‍ കൃത്യമായ ഇടവേളകളില്‍ ഇന്ത്യക്ക് വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുന്‍പ് ക്യാപ്റ്റന്‍ ലക്ഷ്യ റായ്ചന്ദാനി (0) ക്ലീന്‍ ബൗള്‍ഡായി. വികെ വിനീത് എട്ടും യഷ് വര്‍ധന്‍ ചൗഹാന്‍ ഒറ്റ റണ്‍സുമെടുത്ത് പവലിയനിലേക്ക് തിരികെ മടങ്ങി. ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന താര പുത്രന്മാര്‍ ആര്യവീര്‍ സെവാഗും (22) അന്‍വയ് ദ്രാവിഡും (10) ചെറിയ സ്‌കോറില്‍ പുറത്തായത് തിരിച്ചടിയായി. എന്നാല്‍ ഒരുഭാഗത്ത് മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞ അര്‍ജുന്‍ രാജ്പുത് ഇന്ത്യക്ക് രക്ഷകനായി.
ആറാം വിക്കറ്റില്‍ അര്‍ജുനും മനാല്‍ ചൗഹാനും ചേര്‍ന്ന് 64 റണ്‍സിന്റെ പാര്‍ട്‌നര്‍ഷിപ്പ് ഒരുക്കിയത് നിര്‍ണായകമായി. ഇതില്‍ ഏറിയ പങ്കും സ്‌കോര്‍ ചെയ്തത് അര്‍ജുനാണ്. 11 റണ്‍സ് നേടിയ മനാലിനെ വീഴ്ത്തി റിസ്വാനുല്ല ഈ കൂട്ടുകെട്ട് തകര്‍ത്തു. പിന്നാലെയെത്തിയ യഷ് വീര്‍ ഗൗഡിനെ സാക്ഷിയാക്കി അര്‍ജുന്‍ കന്നി സെഞ്ച്വറി പൂര്‍ത്തിയാക്കി. എന്നാല്‍ അധികം വൈകാതെ താരം പുറത്തായി. 85 പന്തില്‍ 11 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 107 റണ്‍സാണ് അര്‍ജുന്‍ അടിച്ചെടുത്തത്.
അവസാന ഘട്ടത്തില്‍ ഇന്ത്യന്‍ വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണത് ടീമിന് തിരിച്ചടിയായി. പാക് ബൗളര്‍മാരായ അലി റാസയും നിഖാബ് ഷഫീഖും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി ഇന്ത്യന്‍ ബാറ്റിങ് നിരയെ സമ്മര്‍ദത്തിലാക്കി. യഷ് വീര്‍ നാല് റണ്‍സുമായി മടങ്ങിയെങ്കിലും ക്യാവ്യ പട്ടേലിന്റെ ചെറുത്തു നില്‍പ്പ് ടീമിനെ 200 കടത്തി. 45 പന്തില്‍ 23 റണ്‍സാണ് കാവ്യ നേടിയത്. 47-ാം ഓവറില്‍ കാവ്യയെ വീഴ്ത്തി മുഹമ്മദ് സയ്യാം ഇന്ത്യന്‍ ഇന്നിങ്‌സിന് തിരശ്ശീലയിട്ടു.
നേപ്പാളിനെതിരായ ആദ്യ മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ ആധികാരിക വിജയവുമായാണ് ഇന്ത്യ എത്തിയത്. അന്ന് ആര്യവീര്‍ സെവാഗ് 52 പന്തില്‍ പുറത്താകാതെ 70 റണ്‍സ് നേടിയിരുന്നു. ക്യാപ്റ്റന്‍ ലക്ഷ്യ റായ്ചന്ദാനി 63 പന്തില്‍ 53 റണ്‍സും നേടി. ഇരുവര്‍ക്കും ഇന്ന് ഫോം കണ്ടെത്തായില്ല. മറുവശത്ത് യുഎഇയെ ഒന്‍പത് വിക്കറ്റിന് തോല്‍പ്പിച്ചാണ് പാകിസ്താന്‍ ഇന്ത്യക്കെതിരെ ഇറങ്ങിയത്. മത്സരത്തില്‍ ഉസ്മാന്‍ ഖാന്‍ പുറത്താകാതെ 139 റണ്‍സ് നേടിയിരുന്നു. ഗ്രൂപ്പ് എയിലെ നിര്‍ണായക മത്സരമാണിത്. വിജയിക്കുന്ന ടീമിന് സെമിഫൈനല്‍ സാധ്യതകള്‍ കൂടുതല്‍ ശക്തമാക്കാം. നവംബര്‍ 12നാണ് സെമിഫൈനല്‍ മത്സരങ്ങള്‍. നവംബര്‍ 14ന് ഫൈനല്‍ നടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates