

കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും ദക്ഷിണാഫ്രക്കയ്ക്കു ബാറ്റിങ് തകര്‍ച്ച. 30 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 91 റണ്‍സ് ചേര്‍ക്കുന്നതിനിടെ 7 മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക 7 വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെന്ന നിലയില്‍ വന്‍ തകര്‍ച്ചയെ നേരിടുന്നു.
ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 159 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ചത്. പക്ഷേ ഇന്ത്യക്കും സ്‌കോര്‍ 200 കടത്താനായില്ല. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 189 റണ്‍സില്‍ അവസാനിച്ചു. 30 റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണ് നേടാനായത്. നിലവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 62 റണ്‍സ് ലീഡ്.
29 റണ്‍സുമായി പൊരുതി നില്‍ക്കുന്ന ക്യാപ്റ്റന്‍ ടെംബ ബവുമയാണ് പ്രോട്ടീസിന്റെ ആകെയുള്ള പ്രതീക്ഷ. ക്രീസില്‍ കൂട്ടായി കോര്‍ബിന്‍ ബോഷും (1).
സ്പിന്നര്‍മാരുടെ മികവിലാണ് ഇന്ത്യ കളിയില്‍ പിടിമുറുക്കിയത്. 4 വിക്കറ്റുകള്‍ വീഴ്ത്തി രവീന്ദ്ര ജഡേജ പോരാട്ടത്തിനു മുന്നില്‍ നിന്നു. കുല്‍ദീപ് യാദവ് 2 വിക്കറ്റെടുത്തു. അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റെടുത്തു.
വിയാന്‍ മള്‍ഡര്‍, റിയാന്‍ റിക്കല്‍ടന്‍ എന്നിവര്‍ 11 വീതം റണ്‍സെടുത്തു. മാര്‍ക്കോയ യാന്‍സന്‍ (13) ആണ് രണ്ടക്കം കടന്ന മറ്റൊരാള്‍. നാല് താരങ്ങള്‍ രണ്ടക്കം കാണാതെ അതിവേഗം മടങ്ങി.
നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയതിനു പിന്നാലെ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനു ബാറ്റ് ചെയ്യാന്‍ സാധിക്കാതെ വന്നതും ഇന്ത്യയ്ക്കു തിരിച്ചടിയായി. കഴുത്തിനു കഠിനമായ വേദന അനുഭവപ്പെട്ടതോടെയാണ് ക്യാപ്റ്റന്‍ മടങ്ങിയത്. ഫലത്തില്‍ ഇന്ത്യയുടെ 9 വിക്കറ്റുകള്‍ മാത്രമേ പ്രോട്ടീസിനു വീഴ്‌ത്തേണ്ടി വന്നുള്ളു.
രണ്ടാം ദിനത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. കൃത്യമായ ഇടവേളകളില്‍ ഇന്ത്യക്കു വിക്കറ്റുകള്‍ നഷ്ടമായി. ഒരാള്‍ പോലും 40നു മുകളില്‍ സ്‌കോര്‍ ചെയ്തില്ല. 39 റണ്‍സെടുത്ത കെഎല്‍ രാഹുലാണ് ടോപ് സ്‌കോറര്‍.
രണ്ടാം ദിനത്തില്‍ സ്‌കോര്‍ 75ല്‍ എത്തിയപ്പോഴാണ് ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടമായത്. വാഷിങ്ടന്‍ സുന്ദറാണ് മടങ്ങിയത്. താരം 82 പന്തുകള്‍ ചെറുത്ത് 29 റണ്‍സുമായി മടങ്ങി. 4 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. കഴുത്ത് വേദന കഠിനമായതിനെ തുടര്‍ന്നാണ് ക്യാപ്റ്റന്റെ മടക്കം.
സ്‌കോര്‍ 109ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ കെഎല്‍ രാഹുലും പുറത്തായി. താരം 119 പന്തുകളില്‍ നിന്നു 39 റണ്‍സ് കണ്ടെത്തിയാണ് മടങ്ങിയത്. ഗില്‍ മടങ്ങിയതിനു പിന്നാലെ എത്തിയ ഋഷഭ് പന്താണ് നാലാം വിക്കറ്റായി മടങ്ങിയത്. താരം കൂറ്റനടികളുമായി കളം വാണെങ്കിലും അധികം നീണ്ടില്ല. പന്തില്‍ 24 പത്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 27 റണ്‍സുമായി ഔട്ടായി.
ഇന്ത്യ ലീഡിലേക്ക് നീങ്ങുന്നതിനിടെ ധ്രുവ് ജുറേലും പുറത്തായി. ഉച്ച ഭക്ഷണത്തിനു ശേഷം കളി പുനരാംരഭിച്ചതിനു പിന്നാലെയാണ് ജുറേലിന്റെ മടക്കം. താരം 14 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്. അക്ഷര്‍ പട്ടേല്‍ 16 റണ്‍സുമായും മടങ്ങിയതിനു പിന്നാലെ ഇന്ത്യന്‍ ഇന്നിങ്‌സിനു തിരശ്ശീല വീണു. കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ റണ്‍സുമായി പുറത്തായി. കളി അവസാനിക്കുമ്പോള്‍ ജസ്പ്രിത് ബുംറ 1 റണ്ണുമായി ക്രീസില്‍. ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യക്ക് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായിരുന്നു. സ്‌കോര്‍ 18ല്‍ എത്തിയപ്പോഴാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. യശസ്വി 12 റണ്‍സുമായി മടങ്ങി.
പ്രോട്ടീസിനായി സിമോണ്‍ ഹാര്‍മര്‍ 4 വിക്കറ്റെടുത്തു ഇന്ത്യയെ വിറപ്പിച്ചു. മാര്‍ക്കോ യാന്‍സന്‍ 3 വിക്കറ്റകളും പോക്കറ്റിലാക്കി. കേശവ് മഹാരാജ്, കോര്‍ബിന്‍ ബോഷ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ഒന്നാം ഇന്നിങ്‌സില്‍ 5 വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രിത് ബുംറയുടെ ബൗളിങിനു പ്രോട്ടീസിനു മറുപടിയില്ലാതെ പോയി. മധ്യനിരയും വാലറ്റവും ആയുധം വച്ച് കീഴടങ്ങി. പന്തുകള്‍ കുറേയധികം ചെറുക്കാന്‍ പ്രോട്ടീസ് ബാറ്റര്‍മാര്‍ ശ്രമിച്ചെങ്കിലും അതിനനുസരിച്ച് റണ്‍സ് കിട്ടിയില്ല.
31 റണ്‍സെടുത്ത ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം ആണ് ടോപ് സ്‌കോറര്‍. സഹ ഓപ്പണര്‍ റിയാന്‍ റികല്‍ട്ടന്‍ 23 റണ്‍സും മൂന്നാമന്‍ വിയാന്‍ മള്‍ഡര്‍ 24 റണ്‍സും കണ്ടെത്തി. ടോണി ഡി സോര്‍സിയും 24 റണ്‍സുമായി മടങ്ങി. കെയ്ല്‍ വരെയ്ന്‍ (16), ട്രിസ്റ്റന്‍ സ്റ്റബ്സ് (പുറത്താകാതെ 74 പന്തില്‍ 15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
ബുംറ 14 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates