തിരുവനന്തപുരം: ട്വന്റി 20 പോരാട്ടത്തിന്റെ ആവേശമുയര്‍ത്തി ഇന്ത്യ-ന്യൂസിലന്റ് ടീമുകള്‍ കേരളത്തിന്റെ തലസ്ഥാന നഗരിയിലെത്തി. സഞ്ജു സാംസണ്‍ വിമാനത്താവളത്തിന് പുറത്തേയ്ക്ക് വന്നപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വഴിയൊരുക്കിയത് ചിരി പടര്‍ത്തി.
''ഡോണ്ട് ഡിസ്റ്റര്‍ബ് ചേട്ടാ, എല്ലാവരും മാറൂ... വഴികൊടുക്കൂ. നോ ഫോട്ടോസ്..ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ലാന്‍ഡ് ചെയ്തിരിക്കുന്നു''. എന്നാണ് സൂര്യകുമാര്‍ യാദവ് പറയുന്നത്. സ്വന്തം നാട്ടില്‍ എത്തുമ്പോള്‍ എന്താണ് മാനസികാവസ്ഥയെന്ന് സൂര്യകുമാര്‍ യാദവ് ചോദിക്കുമ്പോള്‍ എല്ലാ സമയത്തും നല്ല അനുഭവമാണെന്നും എന്നാല്‍ ഇത്തവണത്തേത് സ്‌പെഷ്യല്‍ ആണെന്നും സഞ്ജു മറുപടി പറയുന്നുണ്ട്.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശനിയാഴ്ച വൈകിട്ട്് 7 മണിക്ക് നടക്കുന്ന മത്സരത്തിനായി എത്തിയ ഇരു ടീമുകള്‍ക്കും വിമാനത്താവളത്തില്‍ ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. സഞ്ജു സാംസണ്‍ എത്തിയപ്പോള്‍ ആരാധകര്‍ ആവേശകൊടുമുടിയിലെത്തി.
പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് ഇരുടീമിലേയും താരങ്ങളും പരിശീലകരും എത്തിയത്. പ്രിയതാരങ്ങളെ ഒരു നോക്ക് കാണാന്‍ നിരവധി ആരാധകരാണ് വിമാനത്താവള പരിസരത്ത് തടിച്ചുകൂടിയിരുന്നത്. കനത്ത സുരക്ഷാ വലയത്തിലാണ് താരങ്ങളെ പുറത്തേയ്ക്ക എത്തിച്ചത്. ഇന്ത്യന്‍ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യൂസിലന്റ് ടീമിനായി ഹയാത്ത് റീജന്‍സിയിലുമാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. മത്സരത്തോടനുബന്ധിച്ച് വിമാനത്താവളം, ഹോട്ടലുകള്‍, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates