

ശ്രീനഗർ: ജമ്മു കശ്മീരിൽ നിന്നുള്ള ഇന്ത്യൻ താരം പർവേസ് റസൂൽ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നുമായി വിരമിക്കൽ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിൽ നിന്നു ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയ ആദ്യ താരമെന്ന റെക്കോർഡ് പർവേസ് റസൂലിന്റെ പേരിലാണ്. ഇന്ത്യക്കായി ഒരു ഏകദിന മത്സരവും ഒരു ടി20 മത്സരവും മാത്രമാണ് 36കാരൻ കളിച്ചത്. ദേശീയ, ആഭ്യന്തര ടീമുകളിൽ അവസരം കിട്ടാതെ വന്നതോടെയാണ് കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
2014ലാണ് താരം ആദ്യമായി ഇന്ത്യക്കായി ഏകദിനം കളിക്കാനിറങ്ങിയത്. ടി20യിൽ ആദ്യമായി ഇന്ത്യൻ ജേഴ്സി അണിഞ്ഞത് 2017ലും. ഈ രണ്ട് മത്സരങ്ങളാണ് താരം ഇന്ത്യക്കായി കളിച്ചത്. ഐപിഎല്ലിൽ വിവിധ ടീമുകൾക്കായി കളത്തിലെത്തി. 11 മത്സരങ്ങളാണ് താരം ഐപിഎല്ലിൽ കളിച്ചത്. പുനെ വാരിയേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമുകൾക്കായാണ് പർവേസ് റസൂൽ ഐപിഎല്ലിൽ കളത്തിലെത്തിയത്.
2014ൽ ബംഗ്ലാദേശിനെതിരെയാണ് പർവേസ് റസൂൽ ഏകദിന പോരാട്ടം കളിച്ചത്. സുരേഷ് റെയ്നയായിരുന്നു ഈ മത്സരത്തിൽ ഇന്ത്യൻ നായകൻ. മത്സരത്തിൽ 10 ഓവർ എറിഞ്ഞ പർവേസ് റസൂൽ 60 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു.
വിരാട് കോഹ്‍ലിയുടെ കീഴിലാണ് പർവേസ് റസൂൽ ആദ്യമായും അവസാനമായും ഇന്ത്യക്കായി ടി20 കളിച്ചത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ എട്ടാമനായി എത്തിയ താരം 6 പന്തിൽ 5 റൺസും പന്തെറിഞ്ഞപ്പോൾ 4 ഓവറിൽ 32 റൺസ് വഴങ്ങി ഒരു വിക്കറ്റും നേടി. 11 ഐപിഎൽ മത്സരങ്ങളിൽ നിന്നു 17 റൺസും 4 വിക്കറ്റുമാണ് സമ്പാദ്യം.
ആഭ്യന്തര ക്രിക്കറ്റിൽ ജമ്മു കശ്മീരിനായി മിന്നും ഫോമിൽ കളിച്ച താരമാണ് റസൂൽ. ഓൾ റൗണ്ടറായ താരം 2008ലാണ് അരങ്ങേറിയത്. ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 95 കളികൾ, 5648 റൺസ്, 352 വിക്കറ്റുകൾ. 164 ലിസ്റ്റ് എ മത്സരങ്ങൾ. 3982 റൺസ്, 21 വിക്കറ്റുകൾ. 71 ടി20 മത്സരങ്ങളിൽ നിന്നു 840 റൺസും 60 വിക്കറ്റുകളും വീഴ്ത്തി.
2013-14 സീസണിലും 2017-18 സീസണിലും രഞ്ജിയിൽ മികവാർന്ന പ്രകടനമായിരുന്നു പർവേസ് റസൂൽ നടത്തിയത്. ഈ രണ്ട് സീസണുകളിലും മികച്ച ഓൾ റൗണ്ടർക്കുള്ള ലാലാ അമർനാഥ് ട്രോഫി അദ്ദേഹത്തിനായിരുന്നു. പിന്നാലെയാണ് രണ്ട് ഘട്ടങ്ങളിലും താരം ഇന്ത്യൻ ടീമിലേക്കെത്തിയത്.
സിംബാബ്‍വെക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 15 അംഗ സംഘത്തിൽ പർവേസ് റസൂലിനെ ഉൾപ്പെടുത്തിയിരുന്നു. 5 മത്സരങ്ങളിലെ ആദ്യ 3 പോരിലും ഇന്ത്യ ജയിച്ചതോടെ ബഞ്ചിലുള്ള താരങ്ങൾക്കു ശേഷിച്ച രണ്ട് മത്സരങ്ങളിൽ അവസരം നൽകി. ടീമിലെത്തിയ 15ൽ 14 താരങ്ങളും ആ പരമ്പരയിൽ കളിച്ചു. ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, രോഹിത് ശർമ അടക്കമുള്ളവർക്ക് കളിക്കാൻ അവസരം കിട്ടിയപ്പോൾ പർവേസ് റസൂലിനു മാത്രം അവസരം നൽകിയില്ല.
അന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, ശശി തരൂർ അടക്കമുള്ള ക്രിക്കറ്റ് പ്രേമികൾ പർവേസ് റസൂലിനെ മാത്രം ഒഴിവാക്കിയതിനെതിരെ രംഗത്തെത്തിയതോടെ സംഭവം വിവാദമായി. ഇതോടെ വിശദീകരണവുമായി ക്യാപ്റ്റൻ വിരാട് കോഹ്ലി രംഗത്തെത്തിയതോടെ സംഭവത്തിനു പല മാനങ്ങളും കൈവന്നു. വിജയങ്ങളുമായി ടീം മുന്നോട്ടു പോകുമ്പോൾ ബൗളിങ് കോമ്പിനേഷനിൽ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നായിരുന്നു കോഹ്‍ലിയുടെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
