

ലഖ്നൗ: അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ ഞെട്ടിച്ച് ഗുജറാത്ത് ടൈറ്റൻസ്. 135 റണ്‍സ് പ്രതിരോധിച്ച ഗുജറാത്ത് ഏഴ് റണ്‍സിനാണ് ലഖ്‌നൗവിന്റെ മൈതാനത്ത് ജയിച്ചുകയറിയത്. അവസാന ഓവർ എറിഞ്ഞ മോഹിത് ശർമ നാല് വിക്കറ്റുകൾ വീഴ്ത്തിയാണ് ഗുജറാത്തിനെ വിജയവഴിയിലെത്തിച്ചത്.
കെഎൽ രാഹുൽ, മാർകസ് സ്റ്റോയ് നിസ്, ആയുഷ് ബദോനി, ദീപക് ഹൂഡ എന്നിവരാണ് തുടർച്ചായ പന്തുകളിൽ പുറത്തായത്. അവസാന ഓവറിൽ 12 റൺസായിരുന്നു ലഖ്നൗവിന് ജയിക്കാൻ വേണ്ടിയിരുന്നത്. നാല് റൺസ് മാത്രം വിട്ടുകൊടുത്ത് നാലുവിക്കറ്റുകൾ നേടി. അർധ സെഞ്ച്വറിയുമായി കെഎൽ രാഹുൽ അവസാന ഓവർ വരെ ബാറ്റ് ചെയ്തെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. 61 പന്തിൽ നിന്ന് രാഹുൽ 68 റൺസ് നേടി.
അവസാന ഓവറിലെ മൂന്നാം പന്തിൽ മാര്‍ക്കസ് സ്റ്റോയ്‌നിസും (0) പുറത്തായി. നാലാം പന്തിൽ ആയുഷ് ബദോനിയും (8), അഞ്ചാം പന്തിൽ ദീപക് ഹൂഡയും (2) റണ്ണൗട്ടായതോടെ ലഖ്‌നൗവിന്റെ പോരാട്ടം അവസാനിച്ചു.കൈൽ മായേഴ്‌സ് (24), ക്രുണാൽ പാണ്ഡ്യ (23), നിക്കോളാസ് പുരൻ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 135 റൺസിലെത്തിയത്. ലഖ്നൗ ബൗളർമാരുടെ കണിശതയ്ക്ക് മുന്നിൽ ഗുജറാത്ത് ബാറ്റർമാർക്ക് അടിതെറ്റി. ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ അർധ സെഞ്ച്വറിയുമായി മുന്നിൽ നിന്നു നയിച്ചു. താരം 50 പന്തിൽ നാല് സിക്സും രണ്ട് ഫോറും സഹിതം 66 റൺസ് വാരി. ഓപ്പണർ വൃദ്ധിമാൻ സാഹ 37 പന്തിൽ ആറ് ഫോറുകൾ സഹിതം 47 റൺസ് സ്വന്തമാക്കി. മറ്റാരും കാര്യമായി കളിച്ചില്ല.
ആദ്യം ബാറ്റിങിനിറങ്ങിയ ഗുജറാത്തിന് തുടക്കത്തിൽ തന്നെ ശുഭ്മാൻ ഗില്ലിനെ നഷ്ടമായി. താരം സംപൂജ്യനായി. സാഹയ്ക്ക് കൂട്ടായി ഹർദിക് എത്തിയതോടെ ഗുജറാത്ത് സ്കോർ ബോർഡ് ചലിച്ചു. അതിനിടെ സാഹ പുറത്തായി. പിന്നീട് ഹർദിക് ഒറ്റയ്ക്ക് ടീമിനെ 100 കടത്തുകയായിരുന്നു.
അഭിനവ് മനോഹർ (3), വിജയ് ശങ്കർ (10), ഡേവിഡ് മില്ലർ (6) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. രാഹുൽ തേവാടിയ രണ്ട് റൺസുമായി പുറത്താകാതെ നിന്നു.
നാലോവറിൽ 16 റൺസ് മാത്രം വഴങ്ങി ക്രുണാൽ പാണ്ഡ്യ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മാർക്കസ് സ്റ്റോയിനിസും രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. അമിത് മിശ്ര, നവീൻ ഉൾ ഹഖ് എന്നിവർ ഓരോ വിക്കറ്റുകൾ സ്വന്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates