കോഹ്‌ലിക്ക് കിരീടം, അയ്യര്‍ക്ക് മുന്നില്‍ ചരിത്ര നേട്ടം! ഐപിഎല്‍ 'ഫൈനല്‍ ഷോ' ഇന്ന്

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വൈകീട്ട് 7.30 മുതല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു- പഞ്ചാബ് കിങ്‌സ് കലാശപ്പോരാട്ടം
IPL 2025 final, Royal Challengers Bengaluru vs Punjab Kings
ഐപിഎൽ കിരീടവുമായി ശ്രേയസ് അയ്യരും രജത് പടിദാറും (IPL 2025)x
Updated on
2 min read

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍- IPL 2025) പുതിയ ചാംപ്യന്‍ ആരാകുമെന്ന് ഇന്നറിയാം. ഇതുവരെ കിരീടം നേടാന്‍ ഭാഗ്യമില്ലാതെ പോയ രണ്ട് ടീമുകളിൽ ഒരു സംഘത്തിന്റെ നിര്‍ഭാഗ്യത്തിനു ഇന്ന് രാത്രി അവസാനം കുറിക്കപ്പെടും. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു- പഞ്ചാബ് കിങ്‌സ് ഗ്രാന്‍ഡ് ഫിനാലെ അതിനാല്‍ തന്നെ തീപാറുമെന്ന് രണ്ട് പക്ഷമുണ്ടാകില്ല.

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലി കരിയറിന്റെ സായാഹ്നത്തിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ലോകകപ്പടക്കമുള്ള നേട്ടങ്ങളമുണ്ട്. പക്ഷേ കരിയറില്‍ ഇന്നുവരെ ഐപിഎല്‍ കിരീടത്തില്‍ മുത്തമിടാനുള്ള യോഗം അദ്ദേഹത്തിനുണ്ടായിട്ടില്ല. ആ കുറവ് ഇന്ന് അഹമ്മദാബാദില്‍ പരിഹരിക്കപ്പെടുമോ എന്ന് ആരാധകര്‍ ഉറ്റുനോക്കുന്നു.

മറുഭാഗത്ത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ഒരു ചരിത്ര നേട്ടത്തിന്റെ വക്കില്‍ നില്‍ക്കുന്നു. രണ്ട് വ്യത്യസ്ത ടീമുകളെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ആദ്യ നായകനെന്ന അനുപമ റെക്കോര്‍ഡാണ് അയ്യരെ കാത്തു നില്‍ക്കുന്നത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ അയ്യര്‍ കിരീടത്തിലേക്ക് നയിച്ചിരുന്നു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ന് രാത്രി 7.30നാണ് ആര്‍സിബി- പഞ്ചാബ് കലാശപ്പോരാട്ടം. ഒന്നാം ക്വാളിഫയറില്‍ പഞ്ചാബിനെ അനായാസം തകര്‍ത്ത് നേരെ ഫൈനലുറപ്പിച്ചവരാണ് ആര്‍സിബി സംഘം. പഞ്ചാബ് ആകട്ടെ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് റെക്കോര്‍ഡ് ജയവുമായാണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. രണ്ട് സംഘവും കത്തുന്ന ആത്മവിശ്വാസത്തില്‍.

കോഹ്‌ലിയും റോയല്‍സും

പ്രഥമ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരമായി എത്തിയ കോഹ്‌ലി മറ്റൊരു ഫ്രാഞ്ചൈസിയിലേക്കും പിന്നീട് പോയിട്ടില്ല. കഴിഞ്ഞ 18 സീസണുകളിലും ആര്‍സിബി മുഖം കോഹ്‌ലിയാണ്. ഒട്ടേറെ സീസണുകളില്‍ നായകനായിട്ടും പക്ഷേ കിരീടമില്ല. അകന്നു നില്‍ക്കുന്ന ആ കപ്പ് നെഞ്ചോട് ചേര്‍ക്കാന്‍ അദ്ദേഹത്തിനു ലഭിക്കുന്ന ഏറ്റവും മികച്ച അവസരമാണിത്.

ഇത്തവണ ബാറ്റിങില്‍ കത്തും ഫോമിലുമാണ് കോഹ്‌ലി. ഇതുവരെയായി 614 റണ്‍സുകള്‍ താരം അടിച്ചു കഴിഞ്ഞു. ക്യാപ്റ്റന്‍ രജത് പടിദാര്‍, ജിതേഷ് ശര്‍മ, ഫില്‍ സാള്‍ട്ട് എന്നിവരെല്ലാം ബാറ്റിങില്‍ ഫോമായി നില്‍ക്കുന്നു.

ബൗളിങിലും ആര്‍സിബി വ്യത്യസ്തത പുലര്‍ത്തുന്നു. മികച്ച പേസും സ്പിന്നും ചേര്‍ന്നാണ് അവരുടെ ആക്രമണം. ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡാണ് പേസ് കുന്തമുന. ഭുവനേശ്വര്‍ കുമാര്‍, യഷ് ദയാല്‍ എന്നിവരും മികവില്‍ നില്‍ക്കുന്നു. ക്രുണാല്‍ പാണ്ഡ്യ, സൂയഷ് ശര്‍മ എന്നിവരാണ് സ്പിന്നര്‍മാര്‍.

അയ്യരും പഞ്ചാബും

മുന്നില്‍ നിന്നു നയിക്കുന്ന ക്യാപ്റ്റനാണ് ശ്രേയസ് അയ്യര്‍. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയിലായിരുന്നുവെങ്കില്‍ ഇത്തവണ പഞ്ചാബിലാണ്. ആദ്യ ക്വാളിഫയറില്‍ ആര്‍സിബിയോടു തോറ്റ അവര്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈക്കെതിരെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ശ്രേയസ് ബാറ്റിങില്‍ തിളങ്ങി റെക്കോര്‍ഡ് ചെയ്‌സ് നടത്തിയാണ് അവര്‍ ആധികാരിക വിജയവുമായി വരുന്നത്. 41 പന്തില്‍ 87 റണ്‍സുമായി പുറത്താകാതെ നിന്ന് ഐപിഎല്‍ പ്ലേ ഓഫിലെ ഏറ്റവും വലിയ റണ്‍ ചെയ്‌സിന്റെ റെക്കോര്‍ഡ് സ്ഥാപിച്ചാണ് പഞ്ചാബ് എത്തുന്നത്.

603 റണ്‍സുമായി അയ്യര്‍ തന്നെയാണ് പഞ്ചാബിന്റെ നെടുംതൂണായി നില്‍ക്കുന്നത്. കൊല്‍ക്കത്തയെ കിരീടത്തിലേക്ക് നയിച്ച അയ്യര്‍ നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായും ഫൈനല്‍ കളിച്ചിട്ടുണ്ട്. അന്ന് കിരീടം കൈവിട്ടു. ഇത്തവണ കിരീടം നേടിയാല്‍ അയ്യര്‍ മറ്റാര്‍ക്കും ഇല്ലാത്ത റെക്കോര്‍ഡ് നേട്ടത്തില്‍ സ്വന്തം പേരെഴുതി ചേര്‍ക്കും.

ഓപ്പണര്‍മാരായ പ്രഭ്‌സിമ്രാന്‍ സിങ്, പ്രിയാംശ് ആര്യ എന്നിവര്‍ ചേര്‍ന്നു നല്‍കുന്ന തുടക്കം ഇത്തവണ പഞ്ചാബിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായിരുന്നു. ജോഷ് ഇംഗ്ലിസ്, നേഹല്‍ വധേര എന്നിവരും ബാറ്റിങ് നിരയ്ക്ക് കരുത്താണ്. ബൗളിങില്‍ അര്‍ഷ്ദീപ് സിങാണ് മുന്നില്‍ നില്‍ക്കുന്നത്. താരം 18 വിക്കറ്റുകള്‍ വീഴ്ത്തി. സീസണില്‍ ഹാട്രിക്ക് വിക്കറ്റുകളുമായി ഫോമിലേക്ക് മടങ്ങിയെത്തിയ യുസ്‌വേന്ദ്ര ചഹലും പ്രതീക്ഷയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com