

അബുദാബി: ഐപിഎൽ 2026നു മുന്നോടിയായി നടക്കുന്ന ലേലത്തിൽ പങ്കെടുക്കുന്ന താരങ്ങളുടെ അന്തിമ പട്ടിക പുറത്തുവിട്ട് ബിസിസിഐ. 240 ഇന്ത്യൻ താരങ്ങളും 110 വിദേശ താരങ്ങളും ഉൾപ്പെടെ ആകെ 350 താരങ്ങളാണ് ലേലത്തിൽ എത്തുന്നത്. പ്രഥാമികമായി രജിസ്റ്റർ ചെയ്ത 1390 കളിക്കാരിൽ നിന്നു 1005 പേരെ ഒഴിവാക്കിയാണ് 350 പേരുടെ അന്തിമ ചുരുക്ക പട്ടിക ബിസിസിഐ പുറത്തുവിട്ടത്.
ഈ മാസം 16ന് അബുദാബിയിലാണ് ഐപിഎൽ താര ലേലം. മൂന്ന് തവണ ജേതാക്കളായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ കൈയിലാണ് ഏറ്റവും കൂടുതൽ തുക കൈവശമുള്ളത്. 64.3 കോടി രൂപയാണ് അവരുടെ പേഴ്സിലുള്ളത്. ചെന്നൈ സൂപ്പർ കിങ്സിന്റെ പക്കൽ 43.4 കോടി രൂപയും സൺറൈസേഴ്സ് ഹൈദരാബാദിന്റെ പക്കൽ 25.5 കോടി രൂപയുമുണ്ട്.
ആദ്യ ഘട്ടത്തിൽ രജിസ്റ്റർ ചെയ്യാതിരുന്ന 35 താരങ്ങളെ അവസാന ഘട്ടത്തിൽ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്. വിരമിക്കൽ തീരുമാനം പിൻവലിച്ചെത്തിയ ക്വിന്റൻ ഡി കോക്ക്, മുൻ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് എന്നിവരാണ് അവസാന നിമിഷത്തെ സർപ്രൈസ് എൻട്രികൾ. 2 കോടി രൂപ അടിസ്ഥാന വിലയാണ് സ്മിത്തിന്. 2021നു ശേഷം സ്മിത്ത് ഐപിഎൽ കളിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരായ അവസാന ഏകദിന മത്സരത്തിൽ കിടിലൻ സെഞ്ച്വറി നേടിയ ക്വിന്റൻ ഡി കോക്കിനെ ഒരു ഫ്രാഞ്ചൈസിയുടെ പ്രത്യേക അഭ്യർഥന മാനിച്ചാണ് അന്തിമ ഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഇക്കാര്യം ആവശ്യപ്പെട്ട ടീമേതാണ് എന്നത് പുറത്തു വന്നിട്ടില്ല. ഒരു കോടി രൂപ അടിസ്ഥാന വിലയാണ് ഡി കോക്കിനു. കഴിഞ്ഞ സീസണിൽ 2 കോടി അടിസ്ഥാന വില നൽകി കൊൽക്കത്ത നൈറ്റ്റൈഡേഴ്സാണ് ദക്ഷിണാഫ്രിക്കൻ ഓപ്പണറെ പാളയത്തിലെത്തിച്ചത്.
ശ്രീലങ്കൻ താരങ്ങളായ ട്രാവിൻ മാത്യു, ബിനു ഫെർണാണ്ടോ, കുശാൽ പെരേര, ദുനിത് വെള്ളാലഗെ എന്നിവരാണ് പട്ടികയിൽ എത്തിയ മറ്റു താരങ്ങൾ. വെസ്റ്റ് ഇൻഡീസിന്റെ അകീം അഗസ്റ്റെ, അഫ്ഗാനിസ്ഥാൻ താരം അറബ് ഗുൽ എന്നിവർ ആദ്യമായി ഐപിഎൽ ലേലത്തിന്റെ ഭാഗമാകും. ആഭ്യന്തര താരങ്ങളിൽ മലയാളിയായ ആരോൺ ജോർജ്, വിഷ്ണു സോളങ്കി, പരീക്ഷിത് വൽസാങ്കർ, സാഡെക് ഹുസൈൻ, ഇസാസ് സവാരിയ മറ്റ് 20 പേരും അവസാന ഘട്ടത്തിൽ പട്ടികയിലെത്തി.
10 ടീമുകൾക്കുമായി 77 താരങ്ങളെ ലേലത്തിൽ വിളിച്ചെടുക്കാം. ദേശീയ ടീമിൽ കളിച്ച 16 ഇന്ത്യൻ താരങ്ങളും 96 വിദേശ താരങ്ങളും ലേലത്തിൽ എത്തുന്നുണ്ട്. അൺ ക്യാപ്ഡ് വിഭാഗത്തിൽ 224 ഇന്ത്യൻ താരങ്ങളും 14 വിദേശ താരങ്ങളുമുണ്ട്.
2 കോടി രൂപ അടിസ്ഥാന വിലയുള്ള മാർക്യൂ താരങ്ങൾ 40 പേരാണ്. ഈ പട്ടികയിൽ രണ്ട് ഇന്ത്യൻ താരങ്ങൾ മാത്രമാണുള്ളത്. വെങ്കടേഷ് അയ്യരും രവി ബിഷ്ണോയിയും. ഡെവോൺ കോൺവെ, കാമറൂൺ ഗ്രീൻ, ഡേവിഡ് മില്ലർ, ലിയാം ലിവിങ്സ്റ്റൻ തുടങ്ങിയവരാണ് മാർക്യൂ താരങ്ങളിൽ ശ്രദ്ധേയർ. അതിൽ തന്നെ കാമറൂൺ ഗ്രീനിനെ ടീമിലെത്തിക്കാൻ ഫ്രൈഞ്ചൈസികൾ പണം വാരിയെറിഞ്ഞാലും അത്ഭുതപ്പെടേണ്ടതില്ല.
ഒന്നരക്കോടി അടിസ്ഥാന വിലയുള്ള 9 താരങ്ങളുണ്ട്. ഒന്നേകാൽ കോടി അടിസ്ഥാന വിലയുള്ള 4 താരങ്ങളും. ഈ രണ്ട് പട്ടികയിലും ഒരു ഇന്ത്യൻ താരവുമില്ല. 17 പേർ ഒരു കോടി അടിസ്ഥാന വിലയുള്ള താരങ്ങളാണ്. ഈ പട്ടികയിൽ മൂന്ന് ഇന്ത്യക്കാരുണ്ട്. ആകാശ് ദീപ്, രാഹുൽ ചഹർ, ഉമേഷ് യാദവ്.
75 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയിൽ പൃഥ്വി ഷാ, സർഫറാസ് ഖാൻ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ശിവം മവി, കെഎസ് ഭരത്, മലയാളി പേസർ സന്ദീപ് വാര്യർ എന്നിവരുണ്ട്. മലയാളി താരം കെഎം ആസിഫ്, മുൻ കേരള രഞ്ജി താരം ജലജ് സക്സേന എന്നിവരുടെ അടിസ്ഥാന വില 40 ലക്ഷം രൂപയാണ്. മുംബൈ ഇന്ത്യൻസിനായി കഴിഞ്ഞ സീസൺ കളിച്ച മലയാളി താരം വിഘ്നേഷ് പുത്തൂർ, അഖിൽ സ്കറിയ എന്നിവർക്ക് 30 ലക്ഷമാണ് അടിസ്ഥാന വില.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates