

ധരംശാല: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തില്‍ പൊരുതാവുന്ന സ്‌കോറുയര്‍ത്തി പഞ്ചാബ്. കരുത്തോടെ തുടങ്ങി ഇടയ്ക്ക് കൈവിട്ടുപോയ പഞ്ചാബിനെ അഫ്ഗാന്‍ താരം അസ്മതുല്ല ഒമര്‍സായ് നടത്തിയ വെടിക്കെട്ടാണ് പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. പിന്നാലെ വന്ന മലയാളി താരം വിഷ്ണു വിനോദും സേവ്യര്‍ ബാര്‍ട്‌ലറ്റും ചേര്‍ന്നു സ്‌കോര്‍ 200ലും എത്തിച്ചു. നിശ്ചിത ഓവറില്‍ പഞ്ചാബ് 8 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. മുംബൈ നിരയെ ജസ്പ്രിത് ബുംറയാണ് നയിച്ചത്. ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
50 റണ്‍സില്‍ ആദ്യ വിക്കറ്റ് നഷ്ടമായ പഞ്ചാബിന് രണ്ടാം വിക്കറ്റ് 107 റണ്‍സിലും മൂന്നാം വിക്കറ്റ് 111 റണ്‍സിലും വീണു. ഇതേ റണ്‍സില്‍ നാലാം വിക്കറ്റും അവര്‍ക്കു നഷ്ടമായി. 166 റണ്‍സിനിടെ 8 വിക്കറ്റുകള്‍ നഷ്ടമായ അവരെ അസ്മതുല്ലയ്ക്കു പിന്നാലെ വന്ന മലയാളി താരം വിഷ്ണു വിനോദ് (8 പന്തില്‍ 15 റണ്‍സ്), സേവ്യര്‍ ബാര്‍ട്‌ലറ്റ് (7 പന്തില്‍ 18) എന്നിവര്‍ നടത്തിയ മിന്നും ബാറ്റിങ് 200ല്‍ എത്തിക്കുയായിരുന്നു. ഇരുവരും പുറത്താകാതെ നിന്നു. വിഷ്ണു ഓരോ സിക്‌സും ഫോറും പറത്തി. ബാര്‍ട്‌ലറ്റ് 2 ഫോറും ഒരു സിക്‌സും തൂക്കി.
ഏഴാമനായി എത്തിയ അസ്മതുല്ലയാണ് അടിയുലഞ്ഞ പഞ്ചാബ് നിരയെ താങ്ങി നിര്‍ത്തിയത്. താരം 4 സിക്‌സും 2 ഫോറും സഹിതം 17 പന്തില്‍ 38 റണ്‍സ് വാരി.
നേരത്തെ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ് അര്‍ധ സെഞ്ച്വറി നേടി മികച്ച തുടക്കം പഞ്ചാബിനു നല്‍കിയിരുന്നു. താരം 32 പന്തില്‍ 4 സിക്‌സും 6 ഫോറും സഹിതം 57 റണ്‍സെടുത്തു. സഹ ഓപ്പണര്‍ പ്രിയാംശ് ആര്യ 22 റണ്‍സെടുത്തു. കൂപ്പര്‍ കോണോലി 21 റണ്‍സും കണ്ടെത്തി.
മുംബൈ നിരയില്‍ ശാര്‍ദുല്‍ ഠാക്കൂര്‍ 4 വിക്കറ്റെടുത്തു. ദീപക് ചഹര്‍ 2 വിക്കറ്റ് വീഴ്ത്തി. കോര്‍ബിന്‍ ബോഷ്, രാജ് ബാവ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates