

മുംബൈ: ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പോരാട്ടം നടക്കാനിരിക്കെ മത്സരത്തെക്കുറിച്ച് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ കൃഷ്മാചാരി ശ്രീകാന്ത്. കൊല്‍ക്കത്ത ബൗളര്‍മാരെ രോഹിത് ശര്‍മ ഹല്‍വ തിന്നുന്ന ലാഘവത്തില്‍ നേരിടുമെന്നു ശ്രീകാന്ത് പറയുന്നു.
ദുര്‍ബലമായ ബൗളിങ് നിരയാണ് കൊല്‍ക്കത്ത നേരിടുന്ന പ്രധാന പ്രശ്‌നം. സ്റ്റാര്‍ പേസര്‍ ഹര്‍ഷിത് റാണയ്ക്ക് ഈ സീസണില്‍ ഒരു മത്സരവും പരിക്കിനെ തുടര്‍ന്നു കളിക്കാന്‍ സാധിക്കില്ല. ഇത്തവണ ടീമിലെത്തിച്ച ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരനയും പരിക്കിനെ തുടര്‍ന്നു പുറത്താണ്. താരം തുടക്കത്തിലെ കുറച്ചു മത്സരങ്ങള്‍ക്കു ശേഷമായിരിക്കും ടീമിലെത്തുക. അതിനിടെയാണ് ശ്രീകാന്തിന്റെ പ്രവചനം.
'കുറച്ചു കൊല്ലം മുന്‍പ് കെകെആര്‍ രോഹിത് ശര്‍മയ്ക്ക് ഹല്‍വ പോലെയായിരുന്നു. ഇന്നും ഹല്‍വ കഴിക്കുന്ന ലാഘവത്തിലായിരിക്കും അദ്ദേഹം അവരുടെ ബൗളിങിനെ തകര്‍ക്കാന്‍ പോകുന്നത്. കെകെആര്‍ അദ്ദേഹത്തിന്റെ ബദാം ഹല്‍വ ടീമാണ്. കെകെആറിനെതിരെ കളിക്കുന്നത് രോഹിതിനു കംഫര്‍ട്ട് സോണാണ്'- തന്റെ യുട്യൂബ് ചാനലിലൂടെയാണ് ശ്രീകാന്തിന്റെ പ്രവചനം.
'ഇത്തവണ റെക്കോര്‍ഡ് തുകയ്ക്ക് കാമറൂണ്‍ ഗ്രീനിനെ കൊല്‍ക്കത്ത സ്വന്തമാക്കിയിരുന്നു. എന്നാല്‍ താരത്തിന്റെ വരവിനെ ശ്രീകാന്ത് ചോദ്യം ചെയ്യുന്നു. കഴിഞ്ഞ സീസണില്‍ ഗ്രീനിനു ഐപിഎല്‍ കയ്‌പ്പേറിയ അനുഭവമായിരുന്നു. വേണ്ടത്ര തിളങ്ങാന്‍ സാധിച്ചിരുന്നില്ല.'
'ഇപ്പോള്‍ കേള്‍ക്കുന്നത് കമാറൂണ്‍ ഗ്രീന്‍ രണ്ടോവര്‍ മാത്രമേ പന്തെറിയു എന്നാണ്. അദ്ദേഹം അലസനാണ്. റണ്‍സ് നേടിയിട്ടു തന്നെ കാലം കുറേയായി.'
'മുംബൈ ജയിക്കാനാണ് സാധ്യത. അവര്‍ക്ക് 75-25 ലീഡുണ്ട്. എല്ലാ നിലയ്ക്കും അവര്‍ സന്തുലിത ടീമാണ്. 10ല്‍ 9.5 പോയിന്റ് നല്‍കാന്‍ സാധിക്കുന്ന സംഘം.'
'കെകെആര്‍ ലേലത്തില്‍ മികവോടെ നിലകൊണ്ടു. മുസ്തഫിസുര്‍ റഹ്മാനെ സ്വന്തമാക്കിയതും ഗംഭീരം. ഒപ്പം പതിരനയും ഉണ്ടായിരുന്നെങ്കില്‍ കൊല്‍ക്കത്ത ബാലന്‍സുള്ള സംഘമായിരുന്നു. ഹര്‍ഷിത് റാണയ്ക്ക് ഫിറ്റ്‌നസ് ഇല്ലാത്തത് അവര്‍ക്ക് വലിയ തിരിച്ചടിയാണ്. എല്ലാവരും കളിച്ചിരുന്നെങ്കില്‍ മികച്ച ബൗളിങ് സംഘം കെകെആറിനുണ്ടാകുമായിരുന്നു. ലേലത്തില്‍ മികവ് കാണിച്ചെങ്കിലും അതിനു ശേഷം കാര്യങ്ങള്‍ പൂര്‍ണമായും മാറി'- ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates