ഐപിഎല്‍, ക്രിക്കറ്റ് മാത്രമല്ല... ടീമുകളുടെ സ്‌പോണ്‍സര്‍ഷിപ്പ് വരുമാനം 1000 കോടി കടന്നു!

ഐപിഎല്‍ തുറന്നിടുന്ന വിപണി സാധ്യതകളില്‍ ആകൃഷ്ടരായി കോര്‍പറേറ്റ് കമ്പനികള്‍
IPL 2026
IPL 2026x
Updated on
2 min read

മുംബൈ: കളിയുടേയും കച്ചവടത്തിന്റേയും സമ്മിശ്രമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍. ഒരുപക്ഷേ രാജ്യത്തേയും ലോകത്തിലെ തന്നേയും ഏറ്റവും കരുത്തുറ്റ മാര്‍ക്കറ്റിങ് ആയുധവും ഐപിഎല്‍ ആയിരിക്കും. ഈ നിഗമനങ്ങളെ അടിവരയിടുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഐപിഎല്‍ ടീമുകളുടെ മൊത്തം സ്‌പോണ്‍സര്‍ഷിപ്പ് വരുമാനം 1000 കോടി രൂപ കടന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഡബ്ല്യുപിപി മീഡിയ തയ്യാറാക്കിയ 2025ലെ സ്‌പോര്‍ട്ടിങ് നേഷന്‍ റിപ്പോര്‍ട്ട് അനുസരിച്ചാണ് ടീമുകളുടെ സ്‌പോണ്‍സര്‍ഷിപ്പ് വരുമാനം 1000 കോടി രൂപ കടന്നതായി വ്യക്തമാക്കുന്നത്. ഐപിഎല്ലിനു ലഭിയ്ക്കുന്ന ആരാധക പിന്തുണയും ജനപ്രീതിയേയുമാണ് ഇത് കാണിക്കുന്നത്. ഐപിഎല്ലിന്റെ വിപണി സാധ്യത മുന്നില്‍ കണ്ട് പല കോര്‍പറേറ്റ് കമ്പനികളും ക്രിക്കറ്റിലേക്ക് ശ്രദ്ധ തിരിക്കാനുള്ള കാരണവും ഈ ജനപ്രീതി തന്നെ.

ബ്രാന്‍ഡുകളുടെ വൈവിധ്യമാണ് ഐപിഎല്ലിന്റെ വിപണി സാധ്യതകളെ കൂടുതല്‍ തുറന്നിടുന്നത്. നേരത്തെ ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പ് കമ്പനികള്‍ കൂടുതല്‍ ആധിപത്യം സ്ഥാപിച്ചെങ്കില്‍ നിലവില്‍ അതല്ല സ്ഥിതി. ഗെയിമിങ് ആപ്പുകള്‍ക്ക് മേല്‍ നിയന്ത്രണം വന്നതോടെ സാങ്കേതിക വിദ്യ, വ്യോമയാനം, ഫിന്‍ടെക്, പുനരുപയോഗ ഊര്‍ജ്ജം അടക്കമുള്ളവയുമായി ബന്ധപ്പട്ട പല കമ്പനികളും ഐപിഎല്ലില്‍ നിക്ഷേപമിറക്കിയതും നേട്ടത്തില്‍ പ്രതിഫലിക്കുന്നു. ഇന്ത്യയിലെ പല കോര്‍പറേറ്റ് കമ്പനികളും ഇപ്പോള്‍ ഐപിഎല്‍ ഇന്ത്യയുടെ വിശാലമായ ഉപഭോക്തൃ അടിത്തറയുടെ പ്രവേശന കവാടമായാണ് കണക്കാക്കുന്നത്. ഇന്ത്യക്കു പുറത്തുള്ള ആക്ടിവേഷന്‍ അവകാശങ്ങളടക്കമുള്ള നിരവധി കരാറുകളും ഐപിഎല്ലില്‍ നിലവിലുണ്ട്.

IPL 2026
മുത്തയ്യ മുരളീധരന്റെ മാന്ത്രിക സ്പിൻ നേരിട്ട് സഞ്ജു സാംസൺ; പിന്നിൽ കീപ്പർ ​ഗ്ലൗ അണിഞ്ഞ് ധോനി! പിന്നെ കണ്ടത്... (വിഡിയോ)

മുന്നില്‍ ഏതെല്ലാം ടീം

ഐപിഎല്ലില്‍ നിലവില്‍ 10 ടീമുകളാണ് കളിക്കുന്നത്. ഈ 10 ടീമുകളില്‍ തന്നെ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമുകളാണ് വരുമാനത്തില്‍ മുന്നിലുള്ളത്. ഈ മൂന്ന് ടീമുകളും ഓരോ സീസണിലും സ്‌പോണ്‍സര്‍ഷിപ്പിലൂടെ മാത്രം 150 കോടി രൂപയോളം സ്വന്തമാക്കുന്നുണ്ട്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകളാണ് പിന്നാലെയുള്ളത്.

ആഗോള തലത്തില്‍

ലോകത്തെ പല കായിക ഇനങ്ങളിലുള്ള ലീഗുകളുമായി തട്ടിക്കുമ്പോഴും ഐപിഎല്‍ മീഡിയ അവകാശവുമായി ബന്ധപ്പെട്ട വരുമാനത്തില്‍ ഒന്നാമതാണ്. ലോകത്തെ ഏറ്റവും സമ്പന്നമായ കായിക ലീഗെന്ന ഖ്യാതി കാലങ്ങളായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനുണ്ട്. എന്നാല്‍ മത്സരത്തിന്റെ മീഡിയ അവകാശവുമായി ബന്ധപ്പെട്ട വരുമാനത്തില്‍ ഐപിഎല്‍ പ്രീമിയര്‍ ലീഗിനേയും കടത്തിവെട്ടുന്നു.

ഫോര്‍മുല വണും സമാനമായി മികച്ച വരുമാനമുള്ള വ്യവസായമാണ്. പ്രീമിയര്‍ ലീഗും ഫോര്‍മുല വണും വര്‍ഷത്തിലെ ഏതാണ്ടെല്ലാ മാസത്തിലും സജീവമാണെങ്കില്‍ ഐപിഎല്‍ കേവലം രണ്ട് മാസം മാത്രമാണ് വര്‍ഷത്തില്‍ അരങ്ങേറുന്നത്. എന്നിട്ടു പോലും ലോകത്തെ വന്‍കിട ലീഗുകളെ കടത്തിവെട്ടാനുള്ള സാമ്പത്തിക അടിത്തറ കുറച്ചു കാലങ്ങള്‍ കൊണ്ടു തന്നെ ഐപിഎല്‍ നേടിയെടുത്തിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.

IPL 2026
4 കിരീടം കിട്ടില്ല! ആഴ്‌സണലിന്റെ 'സ്വപ്‌ന കപ്പലില്‍' ആദ്യ തുള വീഴ്ത്തി സിറ്റി; കരബാവോ കപ്പ് പിടിച്ചെടുത്ത് ഗ്വാര്‍ഡിയോളയും പിള്ളേരും
Summary

IPL 2026 team sponsorship revenues have crossed Rs 1000 crore

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com