

ദുബായ്: നിർണായകമായ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് കീഴടക്കി പ്ലേ ഓഫ് സാധ്യത സജീവമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. സൺറൈസേഴ്‌സ് ഉയർത്തിയ 116 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്ത രണ്ട് പന്തുകൾ ശേഷിക്കേ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. കൊൽക്കത്തയെ വിറപ്പിച്ച ശേഷമാണ് സൺറൈസേഴ്‌സ് കീഴടങ്ങിയത്.
സ്‌കോർ: സൺറൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറിൽ എട്ടിന് 115. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 19.4 ഓവറിൽ നാലിന് 119.
ഈ വിജയത്തോടെ കൊൽക്കത്ത പ്ലേ ഓഫിലേക്ക് ഒരുപടികൂടി അടുത്തു. 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്റാണ് കൊൽക്കത്തയ്ക്കുള്ളത്. ശുഭ്മാൻ ഗില്ലിന്റെ അർധ ശതകമാണ് കൊൽക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്. ചുരുങ്ങിയ സ്‌കോറിന് സൺറൈസേഴ്‌സിനെ തളച്ച കൊൽക്കത്ത ബൗളർമാരും ഈ വിജയത്തിൽ നിർണായകമായി.
116 റൺസ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. സ്‌കോർ 23-ൽ നിൽക്കേ ഓപ്പണർ വെങ്കടേഷ് അയ്യരെ പുറത്താക്കി ജേസൺ ഹോൾഡർ കൊൽക്കത്തയുടെ ആദ്യ വിക്കറ്റെടുത്തു. അനാവശ്യ ഷോട്ടിന് ശ്രമിച്ച അയ്യരെ വില്യംസൻ ക്യാച്ചെടുത്ത് പുറത്താക്കി. വെറും എട്ട് റൺസാണ് താരത്തിന്റെ സമ്പാദ്യം.
പിന്നാലെ വന്ന രാഹുൽ ത്രിപാഠിയ്ക്കും പിടിച്ചുനിൽക്കാനായില്ല. വെറും ഏഴ് റൺസെടുത്ത താരത്തെ റാഷിദ് ഖാൻ അഭിഷേക് ശർമയുടെ കൈയിലെത്തിച്ചു. രാഹുലിന് പകരം ക്രീസിലെത്തിയ നിതീഷ് റാണ റൺസ് കണ്ടെത്താൻ നന്നായി ബുദ്ധിമുട്ടി. ഇതോടെ റൺറേറ്റ് കുത്തനെ കുറഞ്ഞു. ആദ്യ പത്തോവറിൽ കൊൽക്കത്തയ്ക്ക് 44 റൺസ് മാത്രമാണ് നേടാനായത്.
പിന്നാലെ സ്‌കോറിങ്ങിന്റെ വേഗം കൂട്ടിക്കൊണ്ട് ശുഭ്മാൻ ഗിൽ കൊൽക്കത്തയെ മുന്നിൽ നിന്ന് നയിച്ചു. പിന്നാലെ താരം ഐപിഎല്ലിലെ തന്റെ എട്ടാം അർധ ശതകവും കുറിച്ചു. 44 പന്തുകളിൽ നിന്നാണ് ഗിൽ അർധശതകം നേടിയത്. നിതീഷ് റാണയും പതിയേ ഫോമിലേക്കുയർന്നതോടെ കൊൽക്കത്ത വിജയപ്രതീക്ഷ തിരിച്ചുപിടിച്ചു. റാണയും ഗില്ലും ചേർന്ന് അർധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു.
ടീം സ്‌കോർ 93ൽ നിൽക്കേ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് കൊൽക്കത്തയ്ക്ക് നഷ്ടമായി. 51 പന്തുകളിൽ നിന്ന് പത്ത് ബൗണ്ടറികളുടെ സഹായത്തോടെ 57 റൺസെടുത്ത താരത്തെ സിദ്ധാർഥ് കൗൾ ജേസൺ ഹോൾഡറുടെ കൈയിലെത്തിച്ചു.
ഗില്ലിന് പകരം ദിനേശ് കാർത്തിക് ക്രീസിലെത്തി. അവസാന മൂന്നോവറിൽ 18 റൺസായിരുന്നു കൊൽക്കത്തയുടെ വിജയ ലക്ഷ്യം. ഹോൾഡർ എറിഞ്ഞ 18-ാം ഓവറിലെ ആദ്യ പന്തിൽ കാർത്തിക് നേടിയ സിംഗിളിലൂടെ കൊൽക്കത്ത സ്‌കോർ 100 കടന്നു. ആ ഓവറിൽ കൊൽക്കത്ത ഏഴ് റൺസ് നേടിയെങ്കിലും നിതീഷ് റാണയുടെ വിക്കറ്റ് നഷ്ടമായി. 33 പന്തുകളിൽ നിന്ന് 25 റൺസെടുത്ത റാണയെ ഹോൾഡർ വിക്കറ്റ് കീപ്പർ സാഹയുടെ കൈയിലെത്തിച്ചു.
അവസാന രണ്ടോവറിൽ കൊൽക്കത്തയുടെ വിജയ ലക്ഷ്യം പത്തായി മാറി. റാണയ്ക്ക് പകരം നായകൻ മോർഗൻ ക്രീസിലെത്തി. ഭുവനേശ്വർ കുമാർ ചെയ്ത 19-ാം ഓവറിൽ ഏഴ് റൺസ് പിറന്നു. ഇതോടെ അവസാന ഓവറിൽ കൊൽക്കത്തയുടെ ലക്ഷ്യം വെറും മൂന്ന് റൺസായി ചുരുങ്ങി. സിദ്ധാർഥ് കൗൾ ചെയ്ത അവസാന ഓവറിൽ രണ്ട് പന്തുകൾ ശേഷിക്കേ മോർഗനും കാർത്തിക്കും ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു. കാർത്തിക് 18 റൺസും മോർഗൻ രണ്ട് റൺസും നേടി പുറത്താവാതെ നിന്നു. കാർത്തിക് ഈ മത്സരത്തിലെ പ്രകടനത്തോടെ ഐപിഎല്ലിൽ 4000 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ടു.
സൺറൈസേഴ്‌സിന് വേണ്ടി ജേസൺ ഹോൾഡർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ റാഷിദ് ഖാൻ സിദ്ധാർഥ് കൗൾ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ വെറും 115 റൺസ് മാത്രമാണ് നേടാനായത്. തകർപ്പൻ പ്രകടനം പുറത്തെടുത്ത കൊൽക്കത്ത ബൗളിങ് നിര സൺറൈസേഴ്‌സ് ബാറ്റ്സ്മാൻമാരെ വട്ടം കറക്കി.
26 റൺസെടുത്ത കെയ്ൻ വില്യംസനും 25 റൺസ് നേടിയ അബ്ദുൾ സമദും മാത്രമാണ് സൺറൈസേഴ്‌സ് നിരയിൽ പിടിച്ചുനിന്നത്. അഞ്ച് പേർ രണ്ടക്കം പോലും കണ്ടില്ല. കൊൽക്കത്തയ്ക്ക് വേണ്ടി ടിം സൗത്തി, ശിവം മാവി, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഷാക്കിബ് അൽ ഹസ്സൻ ഒരു വിക്കറ്റ് സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates