

മുംബൈ: പാകിസ്ഥാൻ മുൻ നായകനും ഓൾ റൗണ്ടറുമായ ഷാഹിദ് അഫ്രീദിയുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. അഫ്രീദിയുമായി ഗ്രൗണ്ടിനു പുറത്തുണ്ടായ പ്രശ്നങ്ങളെക്കുറിച്ചാണ് ഇർഫാൻ പഠാൻ വെളിപ്പെടുത്തിയത്. 2006ൽ ഇന്ത്യ- പാക് താരങ്ങൾ ഒരുമിച്ച് നടത്തിയ വിമാന യാത്രക്കിടെ അഫ്രീദി മോശമായി പെരുമാറിയെന്നും തിരിച്ചു മറുപടി പറഞ്ഞ ശേഷം പിന്നീട് മിണ്ടിയില്ലെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഇർഫാൻ പഠാൻ പറയുന്നു. കരിയറിൽ 11 തവണ അഫ്രീദിയെ പുറത്താക്കിയ താരമാണ് ഇർഫാൻ പഠാൻ.
'2006ൽ പരമ്പരയുടെ ഭാഗമായി കറാച്ചിയിൽ നിന്നു ലാഹോറിലേക്ക് രണ്ട് ടീമുകളിലേയും താരങ്ങൾ ഒരുമിച്ച് പോകുകയാണ്. അഫ്രീദി വന്ന് എന്റെ തലയിൽ കൈവച്ച് മുടിയൊക്കെ അലങ്കോലമാക്കി. എന്തൊക്കെയുണ്ട് കുട്ടി എന്നു ചോദിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രവൃത്തി. ഞാൻ തിരിച്ചൊന്നും പറഞ്ഞില്ല. എന്റെ അടുത്തായിരുന്നു അഫ്രീദിയുടേയും സീറ്റ്. പിന്നാലെ അദ്ദേഹം വളരെ മോശമായി എന്തൊക്കയോ പറഞ്ഞു.'
'ഞാനിരിക്കുന്നതിന്റെ തൊട്ടപ്പുറത്ത് പാക് താരം അബ്ദുൽ റസാഖും ഇരിക്കുന്നുണ്ട്. ഞാൻ അദ്ദേഹത്തോടെ പാകിസ്ഥാനിൽ എന്തൊക്കെ മാംസം കഴിക്കാൻ കിട്ടുമെന്നു ഞാൻ ചോദിച്ചു. സാധാരണയായി പാകിസ്ഥാനിൽ കിട്ടുന്ന മാംസങ്ങളെക്കുറിച്ച് അദ്ദേഹം നിഷ്കളങ്കമായി തന്നെ മറുപടി നൽകി. നായ മാംസം കിട്ടുമോ എന്നു ഞാൻ അടുത്തതായി അന്വേഷിച്ചു. ഇതു കേട്ടപ്പോൾ അബ്ദുൽ റസാഖ് ഞെട്ടി. എന്താണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത് എന്നു ചോദിച്ചു.
കഴിഞ്ഞ രാത്രിയിൽ അത്താഴത്തിനു നായ മാംസം കഴിച്ച് അഫ്രീദി കുരച്ചു കൊണ്ടിക്കുകയാണെന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞു. ഇതു കേട്ടതിനു ശേഷം അഫ്രീദി പിന്നീടൊരു വാക്കു പോലും എന്നോടു മിണ്ടിയില്ല. കൂടുതലായി എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ ഇപ്പോഴും കുരയ്ക്കുകയാണെന്നു പറയാമായിരുന്നു'- ഇർഫാൻ വെളിപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates