

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടത്തിന് ഇന്ത്യ ഇന്ന് ഇറങ്ങാനിരിക്കെ മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ രംഗത്ത് എത്തി. ഇന്ത്യൻ ബാറ്റിങ് നിര ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ ലുങ്കി എന്‍ഗിഡിയെ കരുതിയിരിക്കണമെന്നാണ് ഇർഫാൻ പത്താൻ പറയുന്നത്. ഇന്ത്യ–ദക്ഷിണാഫ്രിക്ക സൂപ്പർ എട്ട് മത്സരത്തിന് മുന്നോടിയായി നടന്ന ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
ലുങ്കി എൻഗിഡിയുടെ ബൗളിങിലെ ഏറ്റവും വലിയ ശക്തി സ്പീഡിലോ ആക്ഷനിലോ മാറ്റമില്ലാതെ സ്ലോവർ ബോൾ എറിയാനുള്ള കഴിവാണ്. മണിക്കൂറിൽ ഏകദേശം 140 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്ന എൻഗിഡിയുടെ സ്ലോവർ ബോളുകൾ 110 കിലോമീറ്റർ വേഗതയിലാണ് എത്തുന്നത്. ഈ 30 കിലോമീറ്ററിന്റെ വേഗ വ്യത്യാസം തന്നെയാണ് ബാറ്റർമാരെ വലക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“എൻഗിഡിയുടെ ഓരോ ഡെലിവറിയും സ്റ്റമ്പുകളോട് ചേർന്ന് ആകും കടന്ന് പോകുക. താരത്തിന്റെ ബൗളിങ് ആക്ഷൻ അവസാന ഘട്ടത്തിലെത്തുമ്പോഴേക്കും പന്ത് വേഗതയേറിയതായിരിക്കും എന്ന് ബാറ്റർ മനസിൽ തീരുമാനിച്ചിരിക്കും. ആം സ്പീഡിലോ ആക്ഷനിലോ ഒരു മാറ്റവുമില്ലാതെ പെട്ടെന്ന് സ്ലോവർ ബോൾ വരുമ്പോൾ ബാറ്റർമാർ അഡ്വാൻസ്ഡ് ആയി ബാറ്റ് വീശിയിരിക്കും. ആ ബൗൾ എഡ്ജ് ആയി ക്യാച്ച് ആയി മാറുകയോ ബൗൾഡ് ആകുകയോ ചെയ്യും” പത്താൻ പറഞ്ഞു.
ഇത്തരത്തിലുള്ള സ്‌ലോ ബോളുകളിലൂടെ വിക്കറ്റുകൾ നേടാനുള്ള എൻഗിഡിയുടെ കഴിവ് ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് വലിയ തലവേദനയാകുമെന്ന് പത്താൻ മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് മിഡിൽ ഓവറുകളിൽ എൻഗിഡി ബൗൾ ചെയ്യുമ്പോൾ ബാറ്റർമാർ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates