ഫറ്റോര്‍ഡ: മൂന്നാം വട്ടവും കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിന്റെ ഫൈനലില്‍ വീണു. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ ഹൈദരാബാദ് എഫ്‌സി 3-1നാണ് കൊമ്പന്‍മാരെ വീഴ്ത്തിയത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മൂന്ന് കിക്കുകൾ രക്ഷപ്പെടുത്തിയ ലക്ഷ്മികാന്ത് കട്ടിമണിയാണ് ഹൈദരാബാദിന്റെ വിജയശിൽപി.
യോർഗെ ഡയസിനെയും അൽവാരോ വാസ്‌ക്വസിനെയും ഷൂട്ടൗട്ടിന് മുമ്പ് പിൻവലിച്ചത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി.
ലെസ്‌കോവിച്ച്, നിഷു കുമാർ, ജീക്ക്‌സൺ സിങ് എന്നിവരുടെ കിക്കുകൾ കട്ടിമണി രക്ഷപ്പെടുത്തിയപ്പോൾ ആയുഷ് അധികാരി മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യം കണ്ടത്. ഹൈദരാബാദിനായി ഹാളിചരൺ നർസാരി, ഖാസ കമാറ, ജാവോ വിക്ടർ എന്നിവർ ലക്ഷ്യം കണ്ടു. സിവെറിയോയുടെ ഷോട്ട് പുറത്തേക്ക് പോയി.
2014, 2016 വർഷങ്ങളിലും ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്സ് ഇത്തവണ കിരീടം സ്വന്തമാക്കുമെന്ന് ആരാധകർ ഏറെ പ്രതീക്ഷിച്ചിരുന്നു. മികച്ച വിജയങ്ങളുമായി ടൂർണമെന്റിലുടനീളം ബ്ലാസ്റ്റേഴ്സ് കളം നിറഞ്ഞു. ഫൈനലിലും മികച്ച മുന്നേറ്റമാണ് ടീം നടത്തിയത്. എന്നാൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കട്ടിമണി ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നങ്ങൾ തല്ലിക്കൊഴിച്ച് ബാറിന് കീഴിൽ മഹാമേരുവായി നിന്നു.
രാഹുലിന്റെ ഗോളിൽ മുന്നിൽ, ടവോരയുടെ മറുപടി
മലയാളി താരം കെപി രാഹുലിന്റെ ഗോളില്‍ മുന്നില്‍ നിന്ന ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ച് ഹൈദരാബാദ് എഫ്‌സി കളിയുടെ അവസാന നിമിഷത്തില്‍ ഗോള്‍ മടക്കിയതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്. അവിടെയും ഇരു ടീമുകളും ഗോള്‍ നേടിയില്ല. ഇതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തീരുമാനമായത്.
88ാം മിനിറ്റില്‍ ടവോരയാണ് ഹൈദാരാബാദിനെ ഒപ്പമെത്തിച്ചത്. നേരത്തെ മലയാളി താരം കെപി രാഹുലിന്റെ ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയിരുന്നു. രാഹുലിന്റെ ഷോട്ട് തടുക്കുന്നതില്‍ ഹൈദരാബാദ് ഗോള്‍ കീപ്പര്‍ കട്ടിമണിക്ക് പിഴച്ചതാണ് ഗോളിലേക്ക് വഴി തുറന്നത്. 68ാം മിനിറ്റിലാണ് കേരളം കാത്തിരുന്ന ഗോളിന്റെ പിറവി.
ബാറിന് കീഴില്‍ കേരളത്തിന്റെ വിശ്വസ്തന്‍ പ്രഭ്‌സുഖന്‍ ഗില്‍ നിറഞ്ഞു നിന്നു. ഹൈദരാബാദിന്റെ മികച്ച ഷോട്ടുകള്‍ പലതും താരം അവിശ്വസനീയമാം വിധം രക്ഷപ്പെടുത്തി. ഹൈദരാബാദിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഒഗ്‌ബെച്ചയെ പൂട്ടുന്നതിലും വുകോമനോവിചിന്റെ തന്ത്രങ്ങള്‍ ഫലം കണ്ടു.
ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദ് എഫ്‌സിയും തമ്മിലുള്ള പോരാട്ടത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളടിക്കാതെ പിരിഞ്ഞു. തുടക്കം മുതല്‍ ആക്രമണ മൂഡിലായിരുന്നു ബ്ലാസ്റ്റേഴ്‌സ്. മികച്ച അവസരങ്ങള്‍ ഒരുക്കാനും കൊമ്പന്‍മാര്‍ക്കായി. 39ാം മിനിറ്റില്‍ ആല്‍വരോ വാസ്‌ക്വസിന്റെ ഗോള്‍ ശ്രമം പോസ്റ്റില്‍ തട്ടിത്തെറിച്ചത് നിരാശയായി.
മത്സരത്തിലുടനീളം പന്ത് കൈവശം വച്ച് കളിക്കുന്നതിലും മികച്ച പാസുകള്‍ നല്‍കുന്നതില്‍ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു.
ആദ്യ പകുതിയില്‍ ഗോളിലേക്ക് ആറോളം ശ്രമങ്ങളും ടീം നടത്തി. അതിനിടെയിലാണ് ഒരു ശ്രമം പോസ്റ്റില്‍ തട്ടിത്തെറിച്ചത്.
38ാം മിനിറ്റില്‍ ഹൈദരാബാദ് ടീമില്‍ ആദ്യ മാറ്റം. ജോയല്‍ കിയാനിസിനു പകരം ഹവിയര്‍ സിവേറിയോ കളത്തിലെത്തി.
39ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു മുന്നില്‍ വില്ലനായി ക്രോസ് ബാര്‍ നിന്നു. അല്‍വാരോ വാസ്‌ക്വസിന്റെ ബുള്ളറ്റ് ഷോട്ട് ഗോള്‍കീപ്പറെ മറികടന്നെങ്കിലും പന്ത് ക്രോസ് ബാറില്‍ത്തട്ടി തെറിക്കുകയായിരുന്നു.
ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ഹൈദരാബാദും മികച്ച ഗോളവസരത്തിനടുത്തെത്തി. ഫ്രീകിക്കില്‍ നിന്നുള്ള പന്തില്‍ സിവേറിയോയുടെ മിന്നും ഹെഡ്ഡര്‍ അതിലും മികച്ച സേവിലൂടെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ രക്ഷപ്പെടുത്തി.
മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. പരിക്കാണ് താരത്തിന് വിനയായത്. ഐഎസ്എല്‍ രണ്ടാം പാദ സെമിക്കു മുന്‍പാണ് സഹലിന് പരിക്കേറ്റത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates