ആശാൻ ​ഡ​ഗൗട്ടിൽ തിരിച്ചെത്തി; ബ്ലാസ്റ്റേഴ്സ് മൂന്നാം ജയവുമായി രണ്ടാം സ്ഥാനത്ത്

15ാം മിനിറ്റിൽ തന്നെ ഒഡ‍ിഷ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് മുന്നിലെത്തി. വിങർ ​ഗൊഡ്ഡാർഡിന്റെ ത്രൂ ബോൾ സ്വീകരിച്ച് മൗറീഷ്യോ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ നിസഹായരാക്കി വല ചലിപ്പിച്ചു
വുകോമനോവിച്/ ട്വിറ്റർ
വുകോമനോവിച്/ ട്വിറ്റർ
Updated on
1 min read

കൊച്ചി: പത്ത് മത്സരങ്ങളുടെ വിലക്കിനു ശേഷം പരിശീലകൻ ഇവാൻ വുകോമനോവിച് ഡ​ഗൗട്ടിൽ തിരിച്ചെത്തിയ പോരിൽ കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചു കയറി. ഒഡിഷ എഫ്സിക്കെതിരെ ഒരു ​ഗോളിനു പിന്നിൽ നിന്ന ശേഷം രണ്ട് ​ഗോൾ മടക്കിയാണ് കൊമ്പൻമാർ സീസണിലെ മൂന്നാം ജയം പിടിച്ചത്. ഒപ്പം പോയിന്റ് പട്ടികയിൽ ടീം രണ്ടാം സ്ഥാനത്തേക്കും കയരി. 

ദിമിത്രി ഡയമന്റക്കോസ്, അഡ്രിയാൻ ലൂണ എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി വല ചലിപ്പിച്ചത്. ഒഡിഷയ്ക്കായി ഡീ​ഗോ മൗറീഷ്യോ ലക്ഷ്യം കണ്ടു. 

15ാം മിനിറ്റിൽ തന്നെ ഒഡ‍ിഷ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് മുന്നിലെത്തി. വിങർ ​ഗൊഡ്ഡാർഡിന്റെ ത്രൂ ബോൾ സ്വീകരിച്ച് മൗറീഷ്യോ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ നിസഹായരാക്കി വല ചലിപ്പിച്ചു. പിന്നാലെ ആക്രമണം മൂർധന്യത്തിലാക്കി ഒഡിഷ് ആദ്യ പകുതി വാണു. പലപ്പോഴും ​ഗോൾ കീപ്പർ സച്ചിൻ സുരേഷാണ് ബ്ലാസ്റ്റേഴ്സിനെ കാത്തത്. പെനാൽറ്റി അടക്കം തട്ടിയകറ്റി താരം ഹീറോയായി. ബ്ലാസ്റ്റേഴ്സും ആദ്യ പകുതിയിൽ ആക്രമണം നടത്തി. 

രണ്ടാം പകുതിയിൽ തിരിച്ചടി മുന്നിൽ കണ്ട് ബ്ലാസ്റ്റേഴ്സ് തുടക്കം മുതൽ ആക്രമണം കടുപ്പിച്ചു. തുടരെയുള്ള ആക്രമണങ്ങളിൽ ഒഡിഷ പ്രതിരോധം ആടിയുലഞ്ഞു. ഒടുവിൽ അതിന്റെ ഫലം 66ാം മിനിറ്റിൽ വന്നു. സൈഡുകെ സകായിയുടെ പാസിൽ നിന്നു ഡയമന്റക്കോസ് വല കുലുക്കി. 

സമനില പിടിച്ചതോടെ വിജയ ​ഗോളിനായി ഇരു ടീമുകളും ശ്രമം തുടർന്നു. ഒടുവിൽ 84ാം മിനിറ്റിൽ കാത്തിരുന്ന നിമിഷം. ബ്ലാസ്റ്റേഴ്സിന്റെ വിജയ ​ഗോൾ സൂപ്പർ താരവും നായകനുമായി അഡ‍്രിയാൻ ലൂണ വക. ലോങ് ബോൾ ക്ലിയർ ചെയ്യുന്നതിൽ ഒഡിഷ പ്രതിരോധം കാണിച്ച പിഴവ് ഒട്ടും പാഴാക്കാതെ ലൂണ മുതലാക്കി. പന്ത് കാലിൽ കൊരുത്ത് താരം തൊടുത്ത ചിപ്പ് ഷോട്ട് വളഞ്ഞ് വലയിൽ. കൊച്ചിൽ മഞ്ഞപ്പടയുടെ ആരവം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com