

കൊച്ചി: ഇനി ഫുട്ബോൾ ആവേശത്തിന്റെ നാളുകൾ. ഐഎസ്എൽ പത്താം സീസണിന് ഇന്ന് കിക്കോഫ്. രാത്രി എട്ട് മണിക്ക് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സിയെ നേരിടും.
കഴിഞ്ഞ സീസണിലെ ബംഗളൂരു എഫ്സിയുടെ കടം കൊമ്പന്മാർ വീട്ടുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. ഒൻപതാം സീസണിൽ ഇരു ടീമുകളും തമ്മിലുള്ള പ്ലേ ഓഫ് മത്സരം വൻ വിവാദമായിരുന്നു. ബംഗളൂരുവുമായുള്ള മത്സരത്തിനിടെ കളിക്കാരെയും വിളിച്ച് കളംവിട്ടതിന് കോച്ച് ഇവാൻ വുകോമനോവിച്ച് വിലക്കിലാണ്. നാല് കളി കഴിഞ്ഞുമാത്രമേ തിരിച്ചെത്തുകയുള്ളൂ. സഹപരിശീലകൻ ഫ്രാങ്ക് ദായുവെനാണ് താൽക്കാലിക ചുമതല.
ടീമിൽ വലിയ മാറ്റങ്ങളുമായാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്. ടീമിലെ 29 അംഗങ്ങളിൽ 11 പേർ പുതുമുഖങ്ങളാണ്. കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്സിന്റെ ഊർജമായിരുന്ന അഡ്രിയാൻ ലൂണയാണ് ക്യാപ്‌റ്റൻ. മുന്നേറ്റക്കാരൻ ഗ്രീസിന്റെ ഡയമന്റാകോസാണ് മറ്റൊരു സുപ്രധാനതാരം. ഇവർ ഉൾപ്പടെ ആറ് വിദേശ താരങ്ങളാണ് ടീമിലുള്ളത്. രാഹുൽ, സച്ചിൻ സുരേഷ്, നിഹാൽ നിധീഷ്, വിബിൻ മോഹനൻ, മുഹമ്മദ് അസ്‌ഹർ, മുഹമ്മദ് അയ്‌മൻ എന്നിവരാണ് ടീമിലെ മലയാളികൾ.
ഈ സീസണിലെ മത്സരങ്ങളിലെ സമയക്രമത്തിൽ മാറ്റമുണ്ട്. രാത്രി എട്ടിന് മത്സരങ്ങള്‍ ആരംഭിക്കും. രണ്ട് മത്സരമുള്ള ദിവസങ്ങളില്‍ ആദ്യ മത്സരം വൈകിട്ട് 5.30ന് തുടങ്ങും. ഇത്തവണ 12 ടീമുകളാണ് ലീഗില്‍ ഉള്ളത്. ഐ ലീഗ് ചാമ്പ്യന്‍മാരായ പഞ്ചാബ് എഫ്സി ആണ് ഐ എസ് എല്ലില്‍ പുതുമുഖ ടീം. ഡ്യൂറന്റ് കപ്പ് നേടിയാണ് ഇത്തവണ ടീമിന്റെ വരവ്. നിലവിലെ ഐഎസ്എല്‍ ചാമ്പ്യന്‍മാര്‍ മോഹന്‍ ബഗാന്‍ ആണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates