

റിയോ: ബ്രസീലിന്റെ എക്കാലത്തേയും വലിയ ഗോൾവേട്ടക്കാരൻ എന്ന തന്റെ റെക്കോർഡ് നെയ്മർ മറികടന്ന് കാണാൻ ആഗ്രഹിക്കുന്നതായി ഫുട്ബോൾ ഇതിഹാസം പെലെ. 77 ഗോളുകളാണ് ബ്രസീലിനായി പെലെ വലയിലാക്കിയത്. 68 ഗോളുകളാണ് ഇതുവരെ നെയ്മർ ബ്രസീലിനായി നേടിയത്.
പിച്ചിൽ നെയ്മർ എല്ലാം നൽകി കളിക്കുന്നത് കാണുമ്പോൾ മറുപടിയായി ചിരി നൽകാതിരിക്കുക അസാധ്യമാണെന്ന് പെലെ പറഞ്ഞു. ഏത് സമയം ഞാൻ കാണുമ്പോഴും അവൻ ചിരിക്കുകയായിരിക്കും. മറ്റ് ബ്രസീലിയക്കാരെ പോലെ എനിക്കും നെയ്മർ കളിക്കുന്നത് കാണുമ്പോഴെല്ലാം സന്തോഷമാണ്. ഇന്ന് ബ്രസീലിനായുള്ള എന്റെ ഗോൾ റെക്കോർഡിനോട് അടുത്ത് ഒരു ചുവടുകൂടി നെയ്മർ മുൻപോട്ട് വെച്ചു. അവിടേക്ക് നെയ്മർ എത്താനായി ഞാൻ കാത്തിരിക്കുന്നു, അവൻ ആദ്യം കളിക്കുന്നത് കണ്ടപ്പോഴുള്ള അതേ സന്തോഷത്തോടെ ഇന്നും...പെലെ പറഞ്ഞു.
പെലെയുടെ റെക്കോർഡിന് അടുത്തെത്തിയത് ഹൃദയം തൊടുന്നതാണെന്ന് പെറുവിനെതിരായ കളിക്ക് ശേഷം നെയ്മർ പറഞ്ഞു. ബ്രസീലിന് വേണ്ടി കളിക്കുക എന്നതായിരുന്നു എന്റെ സ്വപ്നം, ഈ ജേഴ്സി ധരിക്കുന്നത്. ഈ സംഖ്യകളിലേക്ക് എത്തുന്നത് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് വർഷം ഞാൻ ഏറെ പ്രയാസപ്പെട്ടിരുന്നു. ബ്രസീലിന് വേണ്ടി കളിക്കുന്നതിലും വലിയ സന്തോഷമല്ല ഈ കണക്കുകൾ. കാരണം ഈ കണക്കുകൾക്ക് അർഥമില്ല. ബ്രസീലിനെ പ്രതിനിധീകരിക്കുക എന്നതാണ് വലിയ ആനന്ദം എന്നും നെയ്മർ പറഞ്ഞു.
പെലെയുടെ റെക്കോർഡ് തകർക്കാൻ 10 ഗോളുകളാണ് 29കാരനായ നെയ്മർക്ക് ഇനി വേണ്ടത്. ഇതിനായി നെയ്മർക്ക് മുൻപിൽ ഇനിയും ഒരുപാട് സമയമുണ്ടെന്ന് വ്യക്തം. 92 മത്സരങ്ങളിൽ നിന്നാണ് പെലെ ബ്രസീലിനായി 77 ഗോളുകൾ നേടിയത്. എന്നാൽ നെയ്മർ ഇതിനോടകം 107 മത്സരങ്ങൾ കളിച്ചു. പെറുവിനെതിരായ കോപ്പ അമേരിക്കയിലെ മത്സരത്തിൽ കളം നിറഞ്ഞായിരുന്നു നെയ്മറുടെ കളി. ഏറെ നാളായി പ്രതിസന്ധിയിലൂടെയാണ് തന്റെ ജനത കടന്ന് പോകുന്നത് എന്നും അവർക്ക് അഭിമാനക്കാനുള്ള കാരണങ്ങൾ സൃഷ്ടിക്കുകയാണെന്നും നെയ്മർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates