

ചെന്നൈ: ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യതകൾ സജീവമായി നിൽക്കെ ചെന്നൈ സൂപ്പർ കിങ്സിന് വൻ അടി. സീസണിൽ ചെന്നൈ ബൗളർമാരിൽ സ്ഥിരത പുലർത്തിയ അത്യാവശ്യ ഘട്ടങ്ങളിൽ ബാറ്റിങിലൂടെ ടീമിനു തുണയായ ഇംഗ്ലീഷ് ഓൾ റൗണ്ടർ ജാമി ഓവർടൻ പരിക്കേറ്റ് പുറത്ത്. തുടയെല്ലിനു പരിക്കേറ്റ താരത്തിനു സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. താരം ഇംഗ്ലണ്ടിലേക്ക് മടങ്ങുകയാണെന്നു ടീം സ്ഥിരീകരിച്ചു.
മികച്ച പേസർമാരില്ലാതെ പരുങ്ങിയ സിഎസ്കെയ്ക്ക് ജാമി ഓവർടന്റെ പേസ് ബൗളിങ് വലിയ തുണയായി മാറിയിരുന്നു. ബാറ്റിങിലും ഒപ്പം ഫീൽഡിങിലും താരം തിളങ്ങി. സീസണിൽ 10 മത്സരങ്ങൾ കളിച്ച താരം 14 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 136 റൺസും നേടി. ഓവർടൻ പുറത്തായതോടെ അവസാന 3 മത്സരങ്ങളിൽ ചെന്നൈ ബൗളിങ് വലിയ പ്രതിസന്ധിയിലായി.
2025ലെ മെഗാ ലേലത്തിൽ ഒന്നരക്കോടിക്കാണ് ഓവർടനെ ചെന്നൈ സ്വന്തമാക്കിയത്. ഇതേ തുകയ്ക്ക് ഈ സീസണിൽ താരത്തെ നിലനിർത്തുകയും ചെയ്തു. സീസണിൽ ടീമിന്റെ വിശ്വസ്തനായി തുടരുന്നതിനിടെയാണ് പരിക്ക് വില്ലനായത്.
ഈ സീസണിൽ പരിക്ക് സിഎസ്കെയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. മുൻ നായകൻ എംഎസ് ധോനി പരിക്കിനെ തുടർന്നു സീസണിൽ ഒരു മത്സരം പോലും കളിച്ചിട്ടില്ല. മികവിൽ നിൽക്കെയാണ് കൗമാര ഓപ്പണർ ആയുഷ് മാത്രെ പരിക്കേറ്റ് മടങ്ങിയത്. പേസർമാരായ ഖലീൽ അഹമ്മദ്, രാമകൃഷ്ണ ഘോഷ് എന്നിവരും സീസൺ തുടങ്ങിയ ശേഷം പരിക്കേറ്റു മടങ്ങിയവരുടെ പട്ടികയിലുണ്ട്. ഓസ്ട്രേലിയൻ പേസർമാരായ നതാൻ എല്ലിസ്, സ്പെൻസർ ജോൺസൻ എന്നിവരും പരിക്കേറ്റ് പുറത്തായിരുന്നു. ഈ നീണ്ട പട്ടികയിലേക്കാണ് ഇപ്പോൾ ഓവർടനും എത്തിയത്.
പരിക്കേറ്റ രാമകൃഷ്ണ ഘോഷിനു പകരം ചെന്നൈ കർണാടക ഓൾ റൗണ്ടർ മക്നെയ്ൽ ഹാഡ്ലി നെറോനയെ ടീമിലെത്തിച്ചു. 11 മത്സരങ്ങളിൽ നിന്നു ആറ് ജയങ്ങളുമായി സിഎസ്കെ പോയിന്റ് പട്ടികയിൽ അഞ്ചാമതുണ്ട്. 12 പോയിന്റുള്ള അവർക്ക് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിച്ചാൽ അനായാസം പ്ലേ ഓഫിലെത്താനുള്ള അവസരമുണ്ട്. നെറ്റ്റൺറേറ്റും അനുകൂലമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates